യോഗാസനപ്രകാരം ഏതൊരു വ്യക്തിയിലുമുള്ള ശക്തിയാണ് കുണ്ഡലിനി എന്നാണ് സങ്കൽപം. സാധാരണ വ്യക്തികളിൽ മൂലാധാരത്തിൽ കുണ്ഡല(ചുരുൾ) രൂപത്തിൽ സുഷുപ്തിയിലിരിക്കുന്ന സർപ്പിണിയായാണ് കുണ്ഡലിനിയെ യോഗ ശാസ്ത്രകാരന്മാർ വിശദീകരിക്കുന്നത്.
ക്രമമായ നിരന്തര സാധന വഴി കുണ്ഡലിനിയെ ഉണർത്തുകയും യോഗ ശാസ്ത്രത്തിൽ പറയുന്ന ഏഴ് ചക്രങ്ങളിൽ കൂടി ഇതിനെ മുകളിലേക്ക് ഉയർത്തുന്നതിലൂടെ അനിർവചനീയമായ ആനന്ദത്തെ അനുഭവിക്കാൻ സാധിക്കുമെന്നാണ് വിശദീകരിക്കപ്പെടുന്നത്. സാധനപ്രകാരം കുണ്ഡലിനി ചുരുൾ നിവർത്തി സുഷുമ്നാ നാഡി വഴി പ്രവേശിക്കുന്നുവെന്നാണ് സങ്കൽപം.

യഥാവിധി പ്രാണായാമം ചെയ്യുമ്പോളുണ്ടാകുന്ന ചൂട് നിമിത്തം കുണ്ഡലിനി നിദ്രയിൽ നിന്നുണർന്നുവരികയും അത് ക്രമേണ മേലോട്ടുള്ള ആറ് ചക്രങ്ങളെയും കടന്ന് മൂർദ്ധാവിലുള്ള സഹസ്രാരപത്മത്തിലെത്തി അവിടെ കുടികൊള്ളുന്ന ശിവചൈതന്യത്തിൽ ലയിച്ച് യോഗി നിർവികൽപ സമാധിയുടെ സുഖം അനുഭവിക്കുകയും ചെയ്യുന്നുവെന്ന് പറയപ്പെടുന്നു.
ഇഡ, പിംഗല എന്നീ നാഡികളെപ്പറ്റി യോഗശാസത്രത്തിൽ പ്രതിബാധിക്കുന്നുണ്ട്. യഥാർഥത്തിൽ സുഷുമ്നയെ ചുറ്റി ഇടവും വലവുമായി ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്ന പ്രാണ നാഡികൾ ആണ്. ആധുനിക ശരീര ശാസ്ത്രവുമായി ഇതിന് ബന്ധമില്ല. സുഷുമ്നയെയും നാഡിയായി യോഗശാസ്ത്രം പരിഗണിക്കുന്നു.
ഇഡ, പിംഗല നാഡികൾ പ്രാണനെ വഹിച്ചുകൊണ്ട് മേലും താഴെയുമായി ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നു. ഇവ അതിസൂക്ഷ്മമായ നാഡികളാണ്. ഇഡയുടെ ദേവത ചന്ദ്രനായതുകൊണ്ട് അത് ചാന്ദ്രനാഡിയും പിംഗലയുടെ ദേവത സൂര്യനായതുകൊണ്ട് അത് സൂര്യനാഡിയും സുഷുമ്നയുടെ ദേവത അഗ്നിയായതുകൊണ്ട് അത് അഗ്നിനാഡിയുമാണ്. ഇഡ ഇടതു നാസികയിൽക്കൂടിയും പിംഗള വലതു നാസികയിൽക്കൂടിയും പ്രവഹിക്കുന്നു. ഇഡ തമപ്രകൃതിയും പിംഗള രജസ്സ് പ്രകൃതിയും ഉള്ളതാണെന്നാണ് സങ്കൽപം.

പ്രാണായാമം ചെയ്യുന്നതുവഴി പ്രാണൻ നിയന്ത്രിക്കപ്പെടുകയും സുഷ്മനയിലേക്ക് കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നു. കുണ്ഡലിനി ഉണർന്ന് സുഷുമ്നയിൽക്കൂടി ചലിക്കുമ്പോൾ അഗാധമായ ധ്യാനവും ക്രമേണ സമാധി എന്ന അവസ്ഥയുമുണ്ടാകുന്നു.
