Home ആരോഗ്യം കിടക്കയിലിരുന്ന് ലാപ്‌ടോപ്പില്‍ ജോലി ചെയ്യുന്നവരാണോ? നിങ്ങളെക്കാത്തിരിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍

കിടക്കയിലിരുന്ന് ലാപ്‌ടോപ്പില്‍ ജോലി ചെയ്യുന്നവരാണോ? നിങ്ങളെക്കാത്തിരിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍

കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡണില്‍ മിക്ക മേഖലകളിലും ഓഫീസില്‍ പോയി ജോലി ചെയ്യുന്ന സാഹചര്യം മാറി ‘വര്‍ക്ക് ഫ്രം ഹോം’ എന്ന രീതിയാണ് പല തൊഴിസ്ഥാപനങ്ങളും സ്വീകരിക്കുന്നത്. വീട്ടിലിരുന്ന് കൊണ്ട് തന്നെ ജോലി ചെയ്യുന്ന രീതിയാണ് ‘വര്‍ക്ക് ഫ്രം ഹോം’. ഈ രീതികൊണ്ട് ഗുണങ്ങള്‍ക്കൊപ്പം ദോഷവും നേരിടേണ്ടി വരുന്നുണ്ട്.

ഇതില്‍ പ്രധാനപ്രശ്‌നമാണ് ജോലി ചെയ്യാനുള്ള കൃത്യമായ പരിസ്ഥിതി ഇല്ലാതിരിക്കുക എന്നത്. കംപ്യൂട്ടര്‍ വെക്കാന്‍ നല്ല ടേബിളില്ല, ഇരിക്കാന്‍ നല്ല കസേരയില്ല, എല്ലാം ഉള്ളത് കൊണ്ട് ‘അഡ്ജസ്റ്റ്’ ചെയ്യേണ്ടി വരുന്ന അവസ്ഥയാണ് മിക്കവര്‍ക്കും. ഇത്തരം അഡ്ജസ്റ്റ്മെന്റു’കള്‍ പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും നമ്മെ നയിക്കും.

ചിലര്‍ കിടക്കയിലോ കൗച്ചിലോ തന്നെ ഇരുന്ന് ലാപ്ടോപ്പില്‍ ‘വര്‍ക്ക്’ ചെയ്യുന്നത് കാണാറുണ്ട്. ഇങ്ങനെ പതിവായി ചെയ്യുന്നവരില്‍ കാണുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചെറുതല്ല. കിടക്കയില്‍ ഇരുന്നോ ഉറങ്ങാനുപയോഗിക്കുന്ന കൗച്ചിലിരുന്നോ ഒക്കെ പതിവായി ജോലി ചെയ്യുന്നവരില്‍ ഉറക്കപ്രശ്നങ്ങളും ഉണ്ടാകാം. നമ്മള്‍ ചെയ്യുന്ന എല്ലാ പ്രവൃത്തികളിലും മനസും ശരീരവും പങ്കെടുക്കുന്നുണ്ട്. അങ്ങനെ മനസ് ചില കാര്യങ്ങളെ കൃത്യമായി ചിട്ടപ്പെടുത്തി വച്ചിട്ടുണ്ടാകും.

ഉറങ്ങാന്‍ കിടക്കുന്ന സ്ഥലത്ത് തന്നെയിരുന്ന് ജോലി ചെയ്താല്‍ ഉറക്കവും ജോലിയും തമ്മില്‍ മാറ്റിയെടുക്കാന്‍ കഴിയാതെ മനസ് ആശയക്കുഴപ്പത്തിലാകുന്ന സാഹചര്യമുണ്ടാകാം. ഇത് നമ്മള്‍ തിരിച്ചറിയണമെന്നില്ല. ഉറക്കമില്ലായ്മയുടെയോ ഉറക്കപ്രശ്നങ്ങളുടെയോ രൂപത്തില്‍ ഇത് അവതരിക്കുമെന്ന് മാത്രം.

മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഇരിക്കുന്നതിന്റെ രീതി (Posture) കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് നട്ടെല്ലിനെയും വാരിയെല്ലിനെയും കഴുത്തിനെയും തോളിനെയുമെല്ലാം മോശമായി ബാധിക്കും. കിടക്കയിലോ കൗച്ചിലോ ഇരുന്ന് പതിവായി ജോലി ചെയ്യുന്നവരില്‍ തീര്‍ച്ചയായും കഴുത്ത് വേദന- തോള്‍ വേദന- പുറം വേദന എന്നിവ വരാം.

ഇത്തരം ശീലങ്ങള്‍ ശാരീരികമായി മാത്രമല്ല മാനസികമായും ബാധിച്ചെന്ന് വരും. ഉറങ്ങാന്‍ കിടക്കുന്ന മുറി അതിന് അുനസരിച്ച രീതിയിലാണ് നമ്മള്‍ ക്രമീകരിക്കുന്നത്. എന്നാലിതിന് വിപരീതമായ ചുറ്റുപാടാണ് ജോലി ചെയ്യുന്ന ഇടത്തിനാവശ്യം. അതുകൊണ്ട് ഉറങ്ങുന്ന സ്ഥലത്ത് തന്നെയിരുന്ന് ജോലി ചെയ്യുമ്പോള്‍ അത് നമ്മുടെ ‘മൂഡ്’, ഊര്‍ജ്ജസ്വലത എന്നിവയെല്ലാം നഷ്ടപ്പെടുത്താനും ക്രമേണ മാനസികപ്രശ്നങ്ങളിലേക്ക് നയിക്കാനുമെല്ലാം കാരണമാകും.

അതുകൊണ്ട് വീട്ടിലാണെങ്കിലും ജോലിക്ക് അതിന്റെതായ ക്രമം ആവശ്യമാണ്. രാവിലെ എഴുന്നേറ്റ് കുളിച്ച ശേഷം ജോലി ചെയ്യാന്‍ വേണ്ടി പ്രത്യേകം ക്രമീകരിച്ച ഇടത്തിലിരുന്ന് ജോലി ചെയ്യുക. ഇടവേളകളെടുക്കുമ്പോള്‍ മാത്രം അവിടെ നിന്ന് മാറി മറ്റെന്തിലെങ്കിലും ശ്രദ്ധ നല്‍കാം.

ബെഡിലിരുന്ന് ജോലി ചെയ്യുന്നത് അങ്ങേയറ്റം അനാരോഗ്യകരമാണ്. ഇത് നടുവേദനയോ കഴുത്ത് വേദനയോ മാത്രമല്ല, മറ്റ് പല അസുഖങ്ങളിലേക്കും പ്രത്യക്ഷമായും പരോക്ഷമായും നമ്മെ നയിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഹൃദ്രോഗം, ക്യാന്‍സര്‍, വൃക്കരോഗം തുടങ്ങി ഗൗരവമേറിയ പല അസുഖങ്ങളിലേക്കും നമ്മെ എത്തിക്കാനുള്ള പശ്ചാത്തലമൊരുക്കാന്‍ ഈ അനാരോഗ്യകരമായ ശീലത്തിനാകും.