Home അറിവ് അസ്ഥിക്ഷയത്തെ ശ്രദ്ധിക്കാം

അസ്ഥിക്ഷയത്തെ ശ്രദ്ധിക്കാം

ന്ന് ഒക്ടോബർ 20, ലോക അസ്ഥിക്ഷയ ദിനമാണ്. ശരീരത്തിലെ അസ്ഥികൾക്ക് ബലക്ഷയം സംഭവിക്കുകയും പിന്നീട് പൊട്ടിപ്പോകുകയും ചെയ്യുന്ന ഓസ്റ്റിയോപോറോസിസ് (osteoporossi ) അഥവാ അസ്ഥിക്ഷയം എന്ന രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവർ ഏറെയുണ്ട്. അതിശക്തമായ വേദനകൾ ( Severe Pain ) കൊണ്ട് ജീവിതം തന്നെ പ്രയാസകരമായി മാറുന്നവർ, പലപ്പോഴും പൂർണ്ണമായി കിടപ്പിലായിപ്പോകുന്നവർ, അംഗവൈകല്യം സംഭവിക്കുന്നവർ അങ്ങനെ ഓസ്റ്റിയോപോറോസിസിന്റെ ഇരകൾ നിരവധിയാണ്.

ലോകത്ത് ഓസ്റ്റിയോപോറോസിസ് രോഗം ബാധിച്ചവരുടെ എണ്ണം വളരെയേറെയാണ്. 50 വയസ്സു കഴിഞ്ഞവരിൽ പുരുഷൻമാരിൽ നാലിൽ ഒരാൾക്ക് ഈ രോഗമുണ്ടെന്നാണ് കണക്ക്. സ്ത്രീകളിൽ ഇത് രണ്ടിൽ ഒരാൾക്ക് എന്ന അവസ്ഥയിലാണ്. ഇടുപ്പെല്ലുകളിലോ നട്ടെല്ലിലോ ക്ഷതമേൽക്കുന്നതോടെ ജീവിതം തന്നെ ആകെ തകിടം മറിയും. പൂർണ്ണമായും കിടപ്പിലാകുകയും രോഗത്തിന്റെയോ അതുമായി ബന്ധപ്പെട്ടു ചെയ്യുന്ന ചികിത്സകളുടെയോ സങ്കീർണ്ണതകളുടെ ഫലമായി മരണം വരിക്കുന്ന രോഗികളുടെ എണ്ണം 20 ശതമാനമാണെന്ന് കണക്കുകൾ പറയുന്നു.

ഓസ്റ്റിയോപോറോസിസ് ഒരു നിശബ്ദ വില്ലനാണ്, കാരണം എല്ലുകൾ ദുർബലമാകുന്നതിന്റെ ലക്ഷണങ്ങളൊന്നും പലപ്പോഴും ശരീരം കാണിച്ചെന്നു വരില്ല. എന്തെങ്കിലും ചെറിയ കാരണങ്ങൾ കൊണ്ട് എല്ലുകൾ പൊട്ടുമ്പോൾ മാത്രമാണ് അസ്ഥിക്ഷയം തിരിച്ചറിയപ്പെടുന്നത് തന്നെ. നട്ടെല്ല് കുനിഞ്ഞു മുന്നോട്ടു വരുന്ന വിധത്തിൽ വളവ് സംഭവിക്കുകയും ഉയരം വയ്ക്കുന്നതിന് തടസ്സം സംഭവിക്കുകയും ചെയ്താൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.

എല്ലുകൾ ദുർബലമാകുന്നതോടെ പൊട്ടാനുള്ള സാധ്യതയും വർധിക്കും. വീഴ്ചകളും മറ്റുമാണ് കാരണം അസ്ഥികൾ പൊട്ടുന്നതിനു പുറമെ, തുമ്മിയാൽ പോലും എല്ലുകൾ നുറുങ്ങുന്ന രോഗാവസ്ഥകളെക്കുറിച്ച് കേട്ടിട്ടില്ലേ? ഓസ്റ്റിയോപോറോസിസ് എന്നാൽ തുള വീണ എല്ലുകൾ പോലെയാണ്. ആരോഗ്യമുള്ള ഒരാളുടെ എല്ലിന്റെ ഘടന മൈക്രോസ്‌കോപ്പിലൂടെ നോക്കുമ്പോൾ ഒരു തേനീച്ചക്കൂടു പോലെയാണ്. തുളകൾക്കിടയിലെ വിടവുകളും മറ്റും വലുതാവുന്നതിനനുസരിച്ച് എല്ലുകൾ ദുർബലമാണെന്ന് മനസ്സിലാക്കാം.

