ലോക്ക് ഡൗൺ കാലത്ത് എല്ലാവരെപ്പോലെയും പച്ചക്കറികൃഷിയും മറ്റും ചെയ്താണ് താനും സർവൈവ് ചെയ്തതെന്ന് വെളിപ്പെടുത്തുകയാണ് മലയാളികളുടെ പ്രിയതാരം ജയറാം. ജയറാമും മകൻ കാളിദാസും ചേർന്നാണ് ചെന്നൈയിലെ വീട്ടുപരിസരത്ത് കൃഷി മുഴുവനും ചെയ്തത്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
ലോക്ക് ഡൗണിൻറെ ആദ്യ രണ്ടുമൂന്ന് ആഴ്ചകളിൽ വീട്ടിനകത്തെ പണികളിൽ പങ്കാളിയായെന്നും എന്നാൽ പിന്നീട് അത് മടുത്തതുകൊണ്ട് മറ്റെന്ത് ചെയ്യാനാവുമെന്ന് ആലോചിച്ചുവെന്നും ജയറാം പറഞ്ഞു.
“മകനാണ് എന്നോട് ചെന്നൈയിലെ വീട്ടുവളപ്പിൽ പച്ചക്കറി കൃഷി ചെയ്യുന്ന കാര്യം ആദ്യം പറയുന്നത്. സ്ഥലം കുറവായിരുന്നു. ഉള്ളസ്ഥലത്ത് ഭാര്യയുടെ പൂന്തോട്ടമായിരുന്നു. അത് കളഞ്ഞിട്ട് പച്ചക്കറി ചെയ്ത് നോക്കിയാലോ എന്ന് ആലോചിച്ചു. ഭാര്യ ആദ്യം സമ്മതിച്ചില്ല. പൂച്ചെടികളിൽ തൊട്ടാൽ കൈവെട്ടുമെന്ന് പറഞ്ഞു. ഒരുപാട് ചെടികളൊക്കെ പറിച്ചുകളയേണ്ടിവന്നു. വേറെ സ്ഥലം ഇല്ലാത്തതുകൊണ്ട്. മെയ് പകുതി മുതൽ കൃഷിപ്പണി തുടങ്ങി. നടാവുന്നത്രയും നട്ടു. അതെല്ലാം വിജയം കണ്ടു. ഓണത്തിന് ഇഷ്ടം പോലെ പച്ചക്കറി ഞങ്ങൾക്ക് കിട്ടും. അടുത്തുള്ള വീടുകളിൽ കൊടുക്കാനും കാണും”, ജയറാം പറയുന്നു.
സംസ്കൃതഭാഷയിലുള്ള നമോ എന്ന സിനിമയാണ് ജയറാമിൻറേതായി ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്. പുരാണത്തിലെ കൃഷ്‍ണ-കുചേല കഥയാണ് ചിത്രം ആവിഷ്‍കരിക്കുന്നത്. കുചേലൻറെ വേഷത്തിലാണ് ജയറാം എത്തുന്നത്. കഥാപാത്രത്തിനു വേണ്ടി 15 കിലോ ശരീരഭാരം കുറച്ചിരുന്നു താരം.