Home പ്രവാസം യുഎഇയിലെ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം പ്രാബല്യത്തില്‍; ലംഘിച്ചാല്‍ പിഴ

യുഎഇയിലെ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം പ്രാബല്യത്തില്‍; ലംഘിച്ചാല്‍ പിഴ

യുഎഇയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ഉച്ച വിശ്രമം പ്രാബല്യത്തില്‍ വന്നു. ഇന്നലെ മുതലാണ് നിയമം പ്രാബല്യത്തിലായത്. നേരിട്ട് വെയിലേല്‍ക്കുന്ന സ്ഥലങ്ങളിലും തുറസായ ഇടങ്ങളിലുമുള്ള ജോലികള്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ വൈകുന്നേരം 3.00 മണി വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെ നിയന്ത്രണം പ്രാബല്യത്തിലുണ്ടാകും. ഏതെങ്കിലും സ്ഥാപനം ഈ നിയന്ത്രണം ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ ജോലി ചെയ്യുന്ന ഓരോ തൊഴിലാളിക്കും 5000 ദിര്‍ഹം വീതം പിഴ ഈടാക്കും. ഇങ്ങനെ പരമാവധി 50,000 ദിര്‍ഹം വരെ ഒരു സ്ഥാപനത്തില്‍ നിന്ന് ഈടാക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന് പുറമെ സര്‍ക്കാര്‍ അനുമതികള്‍ തടഞ്ഞുവെയ്ക്കുകയും സ്ഥാപനത്തിനെതിരെ മറ്റ് നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

ഉച്ചവിശ്രമ നിയമം ഏതെങ്കിലും സ്ഥാപനം ലംഘിക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ 80060 എന്ന ടോള്‍ ഫ്രീ നമ്പറില്‍ 24 മണിക്കൂറും അറിയിക്കാം. നാല് ഭാഷകളില്‍ ഈ നമ്പറിലുള്ള സേവനം ലഭ്യമാണ്. രാവിലെയും വൈകുന്നേരവുമുള്ള രണ്ട് ഷിഫ്റ്റുകളിലായി പരമാവധി എട്ട് മണിക്കൂര്‍ മാത്രമേ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ പാടുള്ളൂ. 24 മണിക്കൂര്‍ സമയപരിധിയില്‍ എട്ട് മണിക്കൂറിലധികം ജോലി ചെയ്യിച്ചാല്‍ ഓവര്‍ടൈം വേതനം നല്‍കണം.

ജോലി സമയം എല്ലാ തൊഴിലുടമകളും ജോലി സ്ഥലത്ത് വ്യക്തമായി കാണാവുന്ന സ്ഥലത്ത് എഴുതിവെയ്ക്കണം. അറബി ഭാഷക്ക് പുറമെ തൊഴിലാളികള്‍ക്ക് മനസിലാവുന്ന ഭാഷയിലും ഇത് രേഖപ്പെടുത്തിയിരിക്കണം. ജോലി സ്ഥലത്തെ അപകടങ്ങളും പരിക്കുകളും ഒഴിവാക്കുന്നതിനുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും സജ്ജീകരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.