Home ആരോഗ്യം ബ്ലഡ് ഷുഗര്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ പറ്റുന്ന അഞ്ച് പിഴവുകള്‍: ഡോക്ടര്‍ക്ക് പറയാനുള്ളത് അറിയാം

ബ്ലഡ് ഷുഗര്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ പറ്റുന്ന അഞ്ച് പിഴവുകള്‍: ഡോക്ടര്‍ക്ക് പറയാനുള്ളത് അറിയാം

ളരെ എളുപ്പത്തില്‍ ഒരു തുള്ളി ചോരയെടുത്താണ് ബ്ലഡ് ഷുഗര്‍ ടെസ്റ്റ് ചെയ്യുക. ഒരു തവണയെങ്കിലും ബ്ലഡ് ഷുഗര്‍ ടെസ്റ്റ് ചെയ്യാത്തവര്‍ കുറവായിരിക്കും. എന്നാല്‍, വെറുതെയങ്ങ് ടെസ്റ്റ് ചെയ്യാന്‍ പോയാല്‍ പോര. ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ഒരു ഡോക്ടറുടെ അഭിപ്രായത്തില്‍ ബ്ലഡ് ഷുഗര്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ വരുത്തുന്ന അഞ്ച് പ്രധാന പിഴവുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

  1. ഫാസ്റ്റിങ് ഷുഗര്‍ ടെസ്റ്റ് ചെയ്യും മുന്‍പ് ചായ കുടിക്കുന്നത്

ഫാസ്റ്റിങ് ഷുഗര്‍ ടെസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ചായ കുടിക്കാനോ എന്തെങ്കിലും കഴിക്കാനോ പാടില്ല. പച്ചവെള്ളം അല്പം കുടിക്കാം. കുറഞ്ഞത് എട്ടുമണിക്കൂര്‍ നേരം വയര്‍ കാലിയായിരിക്കണം.
രാവിലെ ആറുമണിക്കും എട്ടുമണിക്കും ഇടയില്‍ ഫാസ്റ്റിങ് ഷുഗര്‍ ടെസ്റ്റ് ചെയ്യുന്നതാണ് നല്ലത്.

  1. വെറും ഫാസ്റ്റിങ് ഷുഗര്‍ അല്ലെങ്കില്‍ ഭക്ഷണശേഷം തോന്നുന്ന സമയത്ത് മാത്രം ടെസ്റ്റ് ചെയ്യുന്ന സ്വഭാവം

നിങ്ങള്‍ക്ക് പ്രമേഹമുണ്ടോ എന്ന് കൃത്യമായി അറിയണമെങ്കില്‍ കുറഞ്ഞത് മൂന്ന് ടെസ്റ്റുകള്‍ ചെയ്യണം.
വെറുംവയറ്റിലെ ഷുഗര്‍, ഭക്ഷണശേഷം ഒന്നര-രണ്ട് മണിക്കൂറിന് ശേഷമുള്ള ഷുഗര്‍, കൂടാതെ എച്ച്.ബി.എ.വണ്‍.സി. അഥവാ മൂന്നു മാസത്തെ ഷുഗറിന്റെ ശരാശരി അളവ്.
ഇത് മൂന്നും ചെയ്താല്‍ വളരെ കൃത്യമായി നിങ്ങള്‍ക്ക് ഷുഗര്‍ ഉണ്ടോയെന്നും അല്ലെങ്കില്‍ പ്രമേഹമുള്ള ഒരാളാണെങ്കില്‍ അയാളുടെ ഷുഗര്‍ നില പൂര്‍ണമായും നിയന്ത്രണത്തിലാണോയെന്നും മനസ്സിലാക്കാന്‍ സാധിക്കും.

  1. ഗ്ലൂക്കോമീറ്റര്‍ വെച്ചുനോക്കുന്നത് വളരെ കൃത്യമാണെന്ന ധാരണ

ഗ്ലൂക്കോമീറ്റര്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ പോലും 20-30 mg/dl വരെ രക്തത്തിലെ ഷുഗറിന്റെ അളവില്‍ വ്യത്യാസം കാണിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. പ്രമേഹം കണ്ടുപിടിക്കാനോ ചികിത്സയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താനോ ഒരിക്കലും ഗ്ലൂക്കോമീറ്റര്‍ ഉപയോഗിക്കാന്‍ പാടില്ല.

