Home വാഹനം സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ വാഹന ഇന്‍ഷുറന്‍സിന് 300 രൂപ പ്രീമിയം കൂടും; മര്യാദക്കാര്‍ക്ക് തുക കുറയും

സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ വാഹന ഇന്‍ഷുറന്‍സിന് 300 രൂപ പ്രീമിയം കൂടും; മര്യാദക്കാര്‍ക്ക് തുക കുറയും

ട്രാഫിക് നിയമലംഘനം സ്ഥിരം പരിപാടിയാക്കിയവര്‍ സൂക്ഷിക്കുക. വാഹനത്തിന് ഇന്‍ഷൂറന്‍സ് പുതുക്കുമ്പോള്‍ പണി കിട്ടും. ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി നിരന്തരം ട്രാഫിക് ലംഘനം നടത്തുന്നവര്‍ക്ക് കൂടുതല്‍ പ്രീമിയം ഏര്‍പ്പെടുത്തണമെന്ന അന്തിമ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. അതോടെ നിങ്ങളുടെ വാഹന ഇന്‍ഷുറന്‍സ് പ്രീമിയം ഉയരും.

തുടക്കം എന്ന നിലയില്‍ ഡെല്‍ഹിയിലും പിന്നീട് വൈകാതെ രാജ്യത്താകെയും നിയമം നടപ്പാക്കാനാണ് റെഗുലേറ്ററി അതോറിറ്റിയുടെ തീരുമാനം. ഐആര്‍ഡിഎഐ വര്‍ക്കിംഗ് ഗ്രൂപ്പ് ഇതിനുള്ള പൂര്‍ണ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയിട്ടുണ്ട്. ഇതിനായി അതത് സംസ്ഥാനങ്ങളിലെ ട്രാഫിക് പൊലീസ് വകുപ്പുകളില്‍ നിന്നും ഇന്‍ഷൂറന്‍സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വിവരങ്ങള്‍ ശേഖരിച്ച് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് നല്‍കും.

പിന്നീട് വാഹനങ്ങളുടെ പോളിസി പുതുക്കുമ്പോള്‍ അവസാനത്തെ രണ്ട് വര്‍ഷം വാഹനം നടത്തിയ ട്രാഫിക്ക് നിയമലംഘനങ്ങളുടെ റിക്കോര്‍ഡ് നോക്കി മാര്‍ക്കിട്ട് അതിനനുസരിച്ചാകും പ്രീമിയത്തില്‍ വര്‍ധന വരുത്തുക.

നിയമം ലംഘിക്കുന്നവര്‍ക്ക് ഉയര്‍ന്ന പ്രീമിയം ചുമത്തുന്നതോടൊപ്പം മര്യാദക്കാര്‍ക്ക് ഇളവും അനുവദിക്കും. മികച്ച ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുന്നതിനും ഒപ്പം ട്രാഫിക് നിയമ ലംഘനങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിനും വേണ്ടിയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. റിപ്പോര്‍ട്ടനുസരിച്ച് ഒരോ നിയമ ലംഘനത്തിനും വ്യത്യസ്തങ്ങളായ പോയിന്റാണ്. ഇത് എല്ലാം കൂട്ടിയാകും പ്രീമിയത്തില്‍ മാറ്റം വരുത്തുക.

ഇങ്ങനെ ഓരോ ലംഘനത്തിനുമുള്ള പോയിന്റുകള്‍ പരിഗണിച്ചാവും പോളിസി പുതുക്കുമ്പോള്‍ പ്രീമിയം തുകയില്‍ മാറ്റം വരിക. 20 പോയിന്റില്‍ താഴെയാണ് ലംഘനത്തിന്റെ തോതെങ്കില്‍ ഒരു വാഹനത്തിനും അധിക പ്രീമിയം ചുമത്തില്ല. 20-40 നും ഇടയിലാണ് എങ്കില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് 100 ഉം മറ്റുള്ളവയ്ക്ക് 300 രൂപയും അധികം നല്‍കണം. ഇങ്ങനെ പോയിന്റ് അനുസരിച്ച്് ഇരുചക്രവാഹനത്തിന് 750 രൂപ വരെ അധികം വരാം. മറ്റുള്ളവയ്ക്കാകട്ടെ ഇത് 1500 രൂപ വരെയാകാം.