ആഹാരം കഴിക്കുന്ന സമയത്തില്‍ കൃത്യനിഷ്ഠ പാലിക്കുന്നത് മികച്ച ആരോഗ്യശീലങ്ങളില്‍ ഒന്നാണ്. എന്നാല്‍ തിരക്കേറിയ ജീവിതത്തിനിടയില്‍ പലപ്പോഴും ഭക്ഷണം സമയത്തിന് കഴിക്കാന്‍ പലര്‍ക്കും സാധിക്കാറില്ല. എന്നാലിത് പിന്നീട് അസിഡിറ്റി പോലുള്ള രോഗങ്ങളിലേക്ക് നിങ്ങളെ തള്ളിയിടും.
വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണം. ചിലരില്‍ നെഞ്ചെരിച്ചില്‍, വയറു വേദന എന്നിവയും കാണാറുണ്ട്. അസിഡിറ്റിയെ തടയാന്‍ കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുകയാണ് വേണ്ടത്. രാവിലെ 11 മണിക്കും ഒന്നിനും ഇടയിലുള്ള സമയത്തു തന്നെ ഉച്ചയൂണ് കഴിക്കണമെന്നാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റായ രുജുത ദിവേക്കര്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് രുജുത ഇക്കാര്യം പറഞ്ഞത്.
ഇനി എന്തെങ്കിലും കാരണത്താല്‍ ഉച്ചയൂണ് കഴിക്കാന്‍ വൈകുന്നുണ്ടെങ്കില്‍ പകരം ആ സമയത്ത് നേന്ത്രപ്പഴം കഴിക്കാനും രുജുത നിര്‍ദ്ദേശിക്കുന്നു. അസിഡിറ്റിയുള്ളവര്‍ക്ക് ധൈര്യമായി കഴിക്കാവുന്നൊരു ഭക്ഷണമാണ് നേന്ത്രപ്പഴം. കാരണം, ഇതില്‍ നിന്നുള്ള ആസിഡ് റിഫ്ളക്സ് വളരെ കുറവാണ്. അതിനാല്‍ നേന്ത്രപ്പഴം അസിഡിറ്റിയെ തടയാന്‍ സഹായിക്കും.
ഭക്ഷണം കഴിക്കാന്‍ വൈകുന്നത് ചിലരില്‍ തലവേദനയ്ക്കും കാരണമാകാം. ഇത്തരത്തിലുള്ള തലവേദനയെ തടയാനും ഉച്ചയൂണിന്റെ സമയത്ത് നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണെന്ന് രുജുത പറയുന്നു. നേന്ത്രപ്പഴം കഴിച്ചുവെന്ന് കരുതി അന്നത്തെ ഉച്ച ഭക്ഷണം ഒഴിവാക്കരുത് എന്നും അവര്‍ ഓര്‍മിപ്പിച്ചു. കുറച്ച് വൈകിയായാലും ഉച്ചയൂണ് കഴിക്കുന്നത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിന് നല്ലതാണ്.







