Home ആരോഗ്യം കോവിഡ് കാലത്തെ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍; അറിയാം മുന്‍കരുതലുകള്‍

കോവിഡ് കാലത്തെ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍; അറിയാം മുന്‍കരുതലുകള്‍

A new treatment promises relief for severe postpartum depression. But will it be accessible to the women who may need it most?

സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഗര്‍ഭകാലം ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ കൂടി കാലമാണ്. ഒരു സ്ത്രീ ഗര്‍ഭിണിയാകുന്നത് മുതല്‍ പല തരത്തിലുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങളിലൂടെയാണ് കടന്നുപോകേണ്ടി വരുന്നത്. ഇക്കാരണം കൊണ്ട് തന്നെ പലരിലും ഗര്‍ഭാവസ്ഥയിലോ പ്രസവത്തിന് ശേഷമോ എല്ലാം വിഷാദരോഗം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങള്‍ കാണാറുണ്ട്.

മുന്‍കാലങ്ങളെ അപേക്ഷിച്ച് ‘പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍’ (പ്രസവശേഷമുണ്ടാകുന്ന വിഷാദം) പോലുള്ള വിഷയങ്ങള്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുന്ന അന്തരീക്ഷമാണ് ഇപ്പോഴുള്ളത്. എന്നാല്‍ കൊവിഡ് കാലത്ത് സ്വതവേ ആശങ്കയും ഉത്കണ്ഠയും വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ എങ്ങനെയാണ് ഗര്‍ഭിണികള്‍, അല്ലെങ്കില്‍ പുതുതായി അമ്മയായവര്‍ തങ്ങളുടെ മാനസികാരോഗ്യത്തെ കൈകാര്യം ചെയ്യേണ്ടത്?

പ്രതിസന്ധികളുടെ ഈ കാലത്ത് സാധാരണഗതിയില്‍ നിന്ന് വ്യത്യസ്തമായി ഗര്‍ഭിണികളും, അമ്മമാരും വിഷാദാവസ്ഥയും ഉത്കണ്ഠയുമെല്ലാം അനുഭവിക്കുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പൊതുവേ സ്ത്രീകള്‍ കുറെക്കൂടി ഉള്‍വലിഞ്ഞ് കുഞ്ഞിന്റെ കാര്യങ്ങളിലേക്ക് മാത്രമായി ചുരുങ്ങിപ്പോകുന്ന ഘട്ടങ്ങളാണിത്. അതിന് പുറമെ കൊവിഡ് കാലത്തെ ‘ഐസൊലേഷന്‍’ കൂടിയാകുമ്പോള്‍ മാനസിക സമ്മര്‍ദ്ദം വര്‍ധിക്കുകയാണെന്നാണ് പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്.

ഇത്തരത്തില്‍ മഹാമാരിക്കാലത്ത് ഗര്‍ഭാവസ്ഥയോടും പ്രസവത്തോടുമനുബന്ധമായി സ്ത്രീകള്‍ നേരിടുന്ന വിഷാദഭാരം കുറയ്ക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യം ശാരീരികമായി അകലം പാലിച്ചാലും പ്രിയപ്പെട്ടവരുമായി മാനസികമായ അകലത്തില്‍ എത്താതിരിക്കുക എന്നതാണ്. സംസാരിക്കാന്‍ ഇഷ്ടമുള്ള സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരോടെല്ലാം സംസാരിക്കണം. മനസിന് ഉല്ലാസം നല്‍കുന്ന വിനോദങ്ങളിലേര്‍പ്പെടണം.

പങ്കാളി ഏറ്റവും ശക്തമായ പിന്തുണ നല്‍കേണ്ട ഘട്ടമാണിത്. ശാരീരികമായും മാനസികമായും സ്ത്രീകള്‍ക്ക് ഈ ഘട്ടത്തില്‍ താങ്ങായി നില്‍ക്കാന്‍ പങ്കാളികള്‍ ശ്രദ്ധിക്കുക. മനസിന്റെ വിഷമതകള്‍ തുറന്നു പറയാതെ അടക്കിവയ്ക്കാതിരിക്കാന്‍ സ്ത്രീകളും കരുതലെടുക്കുക. തനിച്ചാണെന്ന തോന്നല്‍ പ്രത്യേകമായ മാനസികാവസ്ഥയുടെ ഭാഗമായി തോന്നുന്നതാണെന്ന് സ്വയം വിശ്വസിപ്പിക്കാന്‍ എല്ലായ്‌പ്പോഴും ശ്രമിക്കുക.

പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനില്‍ അമ്മയോടൊപ്പം തന്നെ കുഞ്ഞും ബുദ്ധിമുട്ട് അനുഭവിക്കേണ്ട അവസ്ഥയുണ്ടാകാറുണ്ട്. രണ്ട് പ്രശ്നങ്ങളും ഒരുപോലെ മറികടക്കുന്നതിനായി ‘മൈന്‍ഡ്ഫുള്‍ പാരന്റിംഗ്’ പരീക്ഷിക്കാം. കുഞ്ഞിന്റെ ആവശ്യങ്ങള്‍ എല്ലാം കൃത്യമായി മനസിലാക്കി അത് തന്റെ കടമയാണെന്ന് തിരിച്ചറിഞ്ഞ് സമര്‍പ്പണബോധത്തോടെ ചെയ്യാന്‍ ശ്രമിക്കാം. ഒപ്പം തന്നെ സ്വന്തം ഇഷ്ടങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും വേണ്ടിയും സമയം മാറ്റിവയ്ക്കണം. അത് മറ്റുള്ളവരെ പറഞ്ഞ് ധരിപ്പിക്കണം.

രാത്രിയില്‍ ഉറക്കം കൃത്യമായി ലഭിക്കുന്നില്ലെങ്കില്‍ കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കാനായി ഒരു സഹായിയെ കൂടെ നിര്‍ത്താന്‍ ശ്രദ്ധിക്കുക. ശാരീരികമായ അധ്വാനം വളരെ കുറയുന്ന അവസ്ഥയിലും മനസ് പണിമുടക്കി നില്‍ക്കാന്‍ സാധ്യതകളുണ്ട്. അതിനാല്‍ ആരോഗ്യാവസ്ഥയ്ക്ക് യോജിക്കുന്ന തരത്തിലുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രദ്ധിക്കുക. ഇതിന് പുറമെ വീട്ടുജോലി, പൂന്തോട്ട പരിപാലനം, നടത്തം തുടങ്ങിയ കാര്യങ്ങളും പരീക്ഷിക്കാം.