Home ആരോഗ്യം കോവിഡ് ബാധിച്ചവരുടെ പ്രതിരോധശേഷി അഞ്ച് മാസം വരെ നീണ്ടു നില്‍ക്കും; പുതിയ പഠനം

കോവിഡ് ബാധിച്ചവരുടെ പ്രതിരോധശേഷി അഞ്ച് മാസം വരെ നീണ്ടു നില്‍ക്കും; പുതിയ പഠനം

കോവിഡ് ബാധിച്ചവരുടെ ശരീരം കോവിഡിനെതിരെ ആര്‍ജിച്ച പ്രതിരോധ ശേഷി 5 മാസം വരെ നീണ്ടു നില്‍ക്കാമെന്ന് തെളിയിക്കുന്ന പഠന ഫലം പുറത്ത്. കോവിഡ് ബാധിതരായ 6000 ആളുകളില്‍ നിന്ന് ശേഖരിച്ച ആന്റിബോഡികളില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.

അരിസോണ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍. കോവിഡ് ബാധിച്ചതിന് ശേഷമുള്ള 5-7 മാസങ്ങളില്‍ കോവിഡിനെ പ്രതിരോധിക്കുന്ന ആന്റിബോഡികള്‍ മനുഷ്യ ശരീരത്തില്‍ കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. ശരീരത്തിലെ കോശങ്ങളെ വൈറസ് ബാധിക്കുമ്പോള്‍ ശരീരത്തിലെ പ്രതിരോധ സംവിധാനം ചെറു ജീവ കാലയളവിലുള്ള പ്ലാസ്മ സെല്ലുകളെ വിന്യസിക്കും.

ദീര്‍ഘനാള്‍ ജീവനോടെ ഇരിക്കുന്ന പ്ലാസ്മ സെല്ലുകളുടെ ഉത്പാദനമാണ് പ്രതിരോധ സംവിധാനത്തിന്റെ രണ്ടാമത്തെ പ്രതികരണ ശേഷി. ഉയര്‍ന്ന ഗുണനിലവാരമുള്ള ആന്റിബോഡി ഉത്പാദിപ്പിക്കുന്നത് ഇവയാണ്. ഈ ആന്റി ബോഡികള്‍ കുറേ കാലത്തേക്ക് ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്നു.

ഇന്ത്യന്‍ വംശജനായ അസോഷ്യേറ്റ് പ്രഫസര്‍ ദീപ്ത ഭട്ടാചാര്യയാണ് ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത്. അരിസോണ സര്‍വകലാശാലയിലെ പ്രഫസര്‍ ജാന്‍കോ നികോലിചുമായി ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. ആദ്യഘട്ടത്തില്‍ നടത്തിയ പഠനങ്ങള്‍ ചെറുകാലയളവില്‍ ജീവിക്കുന്ന പ്ലാസ്മ സെല്ലുകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കാം എന്നും, ഇതായിരിക്കാം പ്രതിരോധ ശേഷി ദീര്‍ഘനാള്‍ ഉണ്ടാവില്ലെന്ന നിഗമനത്തില്‍ എത്തിച്ചതെന്ന് കരുതുന്നതായും ഗവേഷകര്‍ പറയുന്നു.