Home ആരോഗ്യം കേരളത്തിലാദ്യമായി അപൂര്‍വ്വ മലേറിയ രോഗാണു; എത്തിയത് സുഡാനില്‍ നിന്ന്

കേരളത്തിലാദ്യമായി അപൂര്‍വ്വ മലേറിയ രോഗാണു; എത്തിയത് സുഡാനില്‍ നിന്ന്

കേരളത്തില്‍ ആദ്യമായി അപൂര്‍വ്വയിനം മലേറിയ രോഗാണുവിനെ കണ്ടെത്തി. ഇന്ത്യയില്‍ തന്നെ വിരളമായി കാണപ്പെടുന്നതാണ് ഈ രോഗാണു. സുഡാനില്‍ നിന്നും വന്ന കണ്ണൂര്‍ സ്വദേശിയുടെ രക്ത പരിശോധനയിലാണ് രോഗാണുവിന്റെ സാനിദ്ധ്യം കണ്ടെത്തിയത്.

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലായിരുന്നു പരിശോധന. ഇവിടെ ജില്ലാ ടിഒടി ആയ ടിവി അനിരുദ്ധനാണ് പ്ലാസ്മോഡിയം ഒവേല്‍ എന്ന വ്യത്യസ്ത മലമ്പനി രോഗാണുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ലോകാരോഗ്യസംഘടനയുടെ മലേറിയ പരിശീലകനും സംസ്ഥാന ടിഒടിയും ആയ എംവി സജീവ് വിശദ പരിശോധനയിലൂടെ ഇത് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്.

ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ യുഎന്‍ ദൗത്യവുമായി ജോലിക്കുപോയ പട്ടാളക്കാരന്‍ പനി ബാധിച്ച് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തുകയായിരുന്നു. മലമ്പനിയുടെ ലക്ഷണങ്ങള്‍ കണ്ട് രക്തപരിശോധന നടത്തിയപ്പോഴാണ് പ്ലാസ്മോഡിയം ഒവേല്‍ കണ്ടെത്തിയത്. ഏകകോശ ജീവിയായ പ്രോട്ടോസോവയാണ് മലമ്പനി രോഗാണു.

പ്ലാസ്മോഡിയം വൈവാക്‌സ്, പ്ലാസ്മോഡിയം ഫാല്‍സിപാരം എന്നിവയാണ് കേരളത്തില്‍ സാധാരണയായി കാണുന്ന മലേറിയ രോഗാണുക്കള്‍. അനോഫലീസ് കൊതുകുവഴി പടരുന്ന മലേറിയയുടെ സാധാരണ രോഗലക്ഷണങ്ങള്‍ തന്നെയാണ് പ്ലാസ്മോഡിയം ഒവേല്‍ ബാധിച്ചാലും ഉണ്ടാവുക. ചികിത്സയും ഒന്നു തന്നെയാണ്. അതേസമയം, ആഫ്രിക്കയെ കടുത്ത ദുരിതത്തിലാക്കിയ ഈ രോഗാണു കേരളത്തില്‍ എത്തുന്നത് ഇതാദ്യമാണ്.