Home അന്തർദ്ദേശീയം നൂറു കണക്കിന് പക്ഷികള്‍ ഒരേ സമയം ചത്തു വീഴുന്നു, ഭയപ്പെടുത്തുന്ന കാഴ്ച; കാരണമറിയാതെ ശാസ്ത്രജജ്ഞര്‍

നൂറു കണക്കിന് പക്ഷികള്‍ ഒരേ സമയം ചത്തു വീഴുന്നു, ഭയപ്പെടുത്തുന്ന കാഴ്ച; കാരണമറിയാതെ ശാസ്ത്രജജ്ഞര്‍

കാരണമറിയാതെ പക്ഷികള്‍ ചത്തുവീഴുന്നതിലുള്ള ഭീതിയിലാണ് ന്യൂ മെക്‌സിക്കോ നിവാസികള്‍. നൂറുകണക്കിന് പക്ഷികളാണ് ഇവിടെ ഒരേസമയം ചത്തുവീഴുന്നത്. ഈ ഭീതിതമായ സംഭവത്തെ തുടര്‍ന്ന് ന്യൂ മെക്‌സിക്കോയിലെ ബയോളജിസ്റ്റുകള്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ന്യൂ മെക്‌സിക്കോയിലെ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ മാര്‍ത്ത ഡെസ്‌മോണ്ട് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത് ‘ഇങ്ങനെയൊരു കൂട്ടമരണത്തിന്റെ കാരണമെന്താണെന്നത് നിഗൂഢമായി തുടരുകയാണെന്നാണ്.

കാട്ടുതീയില്‍ നിന്നുണ്ടായ കടുത്ത പുകയോ, തണുത്ത കാലാവസ്ഥയോ ചിലപ്പോള്‍ ഈ പക്ഷികളുടെ മരണങ്ങള്‍ക്ക് കാരണമായിട്ടുണ്ടാകാം’ എന്ന് ഗവേഷകര്‍ പറഞ്ഞു. ലക്ഷക്കണക്കിന് പക്ഷികളാണ് ഇങ്ങനെ ചത്തുവീഴുന്നതെന്നും മാര്‍ത്ത ഡെസ്‌മോണ്ട് പറയുന്നു.

സമീപവര്‍ഷങ്ങളില്‍ നോര്‍ത്ത് അമേരിക്കയില്‍ പക്ഷികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞുവരികയാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്. ഇങ്ങനെ ചത്തു വീഴുന്ന പക്ഷികളെ കണ്ടാല്‍ അറിയിക്കണമെന്ന് പ്രദേശത്ത് താമസിക്കുന്നവരോട് സ്റ്റേറ്റ് ബയോളജിസ്റ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മരണകാരണമടക്കം കണ്ടെത്തുന്നതിനുള്ള തുടര്‍പഠനങ്ങള്‍ക്ക് വേണ്ടിയാണിത്.

പല ദേശാടനപ്പക്ഷികളും ചത്തുവീഴുന്നതിന് മുമ്പ് അസാധാരണമായി പെരുമാറിയിരുന്നുവെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്. വളരെ അപകടകരമായ സംഭവമാണിതെന്നും തന്റെ ജീവിതത്തില്‍ ഇത്രയും ഭയാനകമായൊരു കാഴ്ച നേരത്തെ കണ്ടിട്ടില്ലെന്നും മാര്‍ത്ത ഡെസ്‌മോണ്ട് പറയുന്നു. യൂണിവേഴ്‌സിറ്റിയില്‍ ഡിപാര്‍ട്‌മെന്റ് ഓഫ് ഫിഷ്, വൈല്‍ഡ്‌ലൈഫ്, ആന്‍ഡ് കണ്‍സര്‍വേഷന്‍ എക്കോളജിയില്‍ ജോലി ചെയ്യുകയാണ്. പ്രൊഫ. ഡെസ്‌മോണ്ട്.

സമീപ സ്റ്റേറ്റുകളായ കൊളറാഡോ, അരിസോണ, ടെക്‌സാസ് എന്നിവിടങ്ങളിലും സമാനമായ രീതിയില്‍ പക്ഷികള്‍ ചത്തുവീഴുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കാട്ടു തീയില്‍ നിന്നുണ്ടായ ശക്തമായ പുക ഈ പക്ഷികളുടെ ശ്വാസകോശത്തെ ബാധിച്ചിട്ടുണ്ടാവാം. അതുപോലെ കനത്ത പുകയെ തുടര്‍ന്ന് ദേശാടന പക്ഷികള്‍ക്ക് അവയുടെ സഞ്ചാരപാത മാറ്റേണ്ടി വന്നിരിക്കാം എന്നുള്ള നിഗമനത്തിലെല്ലാം ഗവേഷകര്‍ എത്തിച്ചേരുന്നെങ്കിലും ഒന്നും വ്യക്തമല്ല.

അടുത്തിടെ കൊളറാഡോയിലുണ്ടായ കനത്ത മഞ്ഞും മരണകാരണമായേക്കാം. എങ്കിലും പക്ഷികളുടെ ജഡം വിശദമായി പരിശോധിച്ചാല്‍ മാത്രമേ കൂടുതല്‍ എന്തെങ്കിലും വിവരങ്ങള്‍ നല്‍കാന്‍ കഴിയൂ എന്നും പ്രൊഫ. ഡെസ്‌മോണ്ട് പറഞ്ഞു.

അതേസമയം, സാന്റാ ഫേ നാഷണല്‍ ഫോറസ്റ്റിലെ യു എസ് ഫോറസ്റ്റ് സര്‍വീസ്, ജനങ്ങളോട് പക്ഷികളെ കുറിച്ചുള്ള കൂടുതല്‍ വിവരം അറിയുന്നതിനുള്ള സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സോങ്‌ബേര്‍ഡുകളുടെ മരണത്തില്‍ ന്യൂ മെക്‌സിക്കോയിലെ ബയോളജിസ്റ്റുകള്‍ക്ക് വളരെയധികം ഉത്കണ്ഠയുണ്ട് എന്ന് വെള്ളിയാഴ്ചത്തെ ഒരു ട്വീറ്റില്‍ ഏജന്‍സി എഴുതി. ഒപ്പം കാണുന്ന പക്ഷികളുടെ വിവരങ്ങള്‍ അറിയിക്കണമെന്നും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.