Home അറിവ് ജനങ്ങളോട് തട്ടിപ്പില്‍ വീഴരുതെന്ന് ഇന്റര്‍പോള്‍; ജാഗ്രതാ മുന്നറിയിപ്പ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജനങ്ങളോട് തട്ടിപ്പില്‍ വീഴരുതെന്ന് ഇന്റര്‍പോള്‍; ജാഗ്രതാ മുന്നറിയിപ്പ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ടെലിഫോണ്‍, ഓണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി രാജ്യാന്തര പൊലീസ് സംഘടന ഇന്റര്‍പോള്‍ മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം നടത്തിയ ഓപ്പറേഷന്‍ ഫസ്റ്റ് ലൈറ്റ് എന്ന അന്വേഷണങ്ങളിലും റെയ്ഡിലും ഇരുപതിനായിരത്തിലധികം പേര്‍ അറസ്റ്റിലായതായും 1100 കോടി രൂപയുടെ അനധികൃത ഇടപാടുകള്‍ തടഞ്ഞെന്നും അധികൃതര്‍ വ്യക്തമാക്കി.

മൊത്തം 10380 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി 21549 പേരെയാണ് അറസ്റ്റ് ചെയ്തത്. 310 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. 2019മുതല്‍ തന്നെ ഇതിനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചിരുന്നതായും മൂന്നു പര്‍പ്പിള്‍ നോട്ടിസുകള്‍ വിവിധ രാജ്യങ്ങള്‍ക്ക് അയച്ചതായും വ്യക്മാക്കി.

സെപ്റ്റംബര്‍ ഒന്നു മുതല്‍ നവംബര്‍ 30 വരെ എല്ലാ ഭൂഖണ്ഡങ്ങളിലുമായി നടന്ന പരിശോധനകളില്‍ പ്രധാനമായും 35 രാജ്യങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന് ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ പല രാജ്യങ്ങളുമായി ചേര്‍ന്നുള്ള നീക്കങ്ങളാണ് നടത്തിയത്. കോവിഡ് സാഹചര്യം മുതലെടുത്താണ് പല ടെലിഫോണ്‍-ഓണ്‍ലൈന്‍ തട്ടിപ്പുകളും സജീവമായതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

സാധാരണക്കാരില്‍ നിന്നു പണവും വിലപിടിപ്പുള്ള സാധനങ്ങളും തട്ടിയെടുക്കാന്‍ വ്യാജ സിഐഡികള്‍ നിര്‍മ്മിച്ചാണ് തട്ടിപ്പുകള്‍. പ്രധാനമായും വ്യവസായ മേഖലകള്‍, തൊഴിലാളി കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഇവര്‍ വലയൊരുക്കുന്നത്. നിയമലംഘനം നടത്തിയെന്ന പേരില്‍ ഭീഷണിപ്പെടുത്തി പിഴയെന്ന പേരിലും മറ്റും പണം ആവശ്യപ്പെടും. ഇങ്ങനെ പലര്‍ക്കും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ വിലപ്പെട്ട സാധനങ്ങള്‍ നഷ്ടമായി. പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഏഷ്യന്‍ വംശജരായ ഏതാനും തട്ടിപ്പുകാര്‍ പിടിയിലായി.

വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി ഷാര്‍ജ സിഐഡി വിഭാഗം ഡയറക്ടര്‍ കേണല്‍ ഒമര്‍ സുല്‍ത്താന്‍ പറഞ്ഞു. തൊഴിലാളികളും താഴ്ന്ന വരുമാനക്കാരുമാണ് തട്ടിപ്പിനു കൂടുതലും ഇരയാകുന്നത്. തട്ടിപ്പുകാര്‍ക്കെതിരേ ബോധവല്‍ക്കരണം ഊര്‍ജിതമാക്കി. പ്രധാന പാതകള്‍, ഉപപാതകള്‍, വ്യവസായ മേഖലകള്‍ എന്നിവിടങ്ങളില്‍ ഇതു സംബന്ധിച്ച അറിയിപ്പുകള്‍ പതിക്കുകയും അറബിക്, ഇംഗ്ലിഷ്, ഉര്‍ദു ഭാഷകളില്‍ കൈപ്പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.