Home പ്രവാസം തൊഴില്‍ ഉടമയുടെ അനുമതിയില്ലാതെ മടങ്ങാം; പുതിയ നിയമവുമായി സൗദി

തൊഴില്‍ ഉടമയുടെ അനുമതിയില്ലാതെ മടങ്ങാം; പുതിയ നിയമവുമായി സൗദി

സൗദിയില്‍ നിന്ന് പുറത്ത് കടക്കണമെങ്കില്‍ ഇനി തൊഴില്‍ ഉടമയുടെ അനുമതി ആവശ്യമില്ല. തൊഴിലുടമയുടെ അനുമതി ഇല്ലാതെ തന്നെ രാജ്യം വിടാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ നിയമ ഭേദഗതി. തൊഴില്‍ കരാര്‍ അവസാനിച്ചാല്‍ വിദേശികള്‍ക്ക് സ്പോണ്‍സറുടെ അനുമതി ഇല്ലാതെ തന്നെ വേറെ ജോലി കണ്ടെത്താനും കഴിയും.

അടുത്ത മാര്‍ച്ചിലായിരിക്കും ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുക. തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം കൊണ്ടുവരുന്നത്. വിദേശ തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ ഉറപ്പ് വരുത്തുന്നതാണ് 2021 മാര്‍ച്ച് 14നു പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമം.

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ കരാര്‍ അവസാനിച്ചാല്‍ സ്പോണ്‍സറുടെ അനുമതി ഇല്ലാതെ തന്നെ വേറെ ജോലി കണ്ടെത്തി സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ അനുവാദം നല്‍കുന്നു എന്നതാണു നിയമത്തിലെ പ്രധാനപ്പെട്ട മറ്റൊരു ഭേദഗതി. കൂടാതെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്പോണ്‍സറുടെ അനുമതി ഇല്ലാതെ ഫൈനല്‍ എക്സിറ്റ് അടിച്ചു സൗദിയില്‍ നിന്നു മടങ്ങാനും തൊഴിലാളികള്‍ക്ക് സാധിക്കും.

വിദേശ തൊഴിലാളികള്‍ക്ക് സൗദിക്ക് പുറത്തു പോകാനുള്ള എക്സിറ്റ് റീഎന്‍ട്രി സിസ്റ്റവും പുതിയ നിയമപ്രകാരം കൂടുതല്‍ സുതാര്യമാകും. തൊഴിലാളികള്‍ക്ക് തന്നെ എക്സിറ്റ് റീഎന്‍ട്രി അടിച്ചു രാജ്യത്തിന് പുറത്തു പോകാം. തൊഴിലാളി പുറത്തു പോകുമ്പോള്‍ ഇതുസംബന്ധമായ നോട്ടിഫിക്കേഷന്‍ സ്പോണ്‍സര്‍ക്ക് ലഭിക്കും.

അബ്ഷിര്‍ ഖിവ പോര്‍ട്ടലുകള്‍ വഴി ഈ സേവനങ്ങള്‍ ലഭിക്കും. സ്വകാര്യ മേഖലയിലെ എല്ലാ പ്രവാസികള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമായിരിക്കില്ല. ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.