Home വാഹനം 3 വര്‍ഷത്തെ ഓണ്‍ ഡാമേജ് പോളിസികള്‍ നിര്‍ത്തലാക്കി; ഇനി ഒരു വര്‍ഷത്തേക്ക് മാത്രം

3 വര്‍ഷത്തെ ഓണ്‍ ഡാമേജ് പോളിസികള്‍ നിര്‍ത്തലാക്കി; ഇനി ഒരു വര്‍ഷത്തേക്ക് മാത്രം

പുതിയ വാഹനം വാങ്ങുമ്പോള്‍ എടുക്കുന്ന പാക്കേജ് പോളിസികള്‍ നിര്‍ത്തലാക്കി. അപകടമുണ്ടാകുമ്പോള്‍ തേര്‍ഡ് പാര്‍ട്ടി (ടിപി) ഇന്‍ഷുറന്‍സ് കൂടാതെ, സ്വന്തം വാഹനത്തിനുണ്ടാകുന്ന ഡാമേജുകള്‍ക്കുള്ള പരിരക്ഷ നല്‍കുന്ന ഓണ്‍ ഡാമേജ് (ഒഡി) പോളിസി ഇനി ഒരു വര്‍ഷത്തേക്കു മാത്രമേ എടുക്കാനാകൂ.

കാറുകള്‍ക്ക് 3 വര്‍ഷത്തേക്കും ഇരുചക്ര വാഹനങ്ങള്‍ക്ക് 5 വര്‍ഷത്തേക്കും എടുക്കാനുള്ള ഓപ്ഷന്‍ ആയിരുന്നു നേരത്തേ ഉണ്ടായിരുന്നത്. ഓണ്‍ ഡാമേജ് പോളിസിയും തേര്‍ഡ് പാര്‍ട്ടി പോളിസിയും ചേര്‍ന്നുള്ള പാക്കേജ് പോളിസികളാണ് (കോംപ്രഹെന്‍സീവ് പോളിസി) ലഭ്യമായിരുന്നത്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎ) പുതിയ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.

പുതിയ നിയമപ്രകാരം വാഹനം വാങ്ങുമ്പോള്‍ മൂന്നു വര്‍ഷത്തേക്ക് എടുത്തിരുന്ന ഓണ്‍ ഡാമേജ് പോളിസി ഒരു വര്‍ഷത്തേക്കു മാത്രമേ എടുക്കാന്‍ കഴിയൂ. നേരത്തേ ഉപഭോക്താക്കള്‍ക്ക് മൂന്നു വര്‍ഷം അല്ലെങ്കില്‍ ഒരു വര്‍ഷം എന്ന ഓപ്ഷന്‍ ഉണ്ടായിരുന്നു.

അതേസമയം, ലയബിലിറ്റി ഇന്‍ഷുറന്‍സ് (തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്) കാറുകള്‍ക്ക് മൂന്നു വര്‍ഷത്തേക്കും ഇരുചക്ര വാഹനങ്ങള്‍ക്ക് 5 വര്‍ഷത്തേക്കും തന്നെ എടുക്കണം. ഒരു വര്‍ഷത്തേക്കുള്ള ഓണ്‍ ഡാമേജ് പോളിസിയും മൂന്നു വര്‍ഷത്തേക്കുള്ള തേര്‍ഡ് പാര്‍ട്ടി പോളിസിയും പാക്കേജ് ആയും എടുക്കാം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഓണ്‍ ഡാമേജ് പോളിസി ഒരു വര്‍ഷത്തേക്കു മാത്രമായും വാങ്ങിയാല്‍ മതിയാകും. ഓഗസ്റ്റ് ഒന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു.

മോഷണം, അപകടം, പ്രകൃതി ദുരന്തങ്ങള്‍, അഗ്‌നിബാധ തുടങ്ങിയവ മൂലം നിങ്ങളുടെ വാഹനത്തിനുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കു ലഭ്യമാകുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഓണ്‍ ഡാമേജ് പോളിസി.

നിങ്ങളടെ വാഹനം ഇടിച്ച് മൂന്നാമതൊരാള്‍ക്ക് (കാല്‍നട യാത്രക്കാര്‍ക്കോ മറ്റു വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ക്കോ) ഉണ്ടാകുന്ന അപകടങ്ങള്‍ക്കു നല്‍കുന്ന പരിരക്ഷയാണ് ലയബിലിറ്റി പോളിസി അഥവാ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്.