കുണ്ഡലിനിയിൽ നിന്ന് 72000 നാഡികൾ ഉത്ഭവിക്കുന്നുവെന്നാണ് സങ്കൽപം. അവയിൽ 72 എണ്ണം പ്രധാനപ്പെട്ടതും അവയിൽ പത്തെണ്ണം അതിപ്രധാനവും അവ പ്രാണനെ ധരിക്കുന്നവയുമാണെന്ന് പറയുന്നു. മൂലാധാരത്തിൽ ആരംഭിച്ച് സ്വാധിഷ്ഃഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ, എന്നിങ്ങനെ ആറാധാരങ്ങളിലൂടെയാണ് കുണ്ഡലിനിയുടെ യാത്ര. കുണ്ഡലിനിയുടെ യാത്രയിൽ യോഗികൾക്ക് യോഗാനന്ദം ലഭിക്കുന്നു.
ഡാകിനി, രാകിനി, ലാകിനി, കാകിനി, ഷാകിനി, ഹാകിനി എന്നീ ദേവതകളെയാണ് കുണ്ഡലിനിയുടെ പഥത്തിൽ ആന്തരികമായി സങ്കല്പിച്ച് ദർശിക്കുന്നത്. ഓരോ ദേവതക്കും വ്യത്യസ്തമായ വർണ്ണവും വസ്ത്രവും ആയുധങ്ങളും സങ്കൽപ്പിക്കപ്പെട്ടിട്ടുണ്ട്. കുണ്ഡലിനി ഓരോ ഘട്ടം കഴിയുമ്പോഴും യോഗിക്ക് ദേവതമാർ നൽകുന്ന സിദ്ധികളും പഞ്ചേന്ദ്രിയങ്ങളിലൂടെ നൽകുന്ന ആനന്ദവും പതഞ്ജലി വിശദീകരിച്ചിട്ടുണ്ട്. ഈ അവസ്ഥക്ക് പ്രാണസാക്ഷാത്കാരം എന്നു പറയുന്നു.
കുണ്ഡലിനി സഹസ്രാര പത്മത്തിൽ പ്രവേശിച്ചു കഴിയുമ്പോൾ അയാൾ കേവലവും ശുദ്ധവുമായ ആനന്ദം അനുഭവിക്കുകയും ചെയ്യുന്നു. ആ യോഗി സർവസ്വാതന്ത്ര്യവും സർവൈശ്വര്യങ്ങളും മറ്റനേകം സിദ്ധികളും നേടുന്നു. സഹസ്രാര പത്മത്തിൽ കുണ്ഡലിനി പ്രവേശിക്കുന്നതോടുകൂടി സാധകൻ പരമമായ ബോധത്തേയും അറിവിനേയും നേടുന്നു. ഈ അവസ്ഥയെ നിർവാണമെന്നും വിശേഷിപ്പിക്കാറുണ്ട്.
ഷഡാധാരചക്രങ്ങളിലെല്ലാം കുടികൊള്ളുന്നത് സൂക്ഷ്മശരീരത്തിൽ കുടികൊള്ളുന്ന ഊർജ്ജമാണ്. പ്രാണായാമത്തിന്റെ പരിശീലനംകൊണ്ട് നാഡികൾ ശുദ്ധീകരിക്കപ്പെടുന്നു. യോഗിയുടെ ശരീരത്തിൽ ലാഘവത്വം, ശരീരവർണത്തിൽ തിളക്കം, ആമാശയാഗ്നിയുടെ വർദ്ധനവ്, ശരീരത്തിന്റെ കൃശത്വം, അവിരാമമായ ശാരീരികശാന്തി എന്നിവയുണ്ടാക്കുന്നു. ഇവകളെല്ലാം ആകമാനമുള്ള പരിശുദ്ധിയുടെ ലക്ഷണങ്ങളാണ്. മഹായോഗികൾ ഈ അവസ്ഥയിലിരുന്നാണ് ജീവാത്മാവിനെ പരമാത്മാവിൽ ലയിപ്പിച്ചിട്ട് ജീവന്മുക്തി നേടുന്നത്.
