Home ആരോഗ്യം ബാലന്‍സ്ഡ് ഡയറ്റ് എന്നാല്‍ ഇങ്ങനെയാണ്; ഏറെ ലളിതമായ ചില ടിപ്‌സുകള്‍

ബാലന്‍സ്ഡ് ഡയറ്റ് എന്നാല്‍ ഇങ്ങനെയാണ്; ഏറെ ലളിതമായ ചില ടിപ്‌സുകള്‍

ന്താണ് ‘ബാലന്‍സ്ഡ് ഡയറ്റ്’ എന്നതില്‍ മിക്കവര്‍ക്കും ആശയക്കുഴപ്പമുണ്ടാകാറുണ്ട്. ശരീരത്തിന് ആവശ്യമായ ഘടകങ്ങളെല്ലാം ഭക്ഷണത്തിലൂടെ ഉറപ്പുവരുത്തുന്നതാണ് ‘ബാലന്‍സ്ഡ് ഡയറ്റ്’. ‘ബാലന്‍സ്ഡ് ഡയറ്റ്’ ഉണ്ടെങ്കില്‍ തന്നെ ആരോഗ്യത്തോടെ മുന്നോട്ടുപോകാമെന്നും അസുഖങ്ങളെ അകറ്റിനിര്‍ത്താമെന്നും ഡോക്ടര്‍മാര്‍ ഉപദേശിക്കാറുണ്ട്.

ശരീരത്തിനാവശ്യമായ അത്രയും വെള്ളം കൃത്യമായി ഇടവേളകളില്‍ നല്‍കുക ഏറെ നിര്‍ബന്ധമായ കാര്യമാണ്. ഡയറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഏറ്റവും പ്രധാനം ഇതുതന്നെ. ആരോഗ്യത്തിന് ദോഷമാകുമോയെന്ന് ഭയന്ന് കാര്‍ബോഹൈഡ്രേറ്റ്- കൊഴുപ്പ് എന്നിവ പൂര്‍ണമായി ഒഴിവാക്കുന്നവരുണ്ട്. ഇത് ആശാസ്യമല്ല. ശരീരത്തിന് വേണ്ട കാര്‍ബ്- കൊഴുപ്പ് എന്നിവ കഴിക്കുക തന്നെ വേണം.

ശരീരം എത്രത്തോളം ഊര്‍ജ്ജം ചിലവിടുന്നുണ്ട് എന്നതിന് അനുസരിച്ച് വേണം ഭക്ഷണം കഴിക്കാന്‍. കായികാധ്വാനങ്ങള്‍ കുറവാണെങ്കില്‍ അതിന് അനുസരിച്ച് ഭക്ഷണം മിതപ്പെടുത്തേണ്ടതുണ്ട്. അമിതമായി കൊഴുപ്പ് കാര്‍ബോഹൈഡ്രേറ്റ് എന്നിവ കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഭക്ഷണത്തിന്റെ അളവും പരിമിതമാക്കുക.

ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാകാത്ത രണ്ട് ഘടകങ്ങളാണ് ഉപ്പും മധുരവും. എന്നാലിവയുടെ കാര്യമായ ഉപയോഗം ക്രമേണ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ തന്നെ രണ്ടും മിതമായി മാത്രം ഉപയോഗിച്ച് ശീലിക്കുക.

ആദ്യമേ സൂചിപ്പിച്ചത് പോലെ ശരീരത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും ഡയറ്റില്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനായി പലവിധ ഭക്ഷണങ്ങള്‍ കഴിക്കുക. പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, പരിപ്പുവര്‍ഗങ്ങള്‍, മത്സ്യ-മാംസാദികള്‍, പാല്‍ അങ്ങനെ കഴിവതും ഓരോ ദിവസത്തിലും ഡയറ്റിനെ സമ്പൂര്‍ണമാക്കുക.