എന്നാല്‍ രക്തത്തിലെ ഷുഗറിന്റെ ഏറ്റക്കുറച്ചിലുകള്‍ വീട്ടില്‍ ഇരുന്ന് അളക്കാന്‍ ഇവ ഏറെ ഗുണം ചെയ്യും. ഉദാഹരണത്തിന് ഗ്ലൂക്കോമീറ്ററില്‍ 300 കാണിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഷുഗര്‍ വളരെ കൂടുതലാണെന്ന് അര്‍ഥം. 50 കാണിക്കുകയും അതിനൊപ്പം ഷുഗര്‍ കുറയുന്ന ലക്ഷണങ്ങളും കൂടി ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഷുഗര്‍ കുറവാണെന്ന് ഉറപ്പിക്കാം. സംശയമുള്ള ഘട്ടങ്ങളില്‍ ലാബില്‍ പോയി പരിശോധിച്ച് ഉറപ്പ് വരുത്തണം.

എന്നാല്‍ പ്രമേഹം കണ്ടുപിടിച്ച് ചികിത്സിക്കാനോ അല്ലെങ്കില്‍ ചികിത്സയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താനോ ഗ്ലൂക്കോമീറ്റര്‍ ഉപയോഗിക്കരുത്. നല്ലൊരു ലബോറട്ടറിയില്‍ തന്നെ പോയി ടെസ്റ്റ് ചെയ്ത് ഡോക്ടറെ കാണിക്കുക.

  1. ടെസ്റ്റ് ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പെ ഭക്ഷണം നന്നായി ക്രമീകരിച്ച്, കൃത്യമായി വ്യായാമം ചെയ്ത് പരിശോധനയ്ക്ക് പോകുന്നത്

ഇത് തെറ്റായ പ്രവണതയാണ്. നിങ്ങളുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി കണ്ടുപിടിക്കാനും അതിന് അനുസരിച്ച് ചികിത്സ നിര്‍ദേശിക്കാനും ഡോക്ടര്‍ക്ക് സാധിക്കണമെങ്കില്‍ നിങ്ങള്‍ സ്ഥിരമായി തുടരുന്ന ശീലങ്ങള്‍ പാലിച്ചുകൊണ്ടു തന്നെ ടെസ്റ്റ് ചെയ്യണം.
ടെസ്റ്റ് ചെയ്യുമ്പോള്‍ സ്വയം ആശ്വസിക്കാനും ഡോക്ടറെ തൃപ്തിപ്പെടുത്താനോ വേണ്ടി നന്നായി ഭക്ഷണം ക്രമീകരിച്ച്, വ്യായാമം ചെയ്തിട്ട് യാതൊരു കാര്യവുമില്ല. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന കാര്യമാണ്. വേറെ ആരെയും ബോധ്യപ്പെടുത്താന്‍ വേണ്ടി ആവരുത് ടെസ്റ്റ് ചെയ്യുന്നത്.

  1. മരുന്നുകള്‍ ഒന്നും കഴിക്കാതെ ടെസ്റ്റ് ചെയ്യുന്നത്

മരുന്ന് കഴിക്കാതെ തന്റെ ഷുഗര്‍ എത്ര കൂടുന്നുവെന്ന് അറിയാനാണ് ഇത് ചെയ്യുന്നത് എന്നാണ് പ്രമേഹരോഗികളുടെ വാദം. പ്രമേഹരോഗത്തിന് ചികിത്സ എടുക്കുന്നവര്‍ അന്ന് എടുക്കേണ്ട മരുന്നുകള്‍ എടുത്തിട്ട് വേണം ഭക്ഷണശേഷമുള്ള ഷുഗര്‍ ടെസ്റ്റ് ചെയ്യേണ്ടത്.

മരുന്ന് എടുക്കാതെ ടെസ്റ്റ് ചെയ്യുന്നവരില്‍ ഷുഗര്‍ കൂടുതലായി കാണിക്കുന്നു. ഇതുകൊണ്ട് നിങ്ങളുടെ ഡോക്ടര്‍ക്ക് ചികിത്സയില്‍ മാറ്റം വരുത്താന്‍ കാര്യമായ ഉപകാരം ഉണ്ടാകാറില്ല.
മരുന്ന് എടുത്താല്‍ ആ മരുന്ന് കാരണം നിങ്ങളുടെ ശരീരത്തില്‍ എത്രത്തോളം ഷുഗര്‍ കുറയുന്നുണ്ട് എന്ന് മനസ്സിലാക്കി നിങ്ങളുടെ മരുന്നിന്റെ ഡോസ് കൂട്ടണോ കുറയ്ക്കണോ എന്ന് തീരുമാനിക്കുന്നത്. ഇത് മരുന്ന് എടുക്കാതെ ടെസ്റ്റ് ചെയ്താല്‍ സാധ്യമല്ല.