സാന്ദ്രതയും ബലവും നഷ്ടപ്പെട്ട എല്ലുകളിൽ അസാധാരണമായ കോശഘടനയും കാണപ്പെടുന്നു. ദുർബലമാകുന്നതിനനുസരിച്ച് പൊട്ടാനുള്ള സാധ്യതയും കൂടുന്നു. നിങ്ങൾക്ക് 50 വയസ്സ് കഴിഞ്ഞുവെങ്കിൽ, ഒരു വീഴ്ചയിലോ മറ്റോ നിങ്ങളുടെ എല്ല് പൊട്ടിയിട്ടുണ്ടെങ്കിൽ ബോൺ ഡെൻസിറ്റി ടെസ്റ്റ് നടത്താൻ ഡോക്ടർമാരോട് ആവശ്യപ്പെടുന്നതാണ് നല്ലത്. രോഗാവസ്ഥയുടെ ഗൗരവം തന്നെയാണ് ചികിത്സാ ചെലവിന്റെ കാര്യത്തിലും. പലപ്പോഴും ചിലവേറിയ ചികിത്സ ആവശ്യമായി വരും. ചികിത്സ തേടാതിരിക്കാനും ആവശ്യമായ തുടർ ചികിത്സകൾ ലഭിക്കാതിരിക്കാനുമെല്ലാം ഇത് കാരണവുമാകുന്നുണ്ട്.

ചില ചികിത്സാവിധികൾ, ചില ആരോഗ്യപ്രശ്നങ്ങൾ എന്നിവയൊക്കെ ഓസ്റ്റിയോപോറോസിസിൽ കൊണ്ടു ചെന്നെത്തിക്കാം. ആമവാതം, ചർമ്മാർബുദം, മൾട്ടിപ്പ്ൾ സ്‌ക്ലീറോസിസ്- കലകൾ കല്ലിക്കുന്ന അവസ്ഥ, സ്പോണ്ടിലൈറ്റിസ് തുടങ്ങിയ പ്രതിരോധ സംബന്ധമായ രോഗങ്ങൾ, പോഷകങ്ങൾ വലിച്ചെടുക്കാനും മറ്റും കഴിവില്ലാതാവുന്നതുകൊണ്ടുണ്ടാകുന്ന സെലിയാക് ഡിസീസ്, ഇൻഫ്ളമേറ്ററി ബവൽ ഡിസീസ്, ഭാരം കുറയ്ക്കാനായി നടത്തുന്ന ശസ്ത്രക്രിയ തുടങ്ങിയവയുണ്ടെങ്കിൽ നിങ്ങളുടെ എല്ലുകളുടെ ആരോഗ്യ സംരക്ഷണത്തിന് എന്തു ചെയ്യണമെന്ന് ഡോക്ടറോട് നിർദ്ദേശം തേടാവുന്നതാണ്. ഗാസ്ട്രക്ടമി, ഗാസ്ട്രോഇന്റസ്റ്റിനൽ ബൈപാസ് പ്രൊസീജർ, ബ്രസ്റ്റ് കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ, പക്ഷാഘാതം, നട്ടെല്ലിനുണ്ടാകുന്ന അപകടങ്ങൾ തുടങ്ങിയ നിരവധി രോഗങ്ങളുണ്ടെങ്കിലും എല്ലുകളുടെ ബലത്തെ അത് പ്രതികൂലമായി ബാധിച്ചേക്കാം.

