Home Uncategorized സാംസങ്ങിന്റെ പ്രധാന യൂണിറ്റ് ഇന്ത്യയിലേക്ക് മാറ്റുന്നു; ഇവിടെ നിക്ഷേപിക്കുന്നത് 4,825 കോടി രൂപ..!

സാംസങ്ങിന്റെ പ്രധാന യൂണിറ്റ് ഇന്ത്യയിലേക്ക് മാറ്റുന്നു; ഇവിടെ നിക്ഷേപിക്കുന്നത് 4,825 കോടി രൂപ..!

പ്രമുഖ കൊറിയന്‍ ഇലക്ട്രോണിക് കമ്പനിയായ സാംസങ് തങ്ങളുടെ പ്രധാന ഉല്‍പാദന യൂണിറ്റ് ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നു. സാംസങ്ങിന്റെ പുതിയ യൂണിറ്റ് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ആയിരിക്കും. ഇതിനായി സാംസങ് ഇന്ത്യയില്‍ 4,825 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. ഇതോടൊപ്പം, ഉത്തര്‍പ്രദേശില്‍ 4,825 കോടി രൂപ നിക്ഷേപം നടത്തുമെന്ന് യുപി സര്‍ക്കാര്‍ വക്താവ് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൂടാതെ നോയിഡയില്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് സാംസങ് ഡിസ്‌പ്ലേ നോയിഡ പ്രൈവറ്റ് ലിമിറ്റഡിന് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സാംസങ്ങിന്റെ ആദ്യത്തെ ഹൈ-ടെക്‌നിക് പദ്ധതിയായിരിക്കും സാംസങ് പ്ലാന്റെന്ന് യുപി സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ഈ സൗകര്യമുള്ള ലോകത്തിലെ മൂന്നാമത്തെ യൂണിറ്റായി ഇത് മാറും.

മൊബൈല്‍, മറ്റു സ്മാര്‍ട് ഉല്‍പന്നങ്ങളുടെ ഡിസ്‌പ്ലേ പ്രൊഡക്ഷന്‍ യൂണിറ്റാണ് ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നത്. ഈ പദ്ധതി വരുന്നതിലൂടെ യുപിയിലുള്ളവര്‍ക്ക് പരോക്ഷമായ തൊഴില്‍ ലഭിക്കുന്നത് കൂടാതെ 510 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുപി ഇലക്ട്രോണിക്‌സ് മാനുഫാക്ചറിങ് പോളിസി 2017 അനുസരിച്ചാണ് ഭൂമി കൈമാറ്റം. ഇത് വഴി സാംസങ്ങിന് ഇളവ് ലഭിക്കും. അഞ്ച് വര്‍ഷത്തേക്ക് പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 250 കോടി രൂപ ധനസഹായം നല്‍കും. കൂടാതെ കേന്ദ്ര പദ്ധതി പ്രകാരം 460 കോടി രൂപയുടെ സാമ്പത്തിക പ്രോത്സാഹനവും സാംസങ്ങിനു ലഭിക്കും. 2018ല്‍ നരേന്ദ്ര മോദി നോയിഡയില്‍ സാംസങ് പ്ലാന്റ് ഉദ്ഘാടനം ചെയ്തിരുന്നു. ഇവിടെ ഇതിനോടകം തന്നെ മൊബൈല്‍ നിര്‍മാണം നടക്കുന്നുമുണ്ട്.