Home ആരോഗ്യം വന്ധ്യതയിലേക്ക് നയിക്കുന്ന കാരണങ്ങള്‍…

വന്ധ്യതയിലേക്ക് നയിക്കുന്ന കാരണങ്ങള്‍…

പുതിയ തലമുറയിൽ വന്ധ്യത കൂടിവരുന്നെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ജങ്ക് ഫുഡിന്റെ അമിതോപയോഗം, വൈകിയുള്ള വിവാഹം, ഏനെനേരം തുടർച്ചയായി ഇരുന്നുകൊണ്ടുള്ള ജോലി, പുകവലി, മദ്യപാനം, മാനസികസമ്മർദം എന്നിവയും കാരണങ്ങളാണ്. എങ്കിലും മുൻകാലങ്ങളെ അപേക്ഷിച്ച് കൃത്യമായ ചികിത്സകളിലൂടെ ഒരു പരിധിവരെ വന്ധ്യത പരിഹരിക്കാൻ സാധിക്കുന്നുണ്ട്.

കാരണങ്ങൾ

ശാരീരികബന്ധത്തിനുണ്ടാകുന്ന തടസ്സങ്ങൾ, സ്ഖലനപ്രശ്നങ്ങൾ, ബീജത്തിന്റെ ചലനശേഷിക്കുറവ്, ഹോർമോൺ വ്യതിയാനം, വെരിക്കോസ് വെയിൻ, പ്രമേഹം, അമിതമായ ചൂട് എന്നിവയാണ് പുരുഷന്മാരെ വന്ധ്യതയിലേക്കു നയിക്കുന്നത്. സ്ത്രീകളിൽ പി.സി.ഒ.ഡി.(പോളി സിസ്റ്റിക് ഓവറി ഡിസീസ്), എൻഡോമെട്രിയോസിസ്, ട്യൂബിലുണ്ടാകുന്ന ഗർഭധാരണം, ക്രമംതെറ്റിയ ആർത്തവം, ജന്മനാ ഗർഭപാത്രത്തിനുള്ള പ്രശ്നങ്ങൾ, ഉയർന്ന പ്രായം എന്നിവയാണ് കാരണങ്ങൾ.

പ്രൈമറി ഇൻഫെർട്ടിലിറ്റി –
ഒരിക്കലും ഗർഭധാരണം നടന്നിട്ടില്ലാത്ത അവസ്ഥയാണിത്. എൻഡോമെട്രിയോസിസ്, പി.സി.ഒ.ഡി., അമിതവണ്ണം, ക്രമംതെറ്റിയ ആർത്തവം, ഹോർമോൺ വ്യതിയാനം, ഗർഭാശയമുഴ, ബീജമില്ലാത്ത അവസ്ഥ എന്നിവയാണ് കാരണം.

സെക്കൻഡറി ഇൻഫെർട്ടിലിറ്റി

ഒന്നോ രണ്ടോ തവണ ഗർഭധാരണം നടന്നശേഷം പിന്നീട് ഗർഭം ധരിക്കാത്ത അവസ്ഥ, ഗർഭം അലസിപ്പോയ അവസ്ഥ എന്നിവയാണ് ഇക്കൂട്ടത്തിൽപ്പെടുന്നത്. ട്യൂബിലെ പ്രശ്നങ്ങളാണ് ഇതിനു പ്രധാന കാരണം.

ചികിത്സ –
ഗർഭനിരോധനമാർഗങ്ങൾ സ്വീകരിക്കാതെ ഒരുവർഷത്തോളം ശാരീരിക ബന്ധം തുടർന്നശേഷവും ഗർഭധാരണം നടക്കാതെവരുമ്പോഴാണ് പരിശോധന ആവശ്യമായി വരുന്നത്. ചില സാഹചര്യങ്ങളിൽ ഈ കാലയളവ് രണ്ടുവർഷം വരെയാകാം. സ്ത്രീയുടെ വയസ്സിന് ഇവിടെ പ്രാധാന്യമുണ്ട്. മുപ്പതിനു മുകളിലാണെങ്കിൽ ഒരുവർഷംവരെ കാത്തിരിക്കണമെന്നില്ല. ശാരീരിക ബുദ്ധിമുട്ടുകളുണ്ടെങ്കിൽ പുരുഷനും ഒരുവർഷമെന്ന കാലയളവ് ബാധകമല്ല.

ചികിത്സാരീതികൾ
ഗർഭധാരണം വൈകുന്നത് സ്ത്രീയുടെ ശാരീരിക തകരാറുകൾമൂലമാണെന്ന ചിന്തയാണ് മുൻപ് നിലനിന്നിരുന്നത്. എന്നാൽ പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതയുടെ നിരക്ക് തുല്യമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ചികിത്സതേടുമ്പോൾ ഭാര്യയും ഭർത്താവും ഒന്നിച്ചു പോകുന്നതാണ് നല്ലത്. പുരുഷന്റെ ബീജോത്പാദനശേഷി, സ്ത്രീകളിലെ അണ്ഡോത്പാദനം, മുൻപ് അപകടങ്ങൾക്കോ ശസ്ത്രക്രിയകൾക്കോ വിധേയമായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഈ ഘട്ടത്തിൽ വിലയിരുത്തും.

രക്തപരിശോധന, ഓവുലേഷൻ സ്കാനിങ്, തൈറോയ്ഡ് പരിശോധന, ഹോർമോൺ പരിശോധന എന്നിവയാണ് സ്ത്രീകളിൽ പ്രാഥമികമായി ചെയ്യുന്നത്. പുരുഷനിൽ ബീജപരിശോധനയ്ക്കാണ് പ്രാധാന്യം. ഗുളികകളും ഇൻജക്ഷനും മുഖേനയുള്ള ചികിത്സകളാണ് ആദ്യപടി. ഇത് എല്ലാവരിലും ഫലപ്രദമാകണമെന്നില്ല. അത്തരം സന്ദർഭങ്ങളിൽ വിജയസാധ്യത കൂടുതലുള്ള ഇൻട്രാ യൂട്ടറൈൻ ഇൻസെമിനേഷൻ (ഐ.യു.ഐ.), ഇക്സി, ഐ.വി.എഫ്. ചികിത്സകളിലേക്ക് കടക്കും. സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലും ഇപ്പോൾ ഐ.വി.എഫ്. ചികിത്സ ലഭ്യമാണ്.