Home വാഹനം 11 നഗരങ്ങളിലായി ഇന്ത്യയില്‍ പുതിയ 500ലധികം ചാര്‍ജിങ് സ്റ്റേഷനുകള്‍

11 നഗരങ്ങളിലായി ഇന്ത്യയില്‍ പുതിയ 500ലധികം ചാര്‍ജിങ് സ്റ്റേഷനുകള്‍

മിഡ്ഗാര്‍ഡ് ഇലക്ട്രിക്കുമായി കൈകോര്‍ത്ത് ഇന്ത്യയിലെ 11 നഗരങ്ങളിലായി 500ലധികം ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് ഓട്ടോമോവില്‍. ആദ്യ ഘട്ടത്തില്‍ ബാംഗ്ലൂര്‍, ഹൈദരാബാദ്, എന്‍സിആര്‍, മുംബൈ, പൂനെ, കൊല്‍ക്കത്ത, ജയ്പൂര്‍, റാഞ്ചി, പട്‌ന, ലഖ്‌നൗ, ഗുവാഹത്തി എന്നിവിടങ്ങളില്‍ ഇരു കമ്പനികളും സംയുക്തമായി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.

ചാര്‍ജിങ് സ്റ്റേഷനുകളില്‍ ഭാരത് എസി 001, ഡിസി 001 ആവശ്യകതകള്‍ നിറവേറ്റുന്ന ലെവല്‍ 1 ചാര്‍ജിങ് സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. ഇത് ഇലക്ട്രിക് ടൂ, ത്രീ-, ഫോര്‍ വീലറുകള്‍ ചാര്‍ജ് ചെയ്യാന്‍ അനുയോജ്യമാണ്. രണ്ടാം ഘട്ടത്തില്‍, ഗേറ്റഡ് കമ്മ്യൂണിറ്റികളിലും പാര്‍ക്കിംഗ് സ്റ്റേഷനുകളിലും മാളുകളിലും മറ്റ് സ്ഥലങ്ങളിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കമ്പനികള്‍ ലക്ഷ്യമിടുന്നു.

‘ഇ-മൊബിലിറ്റിയാണ് ഭാവിയെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു, ഓട്ടോ സര്‍വീസ് വ്യവസായത്തിലെ വര്‍ദ്ധിച്ചുവരുന്ന എല്ലാ ആവശ്യങ്ങളും നിറവേറ്റുകയെന്നതാണ് ലക്ഷ്യം. മിഡ്ഗാര്‍ഡുമായുള്ള ബന്ധം വളരെ നിര്‍ണായക ഘട്ടങ്ങളിലൊന്നാണ്, അതോടൊപ്പം, രാജ്യത്ത് വിശാലമായ ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയും” ഓട്ടോമോവില്‍ സഹസ്ഥാപകനായ രമണ സാംബു പറഞ്ഞു.