Home അറിവ് ആകാശവെള്ളരിയെ അറിയാമോ?

ആകാശവെള്ളരിയെ അറിയാമോ?

ഔഷധ സസ്യമെന്നതിലുപരി സുസ്ഥിര പച്ചക്കറിയായും മധുരഫലമായും ഉപയോഗിച്ചുവരുന്നതും തലമുറകളോളം നിലനിന്ന് വിളവ് തരുന്നൊരു അപൂര്‍വ്വ സസ്യവുമാണ് ആകാശവെള്ളരി.ജീവിതശൈലീ രോഗങ്ങളെ ചെറുക്കാനുത്തമമായ ഈ സസ്യം അനായാസം വീടുകളില്‍ വളര്‍ത്തി വിളവെടുക്കാവുന്നതാണ്ആകാശവെള്ളരി (Giant Granadilla) യെന്ന അപൂര്‍വ്വ വിളയെ പരിചയപ്പെടാം.

നമുക്കെല്ലാം സുപരിചിതമായ പാഷന്‍ ഫ്രൂട്ടിന്റെ കുടുംബക്കാരനാണ് ഔഷധഗുണത്തിലും അഗ്രഗണ്യനായ ഈ വള്ളിവര്‍ഗ്ഗ വിള. പണ്ടുകാലം മുതലേ കേരളത്തിലെ വൈദ്യ കുടുംബങ്ങളില്‍ ആഞ്ഞിലി മരങ്ങളില്‍ പടര്‍ത്തി വളര്‍ത്തിയിരുന്നൊരു ഔഷധസസ്യം കൂടിയാണിത്.പ്രോട്ടീന്‍, നാരുകള്‍, ഇരുമ്ബ്, കാല്‍സ്യം, ഫോസ്ഫറസ് എന്നീ പോക്ഷകങ്ങളാല്‍ സമ്ബുഷ്ടമായ ആകാശ വെള്ളരി പ്രമേഹം, രക്തസമ്മര്‍ദ്ദം, ആസ്ത്മ, ഉദരരോഗങ്ങള്‍ തുടങ്ങിയ ജീവിത ശൈലീരോഗങ്ങക്കെതിരെ പ്രയോഗിക്കാവുന്ന ഉത്തമ ഔഷധം തന്നെയാണ്. 200 വര്‍ഷം വരെ ആയുസ്സുള്ളയീ അപൂര്‍വ്വ വിള മനോഹരമായ പൂക്കളും കായ്കളുമായി നില്‍ക്കുന്നത് അടുക്കളത്തോട്ടത്തിനൊരു അലങ്കാരം മാത്രമല്ല നല്ലൊരു മുതല്‍ക്കൂട്ടുമായിരിക്കും.

വിത്തുപയോഗിച്ചും തണ്ടുകള്‍ മുറിച്ചു നട്ടുമാണ് വംശവര്‍ദ്ധനവ് നടത്തുന്നത്. രണ്ടടി വീതം നീളം, വീതി, ആഴം എന്ന അളവിലെടുത്ത കുഴികളില്‍ മേല്‍മണ്ണ്, ഉണക്ക ചാണകപ്പൊടി, കമ്ബോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്തിളക്കി തൈകള്‍ നടാം. മഴയില്ലാത്തപ്പോള്‍ ദിവസ്സവും നന്നായി നനച്ചു കൊടുക്കണം. ആകാശ വെള്ളരി തൈകള്‍ വള്ളിവീശിവരുമ്ബോള്‍ തന്നെ പടര്‍ന്നു കയറാനുള്ള സൗകര്യം ചെയ്തു കൊടുക്കണം. മരങ്ങളിലും പടര്‍ത്താമെങ്കിലും കായ്കള്‍ പറിച്ചെടുക്കാന്‍ പന്തലില്‍ പടര്‍ത്തുന്നതാണ് നല്ലത്. ഖരദ്രവ രൂപങ്ങളിലുള്ള ജൈവവളങ്ങളും വളര്‍ച്ചാ ത്വരകങ്ങളും മാറിമാറി പ്രയോഗിക്കാം. തണ്ടുകള്‍ നട്ടുപിടിപ്പിച്ച തൈകള്‍ ഒരു വര്‍ഷം കൊണ്ടു പൂവിട്ട് കായ്കള്‍ പിടിക്കാന്‍ തുടങ്ങും. എല്ലാകാലങ്ങളിലും പൂവിട്ടു കായ്കള്‍ പിടിക്കുമെങ്കിലും വേനല്‍ക്കാലത്താണ് ഏറ്റവും കൂടുതല്‍ കായ്കളുണ്ടാകുന്നത്.

ഉപയോഗങ്ങള്‍

രണ്ട് കിലോഗ്രാം വരെ തൂക്കം വയ്ക്കുന്ന ആകാശ വെള്ളരി കായ്കള്‍ ഇളം പ്രായത്തില്‍ പച്ചക്കറിയായിട്ടും മൂന്നു മാസ്സത്തോളമെടുത്ത് വിളഞ്ഞു പഴുത്തുകഴിഞ്ഞാല്‍ പഴമായും ഉപയോഗിക്കാവുന്നതാണ്. പച്ച നിറത്തിലുള്ള കായ്കള്‍ വിളഞ്ഞു പഴുക്കുമ്ബോള്‍ മഞ്ഞ നിറമായി മാറും. പഴുത്ത കായ്കള്‍ മുറിക്കുമ്ബോള്‍ പുറത്ത് പപ്പായയിലേതു പോലെ കനത്തില്‍ മാംസളമായ കാമ്ബും അകത്ത് പാഷന്‍ ഫ്രൂട്ടിലേതു പോലെ പള്‍പ്പും വിത്തുകളുമുണ്ടാകും.പള്‍പ്പിന് നല്ല മധുരവുമുണ്ടാകും വെള്ളരിയെന്നാണ് പേരെങ്കിലും പാഷന്‍ ഫ്രൂട്ടിന്റെ രുചിയില്‍ മാധുര്യമേറുന്ന ഈ പഴങ്ങള്‍ കൂടുതലും ജ്യൂസ്സായിട്ടാണ് ഉപയോഗിക്കപ്പെടുന്നത്. ജെല്ലി, ജാം, ഫ്രൂട്ട് സലാഡ്, ഐസ് ക്രീം എന്നിവയുണ്ടാക്കാനും നല്ലതാണ് ഈ പഴങ്ങള്‍.ഔഷധഗുണമുള്ള ആകാശ വെള്ളരിയുടെ ഇലകള്‍ കൊണ്ടുണ്ടാക്കുന്ന ഔഷധച്ചായ ദിവസ്സവും കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും പ്രമേഹം, രക്ത സമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിച്ചു നിര്‍ത്താനും സഹായിക്കുന്നു. പച്ചയോ ഉണക്കിയെടുത്തതോ ആയ രണ്ട് ആകാശവെള്ളരിയിലകള്‍ ഒരു ഗ്ലാസ്സ് വെള്ളത്തിത്തിലിട്ട് തിളപ്പിച്ചെടുത്താല്‍ ഒരാള്‍ക്ക് ഒരു നേരം കുടിക്കാനുള്ള ഔഷധച്ചായ റെഡി.