Home ആരോഗ്യം സ്ഥിരമായി നടുവേദനയുള്ളവരാണോ?; ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്

സ്ഥിരമായി നടുവേദനയുള്ളവരാണോ?; ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്

ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന(back pain) അനുഭവപ്പെടാത്തവര്‍ ഉണ്ടാകില്ല. പ്രായഭേദമന്യേ നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പലരും. മാറിയ ജീവിത ശൈലികളും(lifestyle) ഭക്ഷണ രീതികളുമാണ് പ്രധാനമായും ചെറിയ പ്രായത്തില്‍ തന്നെ നടുവേദനയുണ്ടാകാനുള്ള കാരണം.

അരക്കെട്ടിന് വേദന, അരക്കെട്ടില്‍ നീര്‍ക്കെട്ട് , അരക്കെട്ടിന് പിടിത്തം, കുനിയുന്നതിന് പ്രയാസം, ശക്തമായ വേദന, മുട്ട് മടക്കാതെ കാലുകള്‍ മുകളിലേക്ക് ഉയര്‍ത്തുമ്പോള്‍ കാലുകള്‍ക്ക് ശക്തമായ പിടിത്തവും വേദനയും അനുഭവപ്പെടുക എന്നിവയെല്ലാം നടുവേദനയുടെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. നടുവേദനയുള്ളവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

പലപ്പോഴും മതിയായ വിശ്രമം ലഭിച്ചാല്‍ നടുവേദനയ്ക്ക് പരിഹാരം ഉണ്ടാവാറുണ്ട്. ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് വേദനക്കുള്ള മരുന്നുകള്‍ കഴിക്കുന്നതും സഹായിക്കും.

കൃത്യമായ വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ പേശികളെ ആരോഗ്യമുള്ളതാക്കാനും നടുവിന്റെ ആരോഗ്യം വീണ്ടെടുക്കുവാനും സാധിക്കും. കഴുത്തും ഇടുപ്പും അനക്കിക്കൊണ്ടുള്ള വ്യായാമങ്ങള്‍ ചെയ്യുക. വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുന്നത് നടുവേദനയെ ഒരു പരിധി വരെ അകറ്റാന്‍ സഹായിക്കും.

തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുന്നത് നന്നാകും. നടുവിന് കൃത്യമായ താങ്ങ് കൊടുക്കുന്ന തരത്തിലുള്ള കസേരകള്‍ ഉപയോഗിക്കുന്നത് സഹായിക്കും.

നട്ടെല്ല് നിവര്‍ന്ന് വേണം ജോലി ചെയ്യുക. ഇത്തരം ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇരുന്ന് ജോലി ചെയ്യുന്നവരില്‍ സാധാരണ കണ്ട് വരുന്ന നടുവേദനയ്ക്ക് പരിഹാരമാവും.