Home ആരോഗ്യം കോവിഡിനെ ഭയന്ന് ഹോസ്പിറ്റലില്‍ പോകാതിരിക്കേണ്ട: ഇനി സ്പെഷല്‍റ്റി ഡോക്ടറേയും വീട്ടിലിരുന്ന് കാണാം

കോവിഡിനെ ഭയന്ന് ഹോസ്പിറ്റലില്‍ പോകാതിരിക്കേണ്ട: ഇനി സ്പെഷല്‍റ്റി ഡോക്ടറേയും വീട്ടിലിരുന്ന് കാണാം

കോവിഡ് 19 എന്ന മഹാമാരി കാരണം മൊത്തത്തില്‍ സങ്കീര്‍ണമായ അവസ്ഥയിലാണ് ആളുകള്‍. വൈറസ് ഏത് വിധേനയും പകരാനുള്ള സാധ്യത മുന്നില്‍ കണ്ട് ആളുകള്‍ ഹോസ്പിറ്റലില്‍ പോകുന്നത് തീരെ കുറവാണ്. എന്നാല്‍ സര്‍ക്കാരിന്റെ ഇ സഞ്ജീവനി പദ്ധതിയിലൂടെ ഇനിമുതല്‍ ജനറല്‍ ഒപിക്ക് പുറമെ സ്‌പെഷ്യാലിറ്റി സേവനങ്ങൾകൂടി സൗജന്യമായി ലഭിക്കും.

പ്രമേഹരോഗികൾക്ക് തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്‌സിന്റെ നേതൃത്വത്തിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് നാലുവരെ പ്രത്യേകം ക്ലിനിക്കുകൾ നടത്തും. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രത്യേക മാനസികാരോഗ്യ ക്ലിനിക്കുകൾ കോഴിക്കോട് ഇംഹാൻസുമായി ചേർന്ന് നടത്തും. കുട്ടികൾക്ക് എല്ലാ ചൊവ്വാഴ്ചയും രാവിലെ 10 മുതൽ 12 വരെയും മുതിർന്നവർക്ക് എല്ലാ ബുധനാഴ്ചകളിലും രാവിലെ 10 മുതൽ 12 വരെയുമായിരിക്കും.

കൂടാതെ മലപ്പുറം ജില്ലയിലെ സൈക്യാട്രിസ്റ്റുമാർ നേതൃത്വം നൽകുന്ന മാനസികാരോഗ്യ ക്ലിനിക്കുകളുടെ സേവനവും ഇ സഞ്ജീവനി പദ്ധതിയിലൂടെ ലഭ്യമാണ്. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്നുവരെ തലശ്ശേരി മലബാർ കാൻസർ സെന്റർ മുഖേന എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് മൂന്നുമുതൽ നാല് വരെ അർബുദ ചികിത്സാ ക്ലിനിക്കുകളുടെ സേവനം. കൊച്ചിൻ ക്യാൻസർ സെന്ററിന്റെ സേവനം തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒൻപതിനും ഉച്ചയ്ക്ക് 12നും ഇടയിൽ. തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിന്റെ സേവനം ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടുമുതൽ മൂന്നുവരെയും ലഭ്യമാകും.

കോഴിക്കോട് ജില്ലയിൽനിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങളും ഇ സഞ്ജീവനി മുഖേന നൽകും. ത്വഗ്രോഗ വിഭാഗം തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ ശിശുരോഗ വിഭാഗം ബുധൻ, വ്യാഴം, വെള്ളി, ശനി രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ. ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗം വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് രണ്ടുമുതൽ നാല് വരെ. സൈക്ക്യാട്രി ക്ലിനിക്കുകൾ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെ. ഹൃദ്രോഗ ചികിത്സാവിഭാഗം എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ.ജനറൽമെഡിസിൻ ക്ലിനിക്കുകൾ ചൊവ്വ, വ്യാഴം, ശനി രാവിലെ ഒൻപത് മുതൽ ഒന്നുവരെ എന്നിങ്ങനെയാണ് ക്രമപ്പെടുത്തിരിക്കുന്നത്.

ഇന്റർനെറ്റ് കണക്‌ഷനോടുകൂടിയ സ്മാർട്ട് ഫോണോ, കമ്പ്യൂട്ടറോ, ലാപ്‌ടോപ്പോ ഉപയോഗിച്ച് ഇ സഞ്ജീവനി സേവനം ആവശ്യമുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താം. esanjeevaniopd.in/kerala എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്തശേഷം വീഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് നേരിട്ട് സംസാരിക്കാം. കൺസൾട്ടേഷനുശേഷം മരുന്നിന്റെ ലിസ്റ്റ് ഉടൻതന്നെ ഡൗൺലോഡ് ചെയ്യാനാകും. കൂടുതൽ വിവരങ്ങൾക്ക് ദിശയുടെ 1056 നമ്പറുമായി ബന്ധപ്പെടണം.