Home ആരോഗ്യം ചുവന്ന മുളക് ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പഠനം

ചുവന്ന മുളക് ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പഠനം

ചുവന്ന മുളക് കഴിക്കുന്നത് പതിവാക്കിയാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂലം മരിക്കാനുള്ള സാധ്യത ഗണ്യമായി കുറയുമെന്ന് പഠനം. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ സയന്റിഫിക് സെഷന്‍സ് 2020ല്‍ അവതരിപ്പിച്ച ഒരു പ്രബന്ധത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

പതിവായി മുളക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നവര്‍ക്ക് കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. മുളകില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

ഈ നിഗമനത്തിലെത്താന്‍ വേണ്ടി അഞ്ച് പ്രമുഖ ആഗോള ആരോഗ്യ ഡാറ്റാബേസുകളില്‍ നിന്നുള്ള 4,729 പഠനങ്ങളെ ഗവേഷകര്‍ വിശകലനം ചെയ്തു. പതിവായി മുളക് കഴിക്കുന്നവരില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂലം മരിക്കുന്നതില്‍ 26 ശതമാനം കുറവുണ്ടെന്ന് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു.

ആയുസ് കൂട്ടാന്‍ മാത്രമല്ല മസ്തിഷ്‌കാഘാതം, കാന്‍സര്‍ എന്നിവയെ ഒരു പരിധിവരെ മുളകിന് തടയാനാവുമെന്ന നിഗമനത്തിലാണ് ഗവേഷകര്‍. മുളകില്‍ അടങ്ങിയിരിക്കുന്ന എരിവ് നല്‍കുന്ന ‘കാപ്‌സീസിന്‍’ (capsaicin) എന്ന ഘടകം പൊണ്ണത്തടി, കാന്‍സര്‍ എന്നിവയെ തടഞ്ഞ് നിര്‍ത്തുമെന്ന് പല പഠനങ്ങളിലും നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.