Home വാണിജ്യം ഫേസ്ബുക്കിനെ മറികടന്ന് ടിക്ടോക്; ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പ്

ഫേസ്ബുക്കിനെ മറികടന്ന് ടിക്ടോക്; ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പ്

ലോകത്ത് ഏറ്റവും അധികം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായി ടിക് ടോക് മാറി. ഇതോടെ പ്രമുഖ സോഷ്യല്‍ മീഡിയ ഭീമന്‍ ആപ്പായ ഫേസ്ബുക്കിന്റെ സ്ഥാനമാണ് ചൈനീസ് ആപ്പായ ടിക് ടോക് കയ്യടക്കിയത്.

2017ലാണ് ചൈനീസ് സ്ഥാപനമായ ബൈറ്റ് ഡാന്‍സ് ടിക് ടോക്കിന്റെ ഇന്റര്‍നാഷണല്‍ വെര്‍ഷന്‍ പുറത്തിറക്കുന്നത്. വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയെ മറികടന്നാണ് ടിക് ടോക് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

കോവിഡ് മഹാമാരി കാലത്ത് ടിക് ടോക്കിന്റെ ജനപ്രീതി വര്‍ധിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്പ്, സൗത്ത് അമേരിക്ക, യുഎസ് എന്നിവിടങ്ങളിലാണ് ടിക് ടോക്കിന് കൂടുതല്‍ ഉപയോക്താക്കളുള്ളത്.

അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യ ടിക് ടോക്ക് ഉള്‍പ്പെടെ ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചിരുന്നു. ഇന്ത്യയായിരുന്നു ടിക് ടോക്കിന്റെ ഏറ്റവും വലിയ വാണിജ്യ മേഖല.

കോവിഡ് കാലത്ത് കൂടുതല്‍ ജനപ്രീതി നേടിയ മറ്റൊരു സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടെലഗ്രാം, ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന കാര്യത്തില്‍ ഏഴാം സ്ഥാനത്തെത്തിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.