Home അറിവ് കൊവിഡ് കാലത്തെ ഓണ ഷോപ്പിങ്! നിങ്ങള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍

കൊവിഡ് കാലത്തെ ഓണ ഷോപ്പിങ്! നിങ്ങള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍

ഇത്തവണ ഓണം എത്തുന്നത് കൊവിഡ് മഹാമാരിയുടെ കാലത്താണ്. ഈ ഓണക്കാലത്ത് പ്രധാന വെല്ലുവിളിയായി മുന്നില്‍ നില്‍ക്കുന്ന ഓണ ഷോപ്പിങ് തന്നെയാണ്. ഇതിനായി ചില മുന്‍കരുതലുകള്‍ നമ്മള്‍ എടുത്തേ തീരൂ.

പുതുവസ്ത്രം, പച്ചക്കറി എന്നിങ്ങനെ നീളുന്നു ഷോപ്പിങ് ലിസ്റ്റ്. ഏറ്റവും അടുത്തുള്ള കടകള്‍ തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഒരാള്‍ മാത്രം ഷോപ്പിങിന് പോകുക. വസ്ത്രം എടുക്കാന്‍ പോകുമ്പോള്‍ ഓരോരുത്തരുടെയും അളവുകള്‍ എടുത്ത് വേണം പോകാന്‍. എല്ലാവരും ഒന്നിച്ച് പോയി വസ്ത്രം വാങ്ങരുത്. നിങ്ങള്‍ക്ക് ആവശ്യമുള്ള വസ്ത്രങ്ങള്‍ അവിടെ ഉണ്ടോ എന്ന് വിളിച്ച് നോക്കു. പണം ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അടയ്ക്കാന്‍ ശ്രമിക്കുക. പണം നേരിട്ട് നല്‍കുകയാണെങ്കില്‍ ആ പണം പ്രത്യേക കവറില്‍ സൂക്ഷിക്കുക. വസ്ത്രങ്ങള്‍ ധരിച്ച് നോക്കി വാങ്ങാതിരിക്കുക. ഇതേ വസ്ത്രം മറ്റു ആളുകള്‍ ഇട്ട് നോക്കുന്നില്ല എന്നും ഉറപ്പ് വരുത്തണം.

അടുത്തത് പച്ചക്കറിയാണ്. ഇവിടെയും ഒരാള്‍ മാത്രം പോയി സാധനങ്ങള്‍ വാങ്ങുക. വീട്ടില്‍ നിന്നും കൊണ്ടു പോകുന്ന കവറില്‍ സാധനങ്ങള്‍ വാങ്ങുക. വീട്ടില്‍ എത്തിയ ശേഷം പച്ചക്കറികള്‍ പ്രത്യേകം കഴുകാന്‍ ശ്രദ്ധിക്കുക. തെരുവ് കച്ചവടക്കാരില്‍ നിന്നും പച്ചക്കറി വാങ്ങുന്നത് ഒഴിവാക്കാന്‍ സാധിക്കുമെങ്കില്‍ അതിന് ശ്രമിക്കുക. നിങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ അടുത്തുള്ള കടയിലേക്ക് വിളിച്ച് പറഞ്ഞ് എടുത്ത് വെയ്ക്കാന്‍ പറഞ്ഞതിന് ശേഷം പോയി വാങ്ങിക്കുക. കൂട്ടം കൂടി നിന്ന് സാധനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കുക.

എവിടെ ഷോപ്പിങിന് പോയാലും ഗ്‌ളൗസ്, സാനിറ്റൈസര്‍, മാസ്‌ക് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കാന്‍ മറക്കരുത്. നിങ്ങള്‍ കടയില്‍ പോകുമ്പോള്‍ അവിടെ നിന്നും ലഭിക്കുന്ന ഗ്‌ളൗസ് അവിടെ തന്നെ ഉപേക്ഷിക്കാനുള്ള സ്ഥലത്ത് കൃത്യമായി ഉപേക്ഷിക്കുക.