Home വാഹനം ഒരു തവണ ചാര്‍ജ് ചെയ്താല്‍ 120 കി.മീ; സഫര്‍ ജംബോയ്ക്ക് 2.5 ലക്ഷം രൂപ

ഒരു തവണ ചാര്‍ജ് ചെയ്താല്‍ 120 കി.മീ; സഫര്‍ ജംബോയ്ക്ക് 2.5 ലക്ഷം രൂപ

ബാറ്ററിയില്‍ ഓടുന്ന ത്രിചക്ര ചരക്കു വാഹനം വിപണിയിലെത്തിച്ച് കൈനറ്റിക്. കൈനറ്റിക് ഗ്രീന്‍ എനര്‍ജി ആന്‍ഡ് പവര്‍ സൊല്യൂഷന്‍സ് ലിമിറ്റഡിന്റെ വൈദ്യുത ത്രിചക്രവാഹനമായ കൈനറ്റിക് സഫര്‍ ജംബോയ്ക്ക് 2.5 ലക്ഷം രൂപയാണ് വില. സഫര്‍ ജംബോ വിലയ്ക്കു വാങ്ങുന്നതിനു പകരം ദീര്‍ഘകാല പാട്ട വ്യവസ്ഥയില്‍ സ്വന്തമാക്കാനുള്ള അവസരവും കൈനറ്റിക് ഗ്രീന്‍ എനര്‍ജി ആന്‍ഡ് പവര്‍ സൊല്യൂഷന്‍സ് ലിമിറ്റഡ് ഒരുക്കുന്നുണ്ട്.

കൈനറ്റിക് സ്വയം രൂപകല്‍പ്പന ചെയ്ത സഫര്‍ ജംബോ അടുത്ത മാസത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ വില്‍പ്പനയ്‌ക്കെത്തുമെന്നാണു സൂചന. വരുന്ന ആറേഴു മാസത്തിനകം ഇത്തരത്തിലുള്ള അയ്യായിരത്തോളം ത്രിചക്രവാഹനങ്ങള്‍ വിറ്റഴിക്കാനാവുമെന്നും കമ്പനി കരുതുന്നു.

ക്രമേണ പാചകവാതക സിലിണ്ടര്‍ വിതരണത്തിനും മാലിന്യ ശേഖരണത്തിനുമൊക്കെ അനുയോജ്യമായ രീതിയില്‍ സഫര്‍ ജംബോ രൂപല്‍പ്പന ചെയ്ത് അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴി തുറക്കാന്‍ ഈ ത്രിചക്ര, വൈദ്യുത വാഹനത്തിനു സാധിക്കുമെന്ന് കൈനറ്റിക് ഗ്രീന്‍ എനര്‍ജി ആന്‍ഡ് പവര്‍ സൊല്യൂഷന്‍സ് ലിമിറ്റഡ് സ്ഥാപകയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ സുലജ്ജ ഫിറോദിയ മോട്വാനി അഭിപ്രായപ്പെട്ടു.

ഇ കൊമേഴ്‌സ് കമ്പനികളുടെയും അവരുടെ പങ്കാളികളുടെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞാണു സഫര്‍ ജംബോയുടെ രൂപകല്‍പ്പനയെന്നും അവര്‍ വെളിപ്പെടുത്തി. അവസാനഘട്ട ഡെലിവറിക്കു തികച്ചും അനുയോജ്യമായ സഫര്‍ ജംബോയ്ക്ക് ഒരു കിലോമീറ്റര്‍ ഓടാനുള്ള ചെലവ് വെറും 50 പൈസയാണെന്നും മോട്വാനി അറിയിച്ചു. ഡീസല്‍ ഇന്ധനമാക്കുന്ന ത്രിചക്ര വാഹനങ്ങള്‍ ഒരു കിലോമീറ്റര്‍ ഓടാന്‍ മൂന്നു രൂപയോളമാണു ചെലവ് കണക്കാക്കുന്നത്.

ഇന്ത്യന്‍ വിപണിയിലെ എല്‍ ഫൈവ് വിഭാഗത്തില്‍ ഇടംപിടിക്കുന്ന ‘സഫര്‍ ജംബോ’യുടെ ഭാരം(ജി വി ഡബ്ല്യു) ഒരു ടണ്ണിലേറെയാണ്. വാഹനത്തിലെ കാര്‍ഗോ ബോക്‌സിന്റെ സംഭരണശേഷി 150 ഘന അടിയോളമാണ്; 500 കിലോഗ്രാം ഭാരം വഹിക്കാന്‍ സഫര്‍ ജംബോയ്ക്കാവുമെന്നാണു കൈനറ്റിക്കിന്റെ വാഗ്ദാനം. മണിക്കൂറില്‍ 55 കിലോമീറ്ററാണു സഫര്‍ ജംബോയ്ക്കു നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം. 10 ഡിഗ്രി വരെയുള്ള ചെരിവുകള്‍ അനായാസം കീഴടക്കാനും സഫര്‍ ജംബോയ്ക്കാവും.

ആധുനിക ലിതിയം അയോണ്‍ ബാറ്ററി പായ്ക്ക് കരുത്തേകുന്ന സഫര്‍ ജംബോയ്ക്ക് ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്ററോളം ഓടാന്‍ പ്രാപ്തിയുണ്ട്. പോരെങ്കില്‍ ചാര്‍ജ് തീര്‍ന്ന ബാറ്ററി എളുപ്പത്തില്‍ ഊരിമാറ്റി പുതിയതു ഘടിപ്പിക്കുന്ന സ്വാപ് രീതിയും ഈ വാഹനത്തില്‍ സാധ്യമാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫെയിമിന്റെ രണ്ടാം ഘട്ടത്തിലെ ഇളവുകള്‍ക്ക് അര്‍ഹതയുള്ള സഫര്‍ ജംബോയ്ക്കു കൈനറ്റിക് മൂന്നു വര്‍ഷ വാറന്റിയും വാഗ്ദാനം ചെയ്യുന്നുണ്ട്.