വിവിധ രോഗങ്ങൾക്കു വേണ്ടി നാം കഴിക്കുന്ന മരുന്നുകളും രോഗം ഭേദമാകാൻ സഹായിക്കുന്നുണ്ടെങ്കിലും പലപ്പോഴും അസ്ഥിക്ഷയമുണ്ടാക്കുന്നവയാണ്. കാൻസർ രോഗത്തിനുള്ള കീമോതെറപി സംബന്ധമായ മരുന്നുകൾ ഉദാഹരണം. ജീവൻ രക്ഷാ മരുന്നുകളുടെ ഗണത്തിലാണ് സ്റ്റിറോയ്ഡ് മരുന്നുകൾ പരിഗണിക്കപ്പെടുന്നതെങ്കിലും അവ അസ്ഥിക്ഷയത്തിനും കാരണമാകും. സ്റ്റിറോയ്ഡ്സ്, ഗ്ലൂക്കോകോർട്ടിസോയ്ഡ്സ്, കോർട്ടിക്കോസ്റ്റിറോയ്ഡ്സ് തുടങ്ങിയ വിഭാഗങ്ങളായാണ് ഈ മരുന്നുകൾ അറിയപ്പെടുന്നത്.

പുതിയ നിരവധി അത്യാധുനിക ചികിത്സാ കേന്ദ്രങ്ങൾ നിലവിൽ വരുന്നതോടെ നാട്ടിൽ നിന്നും വിദഗ്ധ ചികിത്സ തേടി മറ്റു സംസ്ഥാനങ്ങളിലേക്കു പോകുന്നതിന് ആക്കം കുറഞ്ഞിട്ടുണ്ട്. അതി സൂക്ഷ്മമായ ശസ്ത്രക്രിയാ നടപടികളിലൂടെ ഏറ്റവും കുറഞ്ഞ കോശനഷ്ടത്തിലൂടെ വേദന കുറച്ച് ശസ്ത്രക്രിയ സാധ്യമാക്കാൻ റോബോട്ടിക് സർജറിക്കു സാധിക്കുന്നുണ്ട്. സന്ധി മാറ്റി വയ്ക്കൽ ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾ അത്യാധുനിക സംവിധാനങ്ങളെ ഉപയോഗിച്ചു തുടങ്ങിയതോടെ കൂടുതൽ ഫലപ്രദമായി വന്നിട്ടുണ്ട്.
അസ്ഥികൾക്ക് ബലം രൂപപ്പെട്ടുവരുന്ന ചെറു പ്രായം മുതൽ തന്നെ വ്യായാമത്തിനു പ്രാധാന്യം നൽകണം. 20 വയസ്സുവരെയാണ് എല്ലുകൾ വളർച്ച പ്രാപിക്കുകയും പൊട്ടിയതിനെക്കാൾ വേഗത്തിൽ അസ്ഥികോശങ്ങൾ വളരുകയും ചെയ്യുന്ന സമയം.

20 മുതൽ 30 വയസ്സെത്തുമ്പോഴേക്കും ഈ വളർച്ച പ്രാപിക്കൽ അതിന്റെ മൂർധന്യത്തിലെത്തുകയും അസ്ഥിവളർച്ച തിരിച്ചുപോക്ക് ആരംഭിക്കുകയും ചെയ്യും. അസ്ഥികൾക്ക് സ്വാഭാവികമായി സംഭവിക്കുന്ന ബലക്ഷയം 50 വയസ്സുമുതൽ ക്ഷയത്തിൽ നിന്ന് പലപ്പോഴും ക്ഷതങ്ങളിലേക്കെത്തുകയും ജീവിതാവസ്ഥ തന്നെ തകിടം മറിക്കുന്ന അവസ്ഥയും വരുന്നതായി കാണാറുണ്ട്. ഏതു പ്രായത്തിലായാലും ആവശ്യത്തിന് വ്യായാമം ചെയ്തും ഭാരം ഉയർത്തി പരിശീലിപ്പിച്ചും എല്ലുകളെ ബലമുള്ള എല്ലുകളാക്കി മാറ്റാൻ കഴിയുമെന്നിരിക്കെ വ്യായാമത്തിന്റെ പ്രാധാന്യം വളരെ വലുതാണെന്ന് മനസ്സിലാക്കാം. ആരോഗ്യമുള്ള ജീവിതത്തിന് ആരോഗ്യകരമായ ചെറുപ്പവും അനിവാര്യമാണ്.

കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്