Home അറിവ് പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച്‌ രാജ്യമെമ്പാടും നടത്തുന്ന ഹര്‍ ഘര്‍ തിരംഗ ക്യാംപയിന്റെ ഭാഗമായി എല്ലാ വീടുകളിലും വിദ്യാലയങ്ങളിലും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റും ത്രിവര്‍ണ പതാക ഉയര്‍ത്താനുള്ള അവസാന ഘട്ട തയ്യാറെടുപ്പുകളാണ് നടന്നു വരുന്നത്.

ആഗസ്റ്റ് 13 മുതല്‍ 15 വരെ വീടുകളിലും കെട്ടിടങ്ങളിലും ദേശീയപതാക ഉയര്‍ത്താനാണ് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശം.ദേശീയപതാകയോടുള്ള ആദരവു പുലര്‍ത്തുന്ന രീതിയില്‍ വേണം പതാക ഉയര്‍ത്തല്‍. 2002ലെ ഇന്ത്യന്‍ പതാക നിയമം അനുസരിച്ച്‌ കോട്ടന്‍, പോളിസ്റ്റര്‍, കമ്പിളി, സില്‍ക്ക്, ഖാദി എന്നിവ കൊണ്ട് നിര്‍മിച്ച പതാകകളാണ് ഉയര്‍ത്തേണ്ടത്. ഏത് വലിപ്പത്തിലുള്ള പതാകയും ഉയര്‍ത്താമെങ്കിലും നീളവും വീതിയും തമ്മിലുള്ള അനുപാതം 3ഃ2 ആയിരിക്കണം.

ദേശീയപതാക നിയമത്തില്‍ 2022 ജൂലൈ 20ന് വരുത്തിയ ഭേദഗതി പ്രകാരം രാപ്പകല്‍ ഭേദമന്യേ പതാക ഉയര്‍ത്തിയിടത്തു തന്നെ നിലനിര്‍ത്താം. കീറിയതോ കേടുവന്നതോ ആയ പതാക ഉയര്‍ത്തരുത്. പതാകയിലെ കുങ്കുമ വര്‍ണം മുകള്‍ ഭാഗത്തു വരുന്ന രീതിയിലായിരിക്കണം ഉയര്‍ത്തേണ്ടത്. ദേശീയപതാകയോട് ചേര്‍ന്നോ അതിനേക്കാള്‍ ഉയരത്തിലോ മറ്റ് പതാകകള്‍ പാടില്ല. കൊടിമരത്തില്‍ പതാകയോടൊപ്പമോ അതിനു മുകളിലോ പൂമാലയോ തോരണമോ മറ്റു വസ്തുക്കളോ ചാര്‍ത്തരുത്. ദേശീയപതാക ഉയര്‍ത്തുന്ന കൊടിമരത്തില്‍ മറ്റു പതാകകള്‍ ഉണ്ടാകരുത്.

രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവര്‍ണര്‍ തുടങ്ങി പ്രത്യേകമായി നിയമം മൂലം അനുവദിക്കപ്പെട്ടവര്‍ക്കല്ലാതെ വാഹനത്തില്‍ പതാക സ്ഥാപിക്കാന്‍ അനുവാദമില്ലെന്നും നിയമം അനുശാസിക്കുന്നു