Home ആരോഗ്യം യുകെയില്‍ കണ്ടെത്തിയ വൈറസ് അതീവ അപകടകാരി; വാക്‌സിന്‍ പോലും നിഷ്പ്രഭമാകും, മുന്നറിയിപ്പ്

യുകെയില്‍ കണ്ടെത്തിയ വൈറസ് അതീവ അപകടകാരി; വാക്‌സിന്‍ പോലും നിഷ്പ്രഭമാകും, മുന്നറിയിപ്പ്

യുകെയിലെ കെന്റില്‍ കണ്ടെത്തിയ ജനിതക പരിവര്‍ത്തനം സംഭവിച്ച പുതിയ കോവിഡ് 19 വൈറസ് ലോകത്തിന് തന്നെ ഭീഷണിയായേക്കുമെന്ന് മുന്നറിയിപ്പ്. കോവിഡ് വാക്സിന്‍ വഴി നേടിയ രോഗപ്രതിരോധശേഷി പോലും മറികടക്കാന്‍ കഴിവുള്ളതായിരിക്കും ജനിതക ഭേദഗതി (മ്യൂട്ടേഷന്‍) സംഭവിച്ച ഈ വൈറസ് എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

യുകെ ജനറ്റിക് സര്‍വൈലന്‍സ് പ്രോഗ്രാം ഡയറക്ടര്‍ ഷാരണ്‍ പീകോക്ക് ആണ് മുന്നറിയിപ്പുമായി എത്തിയത്. നിലവില്‍ യുകെയിലാകമാനം വൈറസ് വകഭേദം ശക്തിപ്രാപിച്ചു കഴിഞ്ഞു. ഇനി ലോകം മുഴുവന്‍ ഇതു പടരാനാണ് സാധ്യത. വാക്‌സിനേഷനെ പോലും നിഷ്പ്രഭമാക്കുന്നതായിരിക്കും കെന്റ് വൈറസെന്നും അവര്‍ പറയുന്നു.

യഥാര്‍ഥ വൈറസിനെ കൂടാതെ കോവിഡ് 19ന്റെ ജനിതക പരിവര്‍ത്തനം സംഭവിച്ച ഒട്ടേറെ വകഭേദങ്ങളും പലയിടത്തും കണ്ടെത്തിയിരുന്നു. അതില്‍ യുകെയിലെയും ദക്ഷിണാഫ്രിക്കയിലെയും ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെയാണ് ലോകം ആശങ്കയോടെ കണ്ടത്. പെട്ടെന്നു പടരാനുള്ള ശേഷിയാണ് ഇവയെ അപകടകാരിയാക്കുന്നത്.

ഫൈസറും, ആസ്ട്രാസെനകയും വികസിപ്പിച്ചെടുത്ത വാക്‌സീനുകള്‍ ജനിതക പരിവര്‍ത്തനം സംഭവിച്ച യുകെ വൈറസുകള്‍ക്കെതിരെ ഫലപ്രദമാണെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍ നിലവില്‍ ജനിതക പരിവര്‍ത്തനം സംഭവിച്ചുകൊണ്ടിരിക്കുന്ന കെന്റ് വൈറസുകള്‍ക്കെതിരെ വാക്‌സീന്‍ വഴി ആര്‍ജിക്കുന്ന രോഗപ്രതിരോധ ശേഷി പോരാതെ വരുമെന്നാണ് മുന്നറിയിപ്പ്.