Home ആരോഗ്യം ഇങ്ങനെയാണ് ശരീരത്തിനുള്ളില്‍ അണുബാധകള്‍ ഉണ്ടാകുന്നത്; പുതിയ പഠനം

ഇങ്ങനെയാണ് ശരീരത്തിനുള്ളില്‍ അണുബാധകള്‍ ഉണ്ടാകുന്നത്; പുതിയ പഠനം

ലദോഷം, പനി, ചുമ തുടങ്ങി പല ആരോഗ്യപ്രശ്‌നങ്ങളും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ഇത്തരം അണുബാധകളെല്ലാം തന്നെ ബാക്ടീരിയ- വൈറസ്- ഫംഗസ് എന്നിങ്ങനെയുള്ള സൂക്ഷ്മ രോഗാണുക്കളാണ് ഉണ്ടാക്കുന്നത്. ഇത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്. എന്നാല്‍ എങ്ങനെയാണ് ഇവ മനുഷ്യ ശരീരത്തില്‍ അണുബാധ സൃഷ്ടിക്കുന്നതെന്ന് എത്രപേര്‍ക്കറിയാം. അല്ലെങ്കില്‍ എങ്ങനെയാണ് ഒരാളില്‍ നിന്ന് വ്യത്യസ്തമായി ഒരേ അണുബാധ തന്നെ ഗൗരവമുള്ളതും അല്ലാത്തുമായി മാറുന്നത്?

ഇതുമായി ബന്ധപ്പെട്ടുള്ള ഒരു പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. സിംഗപ്പൂരിലെ ‘നന്‍യാംഗ് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി’യില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് പഠനത്തിന് പിന്നില്‍. പഴകിയ ശ്വാസകോശരോഗമുള്ള 400 പേരില്‍ നിന്നായി ശേഖരിച്ച സാമ്പിളുകളിലൂടെയാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഈ പഠനത്തിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന രോഗാണുക്കള്‍ ഒരു ‘നെറ്റ്വര്‍ക്ക്’ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇവ തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനപ്പെടുത്തിയാണ് അണുബാധയുടെ തീവ്രത മാറുന്നതെന്നും കണ്ടെത്തി.

ചില സന്ദര്‍ഭങ്ങളില്‍ രോഗാണുക്കള്‍ പരസ്പരം സഹകരിച്ച് മുന്നോട്ടുപോകും. ഈ ഘട്ടത്തില്‍ കാര്യമായ പ്രശ്നങ്ങള്‍ കൂടാതെ തന്നെ രോഗിക്ക് ചികിത്സയെ നേരിടാം. എന്നാല്‍ മറ്റ് ചില സന്ദര്‍ഭങ്ങളില്‍ രോഗാണുക്കള്‍ സഹകരിക്കുന്നതിന് പകരം തമ്മില്‍ തമ്മില്‍ മത്സരം നടത്തും. ഈ ഘട്ടത്തില്‍ അണുബാധയുടെ ഗൗരവവും വര്‍ധിക്കുന്നു.

‘നേച്ചര്‍ മെഡിസിന്‍’ എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. വിവിധ തരത്തിലുള്ള അണുബാധകളെ പെട്ടെന്ന് കണ്ടെത്താനും അവയ്ക്കുള്ള ചികിത്സ ഫലപ്രദമായി നടത്താനുമെല്ലാം തങ്ങളുടെ കണ്ടെത്തല്‍ സഹായകമാകുമെന്നാണ് പഠനംസംഘം അവകാശപ്പെടുന്നത്.