Home അന്തർദ്ദേശീയം ചൈനയിൽ ഖുറാൻ ആപ്പ് നീക്കം ചെയ്ത് ആപ്പിൾ; സർക്കാർ നിർദേശത്തെതുടർന്നെന്ന് കമ്പനി

ചൈനയിൽ ഖുറാൻ ആപ്പ് നീക്കം ചെയ്ത് ആപ്പിൾ; സർക്കാർ നിർദേശത്തെതുടർന്നെന്ന് കമ്പനി

ചൈനയിൽ പത്ത് ലക്ഷത്തോളം പേർക്ക് പ്രയോജനപ്പെട്ടിരുന്ന ഖുറാൻ ആപ്പ് നീക്കം ചെയ്ത് ആപ്പിൾ. ചൈനീസ് സർക്കാരിൽനിന്നുള്ള നിർദ്ദേശത്തിന് പിന്നാലെയാണ് ഖുറാൻ മജീദ് എന്ന മൊബൈൽ ആപ്പ് ആപ്പിൾ സ്റ്റോറിൽനിന്ന് നീക്കിയതെന്ന് നിർമാതാക്കൾ അറിയിച്ചു.

ലോകമെമ്പാടും ലഭ്യമായിരുന്ന ഈ ആപ്പിന് 150000ലേറെ റിവ്യൂസും ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുമായിരുന്നു ഉണ്ടായിരുന്നത്. ആപ്പ് നീക്കം ചെയ്തതിനേക്കുറിച്ച് സർക്കാരിൽ നിന്ന് വിശദാംശങ്ങൾ തേടിയെങ്കിലും അധികൃതർ പ്രതികരിച്ചിട്ടില്ലെന്നും ബിബിസി റിപ്പോർട്ടിൽ വിശദമാക്കുന്നു. പ്രശ്നപരിഹാരത്തിനായി ചൈനയിലെ സൈബർ അധികാരികളുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണെന്നും ആപ്പിൻറെ നിർമ്മാതാക്കൾ വിശദമാക്കി.

പത്ത് ലക്ഷത്തോളം ആളുകൾക്കാണ് ആപ്പിൻറെ പ്രയോജനങ്ങൾ നഷ്ടമായതെന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ഇസ്ലാമിനെ മതമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ചിട്ടുള്ളതാണ്. എങ്കിലും രാജ്യത്ത് ഉയിഗർ മുസ്ലിമുകൾക്കും സിംഗ്ജിയാംഗ് പോലുള്ള പോലുള്ള വംശീയ വിഭാഗങ്ങൾക്കെതിരായും വംശഹത്യ അടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നതായി പല റിപ്പോർട്ടുകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

എന്നാൽ ചൈനയിൽ ഏത് പ്രാദേശിക നിയമങ്ങളെയാണ് ആപ്പ് ലംഘിച്ചതെന്ന കാര്യം വ്യക്തമല്ല. ആഗോളതലത്തിൽ 35 ദശലക്ഷത്തിലധികം ആളുകളാണ് ആപ്പ് ഉപയോഗിക്കുന്നത്. ആപ്പിളിൻറെ ഏറ്റവും വലിയ മാർക്കറ്റുകളിലൊന്നാണ് ചൈന. ചൈനീസ് നിർമ്മാതാക്കളെ വലിയ തോതിൽ ആശ്രയിച്ചാണ് ആപ്പിളിൻറെ ചൈനയിലെ പ്രവർത്തനം നടക്കുന്നതും. നേരത്തെയും മതപരമായ ആപ്പുകൾ സർക്കാരിൻറെ നിർദ്ദേശപ്രകാരം ആപ്പിൾ നീക്കിയതായി ആരോപണം ഉയർന്നിരുന്നു.