Home ആരോഗ്യം മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് വിവരങ്ങള്‍ തിരുത്താം; 25 വരെ സമയം

മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് വിവരങ്ങള്‍ തിരുത്താം; 25 വരെ സമയം

ര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായുള്ള മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് നല്‍കിയ വിവരങ്ങള്‍ തിരുത്താല്‍ ഈ മാസം 25 വരെ സമയം അനുവദിച്ചു. വിവരങ്ങള്‍ തിരുത്തി കൃത്യമാക്കി നല്‍കാന്‍ ഈ മാസം 25 വരെ വകുപ്പുകള്‍ക്കും ട്രഷറികള്‍ക്കും ധനവകുപ്പ് സമയം അനുവദിച്ചിട്ടുണ്ട്. ഇനി സമയം അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഒരു പോളിസിയില്‍ 3 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. 24 മണിക്കൂറിലേറെയുള്ള കിടത്തി ചികിത്സയ്ക്കു മാത്രമേ പരിരക്ഷ ലഭിക്കൂ. അടുത്ത മാസം കരാര്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡാറ്റകള്‍ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കു സര്‍ക്കാര്‍ കൈമാറും. തുടര്‍ന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ഡിജിറ്റല്‍ കാര്‍ഡുകള്‍ ലഭ്യമാക്കും.

ക്യാഷ്‌ലെസ് സൗകര്യമാണ് ഒരുക്കുക. അപകടം പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ റീഇംബേഴ്‌സ്‌മെന്റ് അനുവദിക്കും. ഒരു പോളിസിയില്‍ ആദ്യ വര്‍ഷം ക്ലെയിം ചെയ്യാത്ത തുകയില്‍ നിന്ന് ഒന്നര ലക്ഷം രൂപ അടുത്ത വര്‍ഷത്തേക്ക് മാറ്റാനാകും. ഒ പി ചികിസയ്ക്ക് കവറേജ് ഇല്ല. അതേ സമയം സര്‍വീസിലുള്ള ജീവനക്കാര്‍ക്ക് ഒപി ചികിത്സയ്ക്കുള്ള ചെലവ് റീഇംബേഴ്‌സ്‌മെന്റായി ലഭിക്കും. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പ്രതിമാസ ഇന്‍ഷുറന്‍സ് പ്രീമിയം 500 രൂപയായിരിക്കും.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, പാര്‍ട് ടൈം അധ്യാപകര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഉള്‍പ്പെടെയുള്ള അധ്യാപക – അനധ്യാപക ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും അവരുടെ ആശ്രിതരും നിര്‍ബന്ധിതാടിസ്ഥാനത്തിലും സംസ്ഥാന സര്‍ക്കാരിനു കീഴില്‍ സേവനമനുഷ്ഠിക്കുന്ന അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരും അവരുടെ ആശ്രിതരും ഐശ്ചികാടിസ്ഥാനത്തിലും പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കുന്നതാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സര്‍വകലാശാലകളിലേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ / പെന്‍ഷന്‍കാര്‍ / കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും, മുഖ്യമന്ത്രി / മറ്റു മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ധനകാര്യ കമ്മിറ്റികളിലെ ചെയര്‍മാന്‍മാര്‍ എന്നിവരുടെ നേരിട്ട് നിയമിതരായ പേഴ്‌സണല്‍ സ്റ്റാഫ്, പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും ഇവരുടെ ആശ്രിതരും പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. വിരമിച്ച എംഎല്‍എമാരെക്കൂടി പദ്ധതിയുടെ ഭാഗമാക്കാന്‍ മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി.