Home ആരോഗ്യം കുട്ടികളിലെ കോവിഡ് അതീവ ഗുരുതരം; വാക്‌സിന്‍ പരീക്ഷണം ഉടന്‍ തുടങ്ങണം, പഠനം

കുട്ടികളിലെ കോവിഡ് അതീവ ഗുരുതരം; വാക്‌സിന്‍ പരീക്ഷണം ഉടന്‍ തുടങ്ങണം, പഠനം

കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ പരീക്ഷണങ്ങള്‍ ഉടന്‍ തുടങ്ങണമെന്ന നിര്‍ദേശവുമായി പുതിയ പഠനം പുറത്ത്. മുതിര്‍ന്നവര്‍ക്കുള്ള വാക്സിന്‍ പരീക്ഷണങ്ങള്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. അതേസമയം, കുട്ടികളുടെ മരുന്നിനായുള്ള പരിശ്രമങ്ങള്‍ എവിടെയും എത്തിയിട്ടില്ല.

എന്നാല്‍ കുട്ടികളില്‍ കൊറോണ വൈറസിന്റെ ആഘാതം ഇതുവരെ നിരീക്ഷിച്ചതിനേക്കാള്‍ കൂടിവരികയാണെന്നും ഉടനടി വാക്സിന്‍ പരീക്ഷണങ്ങള്‍ തുടങ്ങണമെന്നും ഓക്സ്ഫര്‍ഡ് പഠനത്തില്‍ പറയുന്നു. നിലവില്‍ വാക്സിന്‍ ലഭ്യമായിട്ടുള്ള പല പകര്‍ച്ചവ്യാധികളെ അപേക്ഷിച്ച് കുട്ടികള്‍ക്ക് നേരിട്ട് ആഘാതമുണ്ടാക്കുന്നവയാണ് കൊറോണ വൈറസെന്നും പഠനം ചൂണ്ടിക്കാട്ടി.

കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്റെ രണ്ടാം ഘട്ടം വൈകുന്ന നിലയ്ക്ക് കോവിഡ് മുക്തിക്കും കാലതാമസം നേരിടുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ഇത് കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, മാനസിക സുസ്ഥിതി എന്നിവയെയും ദോഷകരമായി ബാധിക്കുമെന്നാണ് കണ്ടെത്തല്‍.

കുട്ടികള്‍ വഴിയുള്ള കോവിഡ് വ്യാപനം വേണ്ടത്ര പ്രാധാന്യത്തോടെ പരിശോധിക്കുന്നില്ലെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്കായുള്ള വാക്സിന്റെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കണമെന്ന് അടിവരയിട്ട പഠനം രണ്ടാം ഘട്ട ക്ലിനിക്കല്‍ പരിശോധനകള്‍ ഇപ്പോള്‍ തന്നെ തുടങ്ങണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് കുട്ടികളുടെയും മുതിര്‍ന്നവരുടെയും സുരക്ഷയ്ക്ക് നിര്‍ണായകമാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.