Home ആരോഗ്യം ഒരു കോവിഡ് രോഗിയില്‍ നിന്ന് 406 പേര്‍ക്ക് വരെ രോഗം പകരാം; മുന്നറിയിപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍

ഒരു കോവിഡ് രോഗിയില്‍ നിന്ന് 406 പേര്‍ക്ക് വരെ രോഗം പകരാം; മുന്നറിയിപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍

കോവിഡ് രണ്ടാം തരംഗം അതിവ ഗുരുതരമായി തുടരുകയാണിവിടെ. സാമൂഹിക അകലം കൃത്യമായി പാലിച്ചില്ലെങ്കില്‍ ഒരു കോവിഡ് രോഗി 30 ദിവസത്തിനുള്ളില്‍ 406 പേര്‍ക്ക് വരെ അസുഖം പകര്‍ത്തുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍. കോവിഡ് വ്യാപനം തടയാന്‍ സാമൂഹിക അകലം കൃത്യമായി പാലിക്കണം. ഒപ്പം മാസ്‌ക് ധരിക്കാന്‍ മറക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു.

വിവിധ സര്‍വകലാശാലകളുടെ പഠന റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചാണ് സാമൂഹിക അകലം കൃത്യമായി പാലിച്ചില്ലെങ്കില്‍ ഉണ്ടാവാനിടയുള്ള ആപത്തിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കൃത്യമായി സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ കോവിഡ് രോഗിക്ക് 30 ദിവസം കൊണ്ട് ശരാശരി 406 പേര്‍ക്ക് രോഗം പകരാന്‍ സാധിക്കുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നതായി ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോവിഡ് രോഗി സമ്പര്‍ക്കം 50 ശതമാനം കുറച്ചാല്‍, പകര്‍ച്ചവ്യാധി പിടിപെടാന്‍ സാധ്യതയുള്ള ആളുകളുടെ എണ്ണം 30 ദിവസം കൊണ്ട് 15 ആയി ചുരുങ്ങും. സമ്പര്‍ക്കം 75 ശതമാനം കുറച്ചാല്‍ രോഗം പിടിപെടാന്‍ സാധ്യതയുള്ള ആളുകളുടെ എണ്ണം 30 ദിവസം കൊണ്ട് 2.5 ആകുമെന്നും പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ഒരാളുമായി കുറഞ്ഞത് ആറടിയെങ്കിലും സാമൂഹിക അകലം പാലിക്കണം എന്നത് നിര്‍ബന്ധമാണ്. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ വീഴ്ച വരുത്തുന്നതായാണ് കാണുന്നത്. മാസ്‌ക് കൃത്യമായി വച്ചില്ലെങ്കിലും അപകടം ഉണ്ട്. മാസ്‌ക് ധരിച്ചില്ലെങ്കില്‍ രോഗം വരാനുള്ള സാധ്യത 90 ശതമാനമാണെന്നും ലാവ് അഗര്‍വാള്‍ വ്യക്തമാക്കുന്നു. രണ്ടുപേര്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഒരാള്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ രോഗം പിടിപെടാനുള്ള സാധ്യത 30 ശതമാനമാണ്. കോവിഡ് രോഗിയും രോഗം ബാധിക്കാത്തയാളും മാസ്‌ക് ധരിച്ചാല്‍ രോഗം വരാനുള്ള സാധ്യത 1.5 ശതമാനം മാത്രമാണെന്നും ലാവ് അഗര്‍വാള്‍ പറഞ്ഞു.