Home Uncategorized കിടപ്പ് രോഗിയെ മുന്നിലെത്തിക്കണമെന്ന് വാശിപിടിച്ച രജിസ്ട്രാര്‍ക്ക് മന്ത്രിയുടെ വക എട്ടിന്റെ പണി

കിടപ്പ് രോഗിയെ മുന്നിലെത്തിക്കണമെന്ന് വാശിപിടിച്ച രജിസ്ട്രാര്‍ക്ക് മന്ത്രിയുടെ വക എട്ടിന്റെ പണി

സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി എത്തുന്നവരെ മനപ്പൂര്‍വ്വം ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള മുന്നിറിയിപ്പാണ് കട്ടപ്പനയിലുണ്ടായ സംഭവം. ഇടുക്കി കട്ടപ്പനയില്‍ ക്യാന്‍സര്‍ രോഗിയായ സനീഷ് ജോസഫ് കട്ടപ്പന സബ് രജിസ്ട്രാറില്‍ നിന്നും നേരിട്ട ദുരനുഭവത്തിനാണ് നടപടി നേരിട്ടത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ക്യാന്‍സര്‍ ബാധിച്ച് കിടപ്പ് രോഗിയുമാണ് സനീഷ്. തന്റെ ഒഴിമുറി ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനാണ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയത്. എന്നാല്‍ ഇയാളെ മൂന്നാം നിലയിലുള്ള ഓഫീസില്‍ എത്തിക്കണമെന്ന് രജിസ്ട്രാര്‍ വാശിപിടിച്ചു. കൂടെ എത്തിയവരുടെ സഹായത്തോടെ ഇയാളെ ഓഫീസില്‍ എത്തിച്ചതിന് ശേഷമാണ് ഓഫീസര്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

അടുത്ത ദിവസത്തില്‍ സനീഷ് മരണപ്പെട്ട വാര്‍ത്തയും സര്‍ക്കാര്‍ ഓഫീസില്‍ നിന്നും നേരിട്ട ദുരനുഭവങ്ങളും മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഇത് ശ്രദ്ധയില്‍പ്പെട്ട മന്ത്രി ജി. സുധാകരന്‍ സംഭവത്തിലെ സത്യാവസ്ഥ അന്വേഷിക്കുകയും കട്ടപ്പന സബ് രജിസ്ട്രാറെ സസ്‌പെന്റ് ചെയ്ത് കൊണ്ട് ഓര്‍ഡര്‍ ഇറക്കുകയും ചെയ്തു.

അവശരായ ആളുകള്‍ രജിസ്ട്രാര്‍ ഓഫീസിന്റെ കോംപൗണ്ടില്‍ എത്തിയാല്‍ ഓഫീസില്‍ എത്തി എന്ന് കണക്കാക്കി വേണ്ട നടപടികള്‍ ചെയ്യണം എന്നാണ് ചട്ടപ്രകാരം പറയുന്നത്. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെ മനുഷ്യത്വ രഹിതമായി പെരുമാറിയ സബ് രജിസ്ട്രാര്‍ ജി. ജയലക്ഷ്മിയെയാണ് സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തിരിക്കുന്നത്. തുടര്‍ അന്വേഷണത്തിന് ശേഷം ഇവരെ സര്‍വ്വീസിൽ നിന്നും പുറത്താക്കുമെന്നും മന്ത്രി അറിയിച്ചു.