Home ആരോഗ്യം പ്രസവശേഷമുള്ള ആഹാരം; സ്ത്രീകള്‍ ഇക്കാര്യം ശ്രദ്ധിക്കണം

പ്രസവശേഷമുള്ള ആഹാരം; സ്ത്രീകള്‍ ഇക്കാര്യം ശ്രദ്ധിക്കണം

ര്‍ഭിണി ആയിരിക്കുമ്പോള്‍ സ്ത്രീകള്‍ ആഹാരം കഴിക്കുന്നതില്‍ പ്രത്യേക ശ്രദ്ധപുലര്‍ത്താറുണ്ട്. എന്നാല്‍ കുഞ്ഞ് വന്നതിന് ശേഷം മിക്കവരും ഇതെല്ലാം പാടെ ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ പ്രസവശേഷവും സ്ത്രീകള്‍ ആരോഗ്യകാര്യങ്ങളില്‍ കാര്യമായ ശ്രദ്ധ നല്‍കേണ്ടതുണ്ട് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇങ്ങനെ ചെയ്യുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് അത്യാവശ്യമാണ്.

പ്രത്യേകിച്ച് ഡയറ്റിലാണ് പ്രസവശേഷം സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. അത്തരത്തില്‍ കുഞ്ഞുണ്ടായ ശേഷം ഡയറ്റില്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പ്രസവം ശരീരത്തിനുണ്ടാക്കിയ ക്ഷീണവും തളര്‍ച്ചയും മറികടക്കാന്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണമാണ് കഴിക്കേണ്ടത്. പ്രസവശേഷമുണ്ടാകുന്ന അമിത വിശപ്പിന് തടയിടാനും പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണം സഹായകമാണ്. മുട്ട, ബീന്‍സ്, സോയ, പരിപ്പുവര്‍ഗങ്ങള്‍, സീ ഫുഡ് എന്നിവയെല്ലാം ഇതിനുദാഹരണമാണ്.

പ്രസവാനന്തരം കഴിക്കുന്ന ഭക്ഷണങ്ങളില്‍ ഒഴിച്ചുനിര്‍ത്താനാകാത്ത ഘടകമാണ് കാര്‍ബോഹൈഡ്രേറ്റ്. കാരണം മുലയൂട്ടുന്ന അമ്മമാര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ആവശ്യമാണ്. ഇതിന് വേണ്ടിയാണ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം നിര്‍ബന്ധമാക്കുന്നത്. ആകെ ഡയറ്റിന്റെ 30 ശതമാനം കാര്‍ബ്- അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്.

മൂന്നാമതായി ശ്രദ്ധിക്കാനുള്ളത് വെള്ളം കുടിക്കുന്ന കാര്യമാണ്. പലപ്പോഴും അവഗണനയിലാകുന്നൊരു വിഷയമാണിത്. എന്നാല്‍ പ്രസവം കഴിഞ്ഞ സ്ത്രീകള്‍ ഗര്‍ഭകാലത്തിലെന്ന പോലെ തന്നെ കൃത്യമായി വെള്ളം കുടിച്ചിരിക്കണം. എട്ട് മുതല്‍ പത്ത് ഗ്ലാസ് വരെ വെള്ളം പ്രതിദിനം ഉറപ്പുവരുത്തുക. അല്ലാത്ത പക്ഷം നിര്‍ജലീകരണത്തിന് സാധ്യതയുണ്ട്. ഇത് കുഞ്ഞിനെയും ദോഷകരമായി ബാധിക്കും.

പ്രസവം കഴിഞ്ഞ സ്ത്രീകള്‍ ഡയറ്റില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടൊരു ഘടകത്തെ കുറിച്ചാണ് നാലാമതായി പറയുന്നത്. ധാരാളം മധുരം പ്രസവാനന്തരം സ്ത്രീകള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. അത് കുഞ്ഞിനെയാണ് കൂടുതലും ബാധിക്കുക. മുലപ്പാലിലൂടെ കൂടുതല്‍ അളവില്‍ ഫ്രക്ടോസ് കുഞ്ഞിലേക്കെത്താം. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം.

ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കാനും ഈ ഘട്ടത്തില്‍ സ്ത്രീകള്‍ ശ്രദ്ധിക്കണം. മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഇത് നിര്‍ബന്ധമായും ആവശ്യമാണെന്ന് മനസിലാക്കുക. യോഗര്‍ട്ട്, ഒലിവ് ഓയില്‍, അവക്കാഡോ, സാല്‍മണ്‍ മത്സ്യം എന്നിവയെല്ലാം ഇതിനുദാഹരണമാണ്. എന്നാല്‍ ഇവയൊന്നും അമിതമാകാനും പാടില്ല.