ആരോഗ്യത്തിന് വളരെയേറെ ഗുണകരമായ ഒന്നാണ് നട്‌സുകള്‍ കഴിക്കുന്നത്. നട്‌സുകളില്‍ തന്നെ ഏറ്റവും പോഷകസമ്പന്നമാണ് ബദാം. ബദാം വെറുതെ കഴിക്കുന്നതിനേക്കാള്‍ ഗുണകരമാണ് അത് കുതിര്‍ത്ത് കഴിക്കുന്നത്. ജീവകം ഇ, ഫൈബര്‍, ഫോളിക് ആസിഡ് ഇവയെല്ലാം ധാരാളമായി ബദാമില്‍ അടങ്ങിയിട്ടുണ്ട്.
അത് കൊണ്ട് തന്നെ ദഹനം, പ്രമേഹം, ചര്‍മത്തിന്റെ ആരോഗ്യം ഇവയ്ക്കും ഗുരുതര രോഗങ്ങളെ തടയാനും ബദാം കുതിര്‍ത്ത് കഴിക്കുന്നത് ഫലപ്രദമാണ്. ഫൈബര്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ മലബന്ധം, ദഹനക്കേട് ഇവയെല്ലാം അകറ്റാനും സഹായിക്കും.
ദഹനത്തിനു സഹായിക്കുന്നതോടൊപ്പം വിശപ്പ് കുറയ്ക്കാനും നല്ലതാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ലൊരു ഭക്ഷണമാണ്. ബേക്കറി പലഹാരങ്ങള്‍ ഒഴിവാക്കി പകരം ബദാം കഴിക്കുന്നത് ശീലമാക്കുക. ആന്റി ഓക്‌സിഡന്റുകളുടെ കലവറയായ ബദാം കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നു. ബദാം കഴിക്കുന്നത് നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎലിന്റെ അളവ് കൂട്ടാനും സഹായിക്കുമെന്ന് ന്യൂട്രീഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ വിശദീകരിക്കുന്നുണ്ട്.
ഒരു ബൗളില്‍ ഒരു പിടി ബദാം എടുത്ത ശേഷം വെള്ളം ചേര്‍ക്കുക. ബദാം കുറഞ്ഞത് 8-12 മണിക്കൂറോ ഒരു രാത്രി മുഴുവനോ വെള്ളത്തില്‍ കുതിര്‍ക്കാന്‍ വയ്ക്കുക. രാവിലെ ഈ വെള്ളം കളഞ്ഞ് ബദാമിന്റെ തൊലിയും കളഞ്ഞ ശേഷം കഴിക്കുക.