Home അറിവ് സിഗ്നലുമായി താരതമ്യം പോലുമില്ലെന്ന് ടെലഗ്രാം; മത്സരം ശക്തമാകുന്നു

സിഗ്നലുമായി താരതമ്യം പോലുമില്ലെന്ന് ടെലഗ്രാം; മത്സരം ശക്തമാകുന്നു

വാട്‌സ്ആപ് തങ്ങളുടെ സ്വകാര്യതാ നിയമം പുതുക്കിയതോടെ, വിര്‍ച്വല്‍ വേള്‍ഡില്‍ കാലുറപ്പിക്കാനൊരുങ്ങുകയാണ് മറ്റ് മെസേജിങ് ആപ്ലിക്കേഷനുകള്‍. നയം മാറ്റിയതന് പിന്നാലെ ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് വാട്‌സ്ആപ് ഉപേക്ഷിച്ച് മറ്റ് ആപ്ലിക്കേഷനുകളിലേക്ക് ചേക്കേറിയത്.

അടുത്തിടെ, വാട്സ്ആപ്പിന്റെ എതിരാളികളായ ടെലിഗ്രാം, സിഗ്‌നല്‍ എന്നി മെസേജിങ് ആപ്പുകളുടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടായത്. ഇതോടെ മെസേജിങ് സേവനത്തില്‍ ഇനി മത്സരം ടെലിഗ്രാമും സിഗ്‌നലും തമ്മിലാണ് എന്ന തരത്തിലാണ് പ്രചാരണങ്ങള്‍.

ഈ പശ്ചാത്തലത്തില്‍ ടെലിഗ്രാം സിഇഒ പവല്‍ ഡുറോവ് പ്രതികരണവുമായി രംഗത്തു വന്നിരിട്ടുണ്ട്. സിഗ്‌നലുമായുള്ള താരതമ്യത്തില്‍ അര്‍ത്ഥമില്ലെന്ന് ടെലിഗ്രാം സിഇഒ പവല്‍ ഡുറോവ് പറഞ്ഞു. ഫീച്ചറുകള്‍ കൊണ്ട് സമ്പന്നമായ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോം ആണ് ടെലിഗ്രാം. സൂപ്പര്‍ എന്‍ക്രിപ്ഷനാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഫെയ്സ്ബുക്ക്- വാട്സ്ആപ്പ് കുത്തകാധിപത്യത്തില്‍ നിന്ന് മോചനം നല്‍കുന്നതാണ് ടെലിഗ്രാം. സിഗ്‌നല്‍ നല്‍കുന്ന സേവനം ടെലിഗ്രാമിന്റെ ഒരു ഫീച്ചര്‍ മാത്രമാണ്. അത് രഹസ്യ ചാറ്റ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

‘രഹസ്യ ചാറ്റിന് ഒരു പ്രത്യേക ആപ്പ് വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അത് ആകാം. ഇത് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ ഇക്കാര്യം നിങ്ങള്‍ക്ക് മനസിലാകും.’- പവല്‍ ഡുറോവ് വ്യക്തമാക്കി. ഡേറ്റയുടെ സുരക്ഷിതത്വമാണ് ഉപഭോക്താക്കളെ ടെലിഗ്രാമിലേക്ക് ആകര്‍ഷിച്ചത്. ചാറ്റ് ഹിസ്റ്ററിയിലേക്ക് പ്രവേശിക്കാനുള്ള സൗകര്യം, കൂടുതല്‍ ആളുകള്‍ക്ക് ഒരേ സമയം ആശയവിനിമയം നടത്താനുള്ള സംവിധാനം, തുടങ്ങി വൈവിധ്യങ്ങളായ സേവനങ്ങളാണ് ടെലിഗ്രാമിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘നിലവില്‍ ഒന്നിലധികം ഫീച്ചറുകളാണ് ടെലിഗ്രാമിന്റെ പ്രത്യേകത. ഇതെല്ലാം വലിച്ചെറിഞ്ഞ് സീക്രട്ട് ചാറ്റുകളുടെ പിന്നാലെ പോകില്ല. എതിരാളികളുടെ വിപണന തന്ത്രങ്ങളില്‍ കുടുങ്ങി ചിലര്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. സീക്രട്ട് ചാറ്റ് വേണമെന്ന് ആഗ്രഹിക്കുമ്പോള്‍ അത് തുടങ്ങാന്‍ വൈകിപ്പിക്കുന്നു എന്ന തരത്തിലാണ് ഇവര്‍ തെറ്റിദ്ധാരണയ്ക്ക് വിധേയമായത്. സീക്രട്ട് ചാറ്റുകള്‍ ഒരു ഡിവൈസിലാണ് സൂക്ഷിക്കുന്നത്. ബാക്ക്ആപ്പ് തുടങ്ങി മറ്റു സാങ്കേതിക കാര്യങ്ങള്‍ വരുമ്പോള്‍ സുരക്ഷ നഷ്ടപ്പെടാം. അപ്പോള്‍ സുരക്ഷയില്‍ വീട്ടുവീഴ്ച ചെയ്യുന്ന സ്ഥിതി ഉണ്ടാകാം’- അദ്ദേഹം പറഞ്ഞു.

ഐഫോണ്‍, ഐപാഡ്, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ്, മാക്, ലിനക്സ് എന്നിവയ്ക്കായി ലഭ്യമായ മെസേജിങ് അപ്ലിക്കേഷനാണ് സിഗ്നല്‍. സിഗ്നല്‍ ഫൗണ്ടേഷനും നോണ്‍ പ്രോഫിറ്റ് കമ്പനിയായ സിഗ്നല്‍ മെസഞ്ചര്‍ എല്‍എല്‍സിയും ചേര്‍ന്നാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. അമേരിക്കന്‍ ക്രിപ്റ്റോഗ്രാഫറും നിലവില്‍ സിഗ്നല്‍ മെസഞ്ചറിന്റെ സിഇഒയുമായ മോക്സി മാര്‍ലിന്‍സ്പൈക്ക് ആണ് ആപ്ലിക്കേഷന്‍ സൃഷ്ടിച്ചത്.

വാട്ട്‌സ്ആപ്പ് സഹസ്ഥാപകന്‍ ബ്രയാന്‍ ആക്ടണും മാര്‍ലിന്‍സ്പൈക്കും ചേര്‍ന്നാണ് സിഗ്നല്‍ ഫ ഫൗണ്ടേഷന്‍ സൃഷ്ടിച്ചത്.ആപ്ലിക്കേഷന്‍ പൂര്‍ണമായും സൗജന്യമായി ഉപയോഗിക്കാം. മറ്റ് മെസേജിങ് ആപ്ലിക്കേഷനുകള്‍ക്കു സമാനമായി സന്ദേശങ്ങള്‍ അയയ്ക്കാനും സുഹൃത്തുക്കളുമായി ഓഡിയോ, വീഡിയോ കോളുകള്‍ നടത്താനും ഫോട്ടോകളും വീഡിയോകളും ലിങ്കുകളും പങ്കിടാനും സിഗ്നലിലൂടെ സാധിക്കും. അടുത്തിടെ 2020 ഡിസംബറില്‍ ഗ്രൂപ്പ് വീഡിയോ കോളിംഗ് ഓപ്ഷനും സിഗ്നല്‍ അവതരിപ്പിച്ചു. സിഗ്നലില്‍ ഗ്രൂപ്പുകള്‍ സൃഷ്ടിക്കാനും കഴിയും. അവയില്‍ അംഗങ്ങളുടെ എണ്ണം പരമാവധി 150 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.