Home ആരോഗ്യം കോവിഡ് 19 പടരാതിരിക്കാന്‍ ആന്റി വൈറല്‍ മാസ്‌ക്; പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

കോവിഡ് 19 പടരാതിരിക്കാന്‍ ആന്റി വൈറല്‍ മാസ്‌ക്; പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

കൊറോണ വൈറസിനെതിരെയുള്ള പോരാട്ടമാണ് ഇന്ന് ലോകത്ത് ഏറ്റവുമധികം നടക്കുന്നത്. നിരരവധി ശാസ്ത്രജ്ഞര്‍ വൈറസിനെ പിടിച്ച് കെട്ടാനുള്ള ആത്മാര്‍ത്ഥ ശ്രമത്തിലാണ്. ഇതിനിടെ കൊറോണ വൈറസിനെ നിര്‍ജീവമാക്കുന്ന ആന്റി വൈറല്‍ ലെയര്‍ മുഖാവരണം കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍.

മാസ്‌കിനായി ഉപയോഗിക്കുന്ന മെറ്റീരിയലില്‍ ആന്റി വൈറല്‍ കെമിക്കലുകള്‍ ഉപയോഗിച്ച് മാറ്റം വരുത്താനാണ് പദ്ധതി. പുറന്തള്ളുന്ന ശ്വാസകണങ്ങള്‍ സാനിറ്റൈസ് ചെയ്യാന്‍ കഴിയുന്നവയാണ് ഇതെന്ന് അമേരിക്കയിലെ നോര്‍ത്ത്വെസ്റ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.

ശ്വാസോച്ഛ്വാസവും ചുമയും തുമ്മലുമൊക്കെ ലാബില്‍ അനുകരിച്ച് നടത്തിയ പരീക്ഷണത്തില്‍ നിന്നാണ് പുതിയ കണ്ടെത്തലുകള്‍. പരീക്ഷണങ്ങള്‍ക്കൊടുവില്‍ ആന്റിവൈറല്‍ കെമിക്കലുകളായ ഫോസ്ഫറിക് ആസിഡും കോപ്പര്‍ സോള്‍ട്ടും ആണ് തെരഞ്ഞെടുത്തിട്ടുള്ളത്. സാധാരണ മാസ്‌കുകളില്‍ ഉപയോഗിക്കുന്ന നെയ്യാത്ത തുണിയാണ് ആന്റി വൈറല്‍ ആശയം കൃത്യമായി പ്രദര്‍ശിപ്പിക്കുകയെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇത്തരം മാസ്‌കുകള്‍ ശ്വാസോശ്വാസത്തെ എളുപ്പമാക്കുമെന്നും പഠനത്തില്‍ പറയുന്നു.

ധരിക്കുന്ന ആളെ മാത്രമല്ല ചുറ്റുമുള്ളവരെയും രോഗത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ഒന്നാണ് മുഖാവരണം. എന്നാല്‍ ചിലപ്പോള്‍ മാസ്‌കിനകത്തേക്കും ശ്വാസകണങ്ങള്‍ കടക്കാറുണ്ട്. ഇതുവഴി മാസ്‌ക് ധരിക്കുന്നവരിലും വൈറസ് പിടിമുറുക്കും. ഇത്തരം വൈറസുകളെ കെമിക്കല്‍ മാര്‍ഗ്ഗത്തിലൂടെ നിര്‍ജീവമാക്കാനാണ് ഗവേഷകര്‍ ലക്ഷ്യമിടുന്നത്.