അമിതവണ്ണം മൂലം പല അസുഖങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആരോഗ്യമുള്ള ഒരാള്‍ക്ക് ചേര്‍ന്ന ശരീരപ്രകൃതിയല്ല ഇത്. അമിതവണ്ണം ഒരാള്‍ക്ക് ശാരീരിക രോഗങ്ങള്‍ മാത്രമല്ല മാനസികമായ നിരവധി പ്രശ്‌നങ്ങളുമുണ്ടാക്കും. തടി കൂടുമ്പോള്‍ ശാരീരിക ചലനങ്ങള്‍ കുറയും. മുട്ടുവേദനയുണ്ടാവുകയും സ്റ്റാമിന കുറയുകയും ചെയ്യും.
കൂടാതെ, ഹൃദ്രോഗങ്ങള്‍, പ്രമേഹം, സന്ധിക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം അമിതവണ്ണം മൂലമുണ്ടാകുന്ന ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളാണ്. ഇതില്‍ നിന്ന് മുക്തി നേടണമെങ്കില്‍ ഒന്ന് മനസ് വെച്ചാല്‍ മാത്രം മതി. കാരണം കണ്ടെത്തിയാല്‍ പരിഹാരവും എളുപ്പമാണ്. അമിതവണ്ണത്തിന് ഇടയാക്കുന്ന മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങളറിയാം.
സമയനിഷ്ഠയില്ലാത്ത ഭക്ഷണം
കൃത്യസമയത്ത് ആഹാരം കഴിക്കുന്നവരില്‍ അസുഖങ്ങള്‍ കുറവായിരിക്കും. ആഹാരം നേരത്തേ കഴിക്കുന്നതും ഒരുപാട് വൈകി കഴിക്കുന്നതും നല്ലതല്ല. ദിവസവും ഭക്ഷണത്തിന് കൃത്യസമയം ഇല്ല എന്നത് ഒരു വലിയ പ്രശ്‌നമാണ്. ഇത് ആരോഗ്യത്തിന് നല്ലതല്ല. സമയത്തിന് ഭക്ഷണം കഴിക്കാത്തവരില്‍ മറ്റുള്ളവരേക്കാള്‍ വിശപ്പ് കൂടുതലായിരിക്കുമെന്നാണ് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രിഷന്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത്.
സമയനിഷ്ഠയില്ലാത്ത ഭക്ഷണം കഴിക്കല്‍ മൂലം ശരീരത്തിലെ ജൈവഘടികാരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. ഇതുമൂലം ദഹനം, വിശപ്പ്, ഇന്‍സുലിന്‍ ഉത്പാദനം എന്നിവയാകെ കുഴഞ്ഞുമറിയുന്ന അവസ്ഥയിലെത്തുന്നു. അതിനാല്‍ തന്നെ കൃത്യസമയത്ത് ഭക്ഷണം കഴിക്കുക.
വെള്ളം കുടിക്കുന്നതിലുള്ള കുറവ്
ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീരത്തില്‍ നല്ല തോതില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ഇതുമൂലം വയര്‍ നിറയുന്നതായി തോന്നും. ഇത് വിശപ്പ് കുറയ്ക്കാനും അമിതമായി ഭക്ഷണം ഉള്ളിലെത്തുന്നത് തടയാനും സഹായിക്കും. പ്രഭാത ഭക്ഷണത്തിന് മുന്‍പ് വെള്ളം കുടിക്കുന്നത് കുറച്ച് കലോറി ഊര്‍ജം എരിഞ്ഞുതീരാന്‍ സഹായിക്കുമെന്നാണ് യൂറോപ്യന്‍ ജേണല്‍ ഓഫ് ന്യൂട്രിഷ്യനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. അതിനാല്‍ ദിവസവും കുറഞ്ഞത് എട്ടുഗ്ലാസ് വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കുക.
ദീര്‍ഘനേരം ഇരിക്കുന്നത്
ദീര്‍ഘനേരം ഇരുന്ന് ജോലിചെയ്യുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. പബ്‌മെഡില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത് ദീര്‍ഘസമയം ഇരിക്കുന്നത് ഗുരുതരമായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ്. ഇത് പരിഹരിക്കാന്‍ ഇരുന്നുള്ള ജോലിക്ക് ശേഷം ശാരീരികമായ വ്യായാമങ്ങളില്‍ അല്പസമയം ഏര്‍പ്പെടാന്‍ സമയം കണ്ടെത്തണം. സ്‌കിപ്പിങ്, ജോഗിങ് തുടങ്ങിയവ ദിവസം മുപ്പതു മിനിറ്റെങ്കിലും ചെയ്യണം. അല്ലെങ്കില്‍ അമിതവണ്ണവും രോഗങ്ങളും നിങ്ങളെ വിട്ടുപോകില്ല.