Home അറിവ് കീമോതെറാപ്പി ചെയ്യുന്നതിനിടയില്‍ വാക്‌സിന്‍ സ്വീകരിക്കാമോ?: ഡോക്ടര്‍മാരുടെ പ്രതികരണമറിയാം

കീമോതെറാപ്പി ചെയ്യുന്നതിനിടയില്‍ വാക്‌സിന്‍ സ്വീകരിക്കാമോ?: ഡോക്ടര്‍മാരുടെ പ്രതികരണമറിയാം

കൊറോണ വൈറസ് ലോകത്തെയാകെ വരുതിയിലാക്കിയ അവസ്ഥയാണിപ്പോള്‍. അതില്‍ നിന്ന് മോചനം നേടാനായി ആകെ ചെയ്യാവുന്ന കാര്യങ്ങള്‍ സ്വയം സുരക്ഷയും ഒപ്പം വാക്‌സിന്‍ എടുക്കുക എന്നതുമാണ്. എന്നാല്‍ വാക്‌സിനേഷന്റെ കാര്യത്തില്‍ ആരോഗ്യ വിദഗ്ധരടക്കം ഏറ്റവും കൂടുതല്‍ ആശങ്ക പ്രകടിപ്പിച്ചത് മറ്റ് രോഗാവസ്ഥകള്‍ ഉള്ള ആളുകളെ ഇത് എങ്ങനെ ബാധിക്കും എന്നതിലാണ്. അതുകൊണ്ടുതന്നെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചപ്പോള്‍ രോഗാവസ്ഥയുള്ള ആളുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് അഭിപ്രായം.

മുതിര്‍ന്ന പൗരന്മാര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള മറ്റു രോഗങ്ങളുള്ള ആളുകള്‍ക്കും തിങ്കളാഴ്ച മുതല്‍ പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതി. ഹൃദ്രോഗം, പ്രമേഹം, കാന്‍സര്‍, രക്താതിമര്‍ദ്ദം എന്നിവയുള്ള ആളുകളെ ഹൈ റിസ്‌ക് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ വാക്‌സിന്‍ എടുക്കാമോ എന്ന കാര്യത്തില്‍ പല രോഗികളും സംശയം പ്രകടിപ്പിക്കുന്നുണ്ട്.

ഭൂരിഭാഗം കാന്‍സര്‍ രോഗികള്‍ക്കും വാക്‌സിന്‍ എടുക്കുന്നതില്‍ പ്രശ്‌നമില്ലെന്നാണ് ഓങ്കോളജി വിദഗ്ധന്‍ ഡോ. കിരുഷ്ണകുമാര്‍ പറയുന്നത്. രോഗം ഭേദമായ ക്യാന്‍സര്‍ രോഗികള്‍ക്ക് വാക്‌സിന്‍ എടുക്കാം. നിലവില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കും റേഡിയോ തെറാപ്പി നടന്നുകൊണ്ടിരിക്കുന്നവര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.

അതേസമയം കീമോതെറാപ്പി ചെയ്യുന്ന രോഗികള്‍ ഉടനെ വാക്‌സിന്‍ എടുക്കരുത്. കീമോതെറാപ്പി ചെയ്യുമ്പോള്‍ ശരീരത്തിലെ വെളുത്ത രക്താണുക്കള്‍ (ഡബ്ല്യുബിസി) കുറയുന്നതിനാല്‍ പ്രതിരോധശേഷി കുറയാന്‍ ഇടയാകും. ഇത്തരം സാഹചര്യത്തില്‍ ആന്റിബോഡികള്‍ വികസിക്കുമോ എന്ന് ഉറപ്പില്ല. കീമോതെറാപ്പി കഴിഞ്ഞ് നാല് ആഴ്ചയ്ക്ക് ശേഷം ചികിത്സിക്കുന്ന ഡോക്ടറുമായി കൂടിയാലോചിച്ച ശേഷം മാത്രമേ വാക്‌സിന്‍ എടുക്കാവൂ എന്നും കിരുഷ്ണകുമാര്‍ പറഞ്ഞു.

റേഡിയോ തെറാപ്പിയിലും മെഡിക്കല്‍ ഓങ്കോളജിയിലും വാക്‌സിന്‍ എടുക്കുന്നതിന് ഒരു വിപരീത ഫലവുമില്ല. എന്നാല്‍ ശസ്ത്രക്രിയ നടത്തിയ ആളുകള്‍ ഉടന്‍ വാക്‌സിന്‍ എടുക്കേണ്ടതില്ലെന്നും അവര്‍ രണ്ടാഴ്ചയെങ്കിലും കാത്തിരിക്കണമെന്നും റേഡിയേഷന്‍ ഗൈനക്കോളജിസ്റ്റ് ഡോ. രത്ന ദേവി പറഞ്ഞു.

ഹെമറ്റോളജിക്കല്‍ ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ മൂന്ന് മാസം കാത്തിരിക്കണം. ചികിത്സയില്‍ ആയിരിക്കുന്നവര്‍ ഡോക്ടറുമായി കൂടിയാലോചിച്ചതിന് ശേഷം വാക്‌സിന്‍ എടുക്കുന്നതാണ് നല്ലതെന്നും ഡോക്ടര്‍ പറഞ്ഞു. കാന്‍സര്‍ ബാധിച്ച എന്നാല്‍ ഇതുവരെ ചികിത്സ തുടങ്ങാത്തവര്‍ക്ക് വാക്‌സിന്‍ എടുക്കാമെന്ന് ദേശീയ സമഗ്ര കാന്‍സര്‍ നെറ്റ്വര്‍ക്ക് (എന്‍സിസിഎന്‍) മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറഞ്ഞിട്ടുണ്ട്.

ഹൃദയ രോഗമുള്ള ആളുകളില്‍ മിക്കവര്‍ക്കും വാക്്‌സിന്‍ എടുക്കാന്‍ തടസ്സമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മുമ്പ് ഹൃദയാഘാതം സംഭവിച്ചവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കേണ്ടതുണ്ട്. രക്തം കട്ടപിടിക്കാതിരിക്കാന്‍ മരുന്ന കഴിക്കുന്നവര്‍ക്ക് വാക്‌സിന്‍ എടുക്കാം. ആന്റി പ്ലേറ്റ്ലെറ്റ് മരുന്നുകളും ആന്റി കോഗ്യുലന്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. അവര്‍ കോവിഷീല്‍ഡ് എടുക്കുന്നതാണ് നല്ലതെന്ന് കാര്‍ഡിയോളജിസ്റ്റ് ഡോ. സെന്തില്‍കുമാര്‍ നല്ലുസാമി പറഞ്ഞു. അതേസമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചവര്‍ ഉടന്‍ തന്നെ വാക്‌സിന്‍ എടുക്കരുതെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.

രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവയുള്ളവര്‍ക്കും വാക്‌സിന്‍ എടുക്കാം. എന്നാല്‍, മോണോക്ലോണല്‍ ആന്റിബോഡികള്‍ ഉപയോഗിക്കുന്ന രോഗികള്‍ വാക്‌സിന്‍ ഒഴിവാക്കണം. പനിയോ അലര്‍ജിയോ ഉള്ളവര്‍ വാക്‌സിന്‍ എടുക്കുന്നതിന് മുമ്പ് നാല് മുതല്‍ ആറ് ആഴ്ച വരെ കാത്തിരിക്കണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അനിയന്ത്രിതമായ രക്തസമ്മര്‍ദ്ദമുള്ളവരും വാക്‌സിന്‍ ഒഴിവാക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.