കോഴി പ്രസവിച്ചുവെന്ന വാർത്ത കേട്ട ഞെട്ടലിലാണ് കണ്ണൂർ പിണറായിയിലെ ആളുകൾ. വെട്ടുണ്ടായിലെ തണലിൽ കെ രജിനയുട വീട്ടിലെ തള്ളക്കോഴിയാണ് പ്രസവിച്ചത്. വാർത്തയറിഞ്ഞ് നിരവധി ആളുകളാണ് രജിനയുടെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ബീഡിത്തൊഴിലാളികൾക്കുള്ള ക്ഷേമനിധി പദ്ധതിപ്രകാരമാണ് രജിനക്ക് കോഴിയെ ലഭിച്ചത്. കോഴിമുട്ടയിൽ പലപ്പോഴും രണ്ട് മഞ്ഞക്കുരു കാണാറുള്ളതായും മുട്ടകൾക്ക് സാധാരണയിൽക്കവിഞ്ഞ് വലുപ്പം ഉണ്ടായിരുന്നതായും ഇവർ പറയുന്നു. അമിത രക്തസ്രാവമുണ്ടായതിനാൽ പ്രസവത്തിന് ശേഷം തള്ളക്കോഴി ചത്തു. കോഴിക്കുഞ്ഞിനെ ആവരണം ചെയ്ത് മുട്ടത്തോടുണ്ടായിരുന്നില്ല.
തള്ളക്കോഴിയുടെ ഉള്ളിൽ ഭ്രൂണം ഉണ്ടായെങ്കിലും തോടിന്റെ കവചം രൂപപ്പെട്ടിട്ടില്ല. ഭ്രൂണം വികസിച്ച് നിശ്ചിത സമയമെത്തിയാൽ സ്വാഭാവികമായും ശരീരം അതിനെ പുറന്തള്ളാൻ ശ്രമിക്കും. 21 ദിവസമാണ് മുട്ട അടവെച്ച് വിരിയിക്കാനെടുക്കുന്ന കാലയളവ്. കോഴിയുടെ ജഡം പരിശോധിച്ചാലേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂവെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോക്ടർ രാജൻ പറഞ്ഞു.