Home പ്രവാസം അബുദാബിയില്‍ വിനോദസഞ്ചാരികള്‍ക്ക് സൗജന്യ വാക്‌സിന്‍

അബുദാബിയില്‍ വിനോദസഞ്ചാരികള്‍ക്ക് സൗജന്യ വാക്‌സിന്‍

വിനോദസഞ്ചാരികള്‍ക്ക് സൗജന്യ കോവിഡ് -19 വാക്‌സിനേഷനുമായി അബുദാബി. യുഎഇ പൗരന്മാര്‍ക്കും റെസിഡന്‍സി വീസ ഉടമകള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന വാക്‌സിന്‍ വിതരണമാണ് ഇപ്പോള്‍ ടൂറിസ്റ്റുകള്‍ക്കും നല്‍കുന്നത്.

അബുദാബി വീസയുള്ള സന്ദര്‍ശകര്‍ക്കും ടൂറിസ്റ്റ് വീസയ്ക്ക് അര്‍ഹരായ പാസ്പോര്‍ട്ട് ഉടമകള്‍ക്കും അബുദാബി വഴി യുഎഇയില്‍ എത്തുമ്പോള്‍ സൗജന്യ വാക്‌സീന്‍ ബുക്ക് ചെയ്യാം. എമിറേറ്റിന്റെ പൊതുജനാരോഗ്യ വിഭാഗത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയാണ് (സെഹ) ഇക്കാര്യം അറിയിച്ചത്.

കാലഹരണപ്പെട്ട റെസിഡന്‍സി അല്ലെങ്കില്‍ എന്‍ട്രി വീസ കൈവശമുള്ളവര്‍ക്കും സൗജന്യ വാക്‌സിനേഷന് അര്‍ഹതയുണ്ടെന്ന് അബുദാബി മീഡിയ ഓഫിസ് അറിയിച്ചു. ലോകത്തിലെ ഏറ്റവും വേഗത്തിലുള്ള കോവിഡ്-19 വാക്‌സിന്‍ വിതരണ നടപടികളിലൊന്നാണ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റേത്. 14.5 ദശലക്ഷത്തിലധികം ഷോട്ടുകള്‍ നിലവില്‍ നല്‍കിക്കഴിഞ്ഞു. ഏകദേശം 10 ദശലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ.

യാത്രക്കാര്‍ രാജ്യത്ത് എത്തുമ്പോള്‍ കയ്യില്‍ കരുതേണ്ട രേഖകളുടെയും മറ്റും കാര്യത്തില്‍ മാറ്റമൊന്നുമില്ല. എല്ലാ യാത്രക്കാരും കോവിഡ് ടെസ്റ്റ് നെഗറ്റീവ് റിപ്പോര്‍ട്ട് കരുതണം. ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല. ഓസ്ട്രിയ, ഹോങ്കോങ്, മൗറീഷ്യസ്, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, സ്വീഡന്‍, യുഎസ്, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവ അടക്കം മുപ്പതു രാജ്യങ്ങളാണ് അബുദാബിയുടെ ഗ്രീന്‍ ലിസ്റ്റില്‍ ഉള്ളത്.

അബുദാബിയെ കൂടാതെ മാലദ്വീപ്, റഷ്യ, യുഎസ് തുടങ്ങിയ രാജ്യങ്ങളും വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നുണ്ട്. ടൂറിസ്റ്റുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുമെന്ന് ആദ്യമായി പ്രഖ്യാപിച്ച രാജ്യങ്ങളില്‍ ഒന്നാണ് മാലദ്വീപ്. ടൂറിസ്റ്റുകള്‍ക്കായുള്ള വാക്‌സിനേഷന്‍ ടൂറിസ്റ്റ് പ്രോഗ്രാം നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് റഷ്യ.

രാജ്യാന്തര അതിര്‍ത്തികള്‍ മിക്കവാറും അടച്ചിരിക്കുകയാണ് യുഎസില്‍. എന്നിരുന്നാലും രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള വാക്‌സിന്‍ ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണ് യുഎസിലെ ചില സംസ്ഥാനങ്ങള്‍. അലാസ്‌ക ഇതിനകം തന്നെ ‘ലാസ്റ്റ് ഫ്രോണ്ടിയര്‍’ സന്ദര്‍ശിക്കുന്നവര്‍ക്ക് സൗജന്യമായി കോവിഡ്-19 വാക്‌സീന്‍ നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്.

ന്യൂയോര്‍ക്ക് നഗരത്തിലെ സബ്വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമായി പോപ്പ്-അപ്പ് ക്ലിനിക്കുകളും ആരംഭിച്ചിട്ടുണ്ട്. ഈ വേനല്‍ക്കാലത്ത് ടൈംസ് സ്‌ക്വയര്‍, ഹൈ ലൈന്‍ തുടങ്ങിയ സ്ഥലങ്ങളിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സിംഗിള്‍ ഷോട്ട് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സീന്‍ നല്‍കാനും ന്യൂയോര്‍ക്കില്‍ പദ്ധതിയുണ്ട്.