Home അന്തർദ്ദേശീയം ഇന്ത്യ ഇപ്പോഴും റെഡ് ലിസ്റ്റില്‍; ബ്രിട്ടനിലെ മലയാളികള്‍ക്ക് നാട്ടില്‍ പോകണമെങ്കില്‍ ഇനിയും കാത്തിരിക്കണം

ഇന്ത്യ ഇപ്പോഴും റെഡ് ലിസ്റ്റില്‍; ബ്രിട്ടനിലെ മലയാളികള്‍ക്ക് നാട്ടില്‍ പോകണമെങ്കില്‍ ഇനിയും കാത്തിരിക്കണം

ബ്രിട്ടനില്‍ ഇന്ത്യ ഇപ്പോഴും യാത്രാവിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്റ്റില്‍ തന്നെ. കോവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ച് ബ്രിട്ടന്‍ പുതുക്കി നിശ്ചയിച്ച പട്ടികയിലും ഇന്ത്യയിലേക്ക് യാത്ര സാധ്യമല്ല. ഇതോടെ ബ്രിട്ടനിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ നാട്ടില്‍ പോകാനുള്ള കാത്തിരിപ്പ് ഇനിയും അനിശ്ചിതമായി തുടരും. മൂന്നാഴ്ചയ്ക്കു ശേഷമാണ് ഇക്കാര്യത്തില്‍ അടുത്ത റിവ്യൂവും റീഷഫിളും ഉണ്ടാകുക.

കോവിഡ് വ്യാപനത്തിന്റെ തോതനുസരിച്ച് രാജ്യങ്ങളെ ട്രാഫിക് ലൈറ്റ് സംവിധാനത്തില്‍, പച്ച, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളില്‍ തരംതിരിച്ച് യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതി ഫെബ്രുവരി 15നാണ് ബ്രിട്ടന്‍ ആരംഭിച്ചത്. 30 രാജ്യങ്ങളായിരുന്നു ആദ്യം ഇത്തരത്തില്‍ റെഡ് ലിസ്റ്റിലായത്. കോവിഡിന്റെ അതിതീവ്രവ്യാപനം ഉണ്ടായതോടെ ഇന്ത്യയും, പാക്കിസ്ഥാന്‍ ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ അയല്‍ രാജ്യങ്ങളുമെല്ലാം റെഡ് ലിസ്റ്റിലായി.

അടിയന്തര സാഹചര്യങ്ങളില്‍ ഒഴികെ റെഡ് ലിസ്റ്റ് രാജ്യങ്ങളിലേക്കോ തിരിച്ചോ ബ്രിട്ടന്‍ യാത്ര അനുവദിക്കില്ല. ഇത്തരത്തില്‍ യാത്രചെയ്യുന്നവര്‍ 1750 പൗണ്ട് മുന്‍കൂറായി അടച്ച് നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീനു വിധേയരാകണം. ക്വാറന്റീനിടെ സ്വന്തം ചെലവില്‍ രണ്ടുവട്ടം പിസിആര്‍ ടെസ്റ്റും നടത്തണം. ഇതു ലംഘിച്ചാല്‍ 10000 പൗണ്ട് വരെ പിഴയും പത്തുവര്‍ഷം വരെ തടവും ലഭിക്കും. നാല് പേരുള്ള കുടുംബം യാത്ര ചെയ്യണമെങ്കില്‍ ക്വാറന്റീന്‍ ചെലവായി മാത്രം നല്‍കേണ്ടത് 3,050 പൗണ്ടാണ്. ഇന്നത്തെ വിനിമയനിരക്കില്‍ മൂന്ന് ലക്ഷത്തിനു മുകളിലാണിത്.

ഓരോ രാജ്യത്തെയും കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ജോയിന്റ് ബയോ സെക്യൂരിറ്റി സെന്റര്‍ നല്‍കുന്ന ഉപദേശപ്രകാരമാണ് രാജ്യങ്ങളെ വിവിധ വര്‍ണങ്ങളിലായി തിരിക്കുന്നത്. ഇത്തരത്തില്‍ ബുധനാഴ്ച നടത്തിയ അവലോകത്തിലാണ് ഇന്ത്യയെ തല്‍ക്കാലത്തേക്ക് റെഡ് ലിസ്റ്റില്‍ തന്നെ നിലനിര്‍ത്താന്‍ തീരുമാനം ഉണ്ടായത്. ഇന്ത്യ ഉള്‍പ്പെടെ 60 രാജ്യങ്ങളാണു പുതിയ റെഡ് ലിസ്റ്റില്‍ ഉള്ളത്.

ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവയും ഏതാനും യൂറോപ്യന്‍ രാജ്യങ്ങളും ബ്രിട്ടന്റെ ഓവര്‍സീസ് ടെറിട്ടറികളും ഉള്‍പ്പെടെ 30ല്‍ താഴെ സ്ഥലങ്ങളെയാണ് ക്വാറന്റീന്‍ വേണ്ടാത്ത ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മറ്റു രാജ്യങ്ങളെല്ലാം ഹോം ക്വാറന്റീന്‍ അനിവാര്യമായ ആംബര്‍ ലിസ്റ്റിലാണ്. ഇന്ത്യയെയും ആംബര്‍ ലിസ്റ്റിലാക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബ്രിട്ടനിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍.

ക്യൂബ, ഇന്തോനീഷ്യ, മ്യാന്‍മാര്‍, സിയാറ ലിയോണ്‍ എന്നീ രാജ്യങ്ങളെയാണ് ഇന്നലെ പുതുതായി റെഡ് ലിസ്റ്റിലേക്ക് ചേര്‍ത്തത്. ഗ്രീന്‍ ലിസ്റ്റിലായിരുന്ന ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍സ്, ബലാറിക് ഐലന്‍സ് എന്നിവയെ ആംബര്‍ ലിസ്റ്റിലാക്കി.

ആംബര്‍ ലിസ്റ്റിലായിരുന്ന ബള്‍ഗേറിയ, ഹോങ്കോങ്ങ് എന്നിവയെ ഗ്രീന്‍ ലിസ്റ്റിലേക്ക് മാറ്റി. ക്രോയേഷ്യ, തായ്വാന്‍ എന്നീ രാജ്യങ്ങളെ ഗ്രീന്‍ വാച്ച്‌ലിസ്റ്റിലാക്കിയിട്ടുണ്ട്. നിലവിലെ സ്ഥിതി മോശമായാല്‍ ഇവരും ആംബര്‍ ലിസ്റ്റിലാകും. ഈ മാസം 19 മുതലാണ് റീഷഫിള്‍ ലിസ്റ്റ് പ്രാബല്യത്തിലാകുന്നത്.