Home ആരോഗ്യം ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഫാറ്റി ലിവര്‍ രോഗസാധ്യത കുറയ്ക്കാന്‍ കഴിയുമെന്ന് പഠനം

ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഫാറ്റി ലിവര്‍ രോഗസാധ്യത കുറയ്ക്കാന്‍ കഴിയുമെന്ന് പഠനം

രളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ രോഗം. മദ്യപാനം മൂലമുണ്ടാകുന്ന ആൽക്കഹോളിക് ഫാറ്റി ലിവർ, മദ്യപാനം മൂലമല്ലാത്ത നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ എന്നിങ്ങനെ രണ്ട് തരത്തിലുണ്ട് ഈ രോഗം.

കരൾ വീക്കത്തിലേക്കും കരൾ സ്തംഭനത്തിലേക്കുമെല്ലാം നയിക്കാവുന്ന ഫാറ്റി ലിവർ രോഗത്തിൻറെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണവിഭവങ്ങൾ പരിചയപ്പെടാം. അമിതവണ്ണം കുറയ്ക്കാനും ഇവ സഹായിക്കും.

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിൻറെ സാധ്യത കുറയ്ക്കാൻ കാപ്പി സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ലിവർ ഫൈബ്രോസിസ് ബാധിച്ചവരിൽ ഈ അവസ്ഥ മൂർച്ഛിക്കാതിരിക്കാനും കാപ്പി കുടി സഹായിക്കും. എന്നാൽ ഫാറ്റി ലിവർ രോഗികൾക്ക് പ്രമേഹത്തിൻറെയും അമിത വണ്ണത്തിൻറെയും സാധ്യതകൾ ഉള്ളതിനാൽ പാലോ പഞ്ചസാരയോ ചേർക്കാതെ കാപ്പി കുടിക്കുന്നതായിരിക്കും ഉത്തമം.

പയർ, പരിപ്പ്, കടല, സോയ പയർ എന്നിവയിലെല്ലാം അടങ്ങിയിരിക്കുന്ന റസിസ്റ്റൻറ് സ്റ്റാർച്ച് വയറിൻറെയും കുടലിൻറെയും ആരോഗ്യത്തെ മെച്ചപ്പെടുത്തി ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കുന്നു. പ്രോട്ടീൻ, ഫൈബർ, അയൺ, വൈറ്റമിനുകൾ എന്നിവ പയർ വർഗങ്ങളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. കൊഴുപ്പ് കൂടിയ മൃഗോത്പന്നങ്ങൾക്ക് പകരം പ്രോട്ടീൻ അടങ്ങിയ പയർ വർഗങ്ങളിലേക്ക് തിരിയുന്നത് കരളിൻറെ ആരോഗ്യം മെച്ചപ്പെടുത്തും.

സാൽമൺ, മത്തി, ചൂര പോലുള്ള മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ കരളിലെ കൊഴുപ്പും ശരീരത്തിൻറെ കൊളസ്ട്രോൾ തോതും കുറയ്ക്കാൻ സഹായകമാണ്. കരളിൽ മാത്രമല്ല രക്തധമനികളിലും കൊഴുപ്പ് അടിയാതിരിക്കാൻ ഒമേഗ-3 ഫാറ്റി ആസിഡ് സഹായിക്കും. ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുടെ സാധ്യതകളും ഇവ കുറയ്ക്കും.

വൈറ്റമിൻ ഇ ധാരാളം അടങ്ങിയ സൂര്യകാന്തി വിത്ത് ഫാറ്റി ലിവർ രോഗവുമായി മല്ലിടുന്നവർക്കും അതിനു സാധ്യതയുള്ളവർക്കും കഴിക്കാൻ സാധിക്കുന്ന അത്യുത്തമമായ ഭക്ഷണവിഭവമാണ്. ഉയർന്ന രക്തസമ്മർദത്തിനും ഹൃദ്രോഗത്തിനുമുള്ള സാധ്യത കുറയ്ക്കാനും ഇവ സഹായകമാണ്. ഇവയുടെ നിത്യവമുള്ള ഉപയോഗം പ്രതിരോധശേഷിയെയും ശക്തപ്പെടുത്തും.

ചീര പോലുള്ള ഇലകളിൽ അടങ്ങിയിട്ടുള്ള ഗ്ലൂട്ടത്തിയോൺ കരളിൻറെ ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും ഫാറ്റി ലിവർ പോലുള്ള രോഗസാധ്യതകളെ ചെറുക്കുകയും ചെയ്യും. കഴിവതും പച്ചയ്ക്ക് ഇവയെല്ലാം കഴിക്കുന്നത് ഗുണഫലം വർധിപ്പിക്കും. ഇവയിൽ അടങ്ങിയിരിക്കുന്ന ആൻറിഓക്സിഡൻറുകൾ ശരീരത്തിലെ വിഷാംശവും കുറയ്ക്കും.

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ കരളിലെ വിഷാംശം നീക്കി അവയെ ശുദ്ധീകരിക്കും. ഫാറ്റി ലിവർ രോഗ ബാധയുണ്ടാകുന്നവരിൽ ഉയർന്ന തോതിൽ കാണപ്പെടുന്ന അലനൈൻ ട്രാൻസ്അമിനേസ്(എഎൽടി), അസ്പർടേറ്റ് അമിനോട്രാൻസ്ഫെറേസ്(എഎസ്ടി) എന്നീ എൻസൈമുകളുടെ തോത് കുറയ്ക്കാൻ കുർക്കുമിൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

പോഷണസമൃദ്ധവും ഫൈബർ സമ്പുഷ്ടവുമായ ഓട്സ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗസാധ്യത കുറയ്ക്കുന്നു. ശരീരത്തിലെ ട്രൈഗ്ലിസറൈഡ് തോത് കുറയ്ക്കാനും ഓട്സ് ഫലപ്രദമാണ്.