Home വാണിജ്യം ഡിജിറ്റല്‍ പണമിടപാടില്‍ നിര്‍ണായക നയ രൂപീകരണത്തിനൊരുങ്ങി ആര്‍ബിഐ

ഡിജിറ്റല്‍ പണമിടപാടില്‍ നിര്‍ണായക നയ രൂപീകരണത്തിനൊരുങ്ങി ആര്‍ബിഐ

രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകളും അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ദിനംപ്രതി വര്‍ധിച്ച് വരികയാണ്. ഈ സാഹചര്യത്തില്‍ നിര്‍ണായക നയ രൂപീകരണത്തിനൊരുങ്ങി ആര്‍ബിഐ. ആപ്പുകള്‍ വഴി വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ആര്‍ബിഐയുടെ ഔദ്യോഗിക ടാഗ് നല്‍കുന്നതടക്കം പരിഗണനയിലുണ്ട്.

ഡിജിറ്റല്‍ പണമിടപാട് വഴിയുള്ള തട്ടിപ്പുകളെ കുറിച്ച് വിശദമായി പഠിക്കാനായി കഴിഞ്ഞ ദിവസം ആര്‍ബിഐ രൂപീകരിച്ച സമിതി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മലയാളിയായ സൈബര്‍ വിദഗ്ധന്‍ രാഹുല്‍ ശശിയടക്കം ആറംഗ സമിതിയെയാണ് ഇതിനായി നിയോഗിച്ചത്.

അതേസമയം, ഡിജിറ്റല്‍ വായ്പാ ഇടപാടുകള്‍ ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്രദമാണെന്ന് തന്നെയാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍. ഇതിന് കൃത്യമായ നിയമങ്ങളില്ലാത്തതാണ് തട്ടിപ്പിന് വഴിയൊരുക്കുന്നതെന്നും ആര്‍ബിഐ വിശദമാക്കുന്നു.

ഔദ്യോഗിക ടാഗ് നല്‍കുന്നതിലൂടെ ആപ്പുകളില്‍ പ്രശ്‌നക്കാരേതെന്ന് എളുപ്പം തിരിച്ചറിയാന്‍ സാധിക്കും. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനായി കമ്പനികള്‍ക്ക് എന്തൊക്കെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സമിതി ശുപാര്‍ശ ചെയ്യും. ആര്‍ബിഐ ആദ്യമായാണ് ഡിജിറ്റല്‍ സാമ്പത്തിക മേഖലയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ സമിതിയെ നിയോഗിച്ച് വിഷയം പഠിക്കുന്നത്.