നമ്മുടെ ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളില്‍ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രാഥമിക ലക്ഷണം. ചികിത്സിച്ചില്ലെങ്കില്‍ അള്‍സറും പിന്നീട് അതിലും ഗുരുതരമായി മാറാന്‍ സാധ്യതയുള്ള പ്രശ്‌നമാണിത്.
അതിനാല്‍ തുടക്കത്തില്‍ തന്നെ വേണ്ട ശ്രദ്ധയും കരുതലും നല്‍കണം. അസിഡിറ്റി അകറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
ധാരാളം പോഷകങ്ങള്‍ അടങ്ങിയ സുഗന്ധദ്രവ്യമാണ് കറുവാപ്പട്ട. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും കുടലിലെ അണുബാധകള്‍ ഭേദമാക്കാന്‍ കറുവപ്പട്ടയിട്ട് ചായ കുടിക്കുന്നത് വളരെ നല്ലതാണ്.
അസിഡിറ്റി മൂലമുണ്ടാകുന്ന വേദനയും ദഹനക്കേടും മാറ്റാന്‍ നല്ലൊരു മരുന്നാണ് പുതിന ഇല. ആമാശയത്തിലെ ആസിഡ് കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും. അസിഡിറ്റി നിയന്ത്രിക്കാന്‍ പുതിനയിലയിട്ട് തിളപ്പിച്ച വെളളം കുടിക്കുന്നത് നല്ലതാണ്.
അസിഡിറ്റി ശമിപ്പിക്കാനും, വയറിന്റെ വീക്കം കുറയ്ക്കാനും, വയറിലെ പേശികളെ ശാന്തമാക്കാനും ഇഞ്ചി സഹായിക്കും. ദഹനക്കേടും അസിഡിറ്റിയും ഉണ്ടാകുമ്പോള്‍, 1 ടീസ്പൂണ്‍ വീതം ഇഞ്ചി നീര്, നാരങ്ങ നീര്, 2 ടീസ്പൂണ്‍ തേന്‍ എന്നിവ ചെറുചൂടുവെളളത്തില്‍ ചേര്‍ത്ത് കുടിക്കുക. ഇത് അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.