Home കായികം ഐപിഎല്‍ വേദിയാകാന്‍ യുഎഇ; അന്തിമ തീരുമാനം ശനിയാഴ്ച അറിയാം

ഐപിഎല്‍ വേദിയാകാന്‍ യുഎഇ; അന്തിമ തീരുമാനം ശനിയാഴ്ച അറിയാം

പിഎല്‍ പതിനാലാം സീസണിലെ ബാക്കി മത്സരങ്ങള്‍ക്ക് യുഎഇ വേദിയായേക്കും. ശനിയാഴ്ച ചേരുന്ന ബിസിസിഐയുടെ പ്രത്യേക യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച തീരുമാനമുണ്ടാവുക. സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ യുഎഇയില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മാറ്റം വരുത്താതെ തന്നെ ഇത് സാധിക്കും. ശനി, ഞായര്‍ എന്നിവയ്ക്ക് പുറമേ മറ്റ് ദിവസങ്ങളിലും രണ്ട് വീതം മത്സരങ്ങള്‍ നടത്തേണ്ടി വരും. ഇതുവരെ അന്തിമ തീരുമാനം ഒന്നും എടുത്തിട്ടില്ലെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തിട്ടുട്ട്.

ഫ്രാഞ്ചൈസികള്‍ക്കും ഇത് സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. 29ാം തിയതിക്ക് ശേഷം അറിയാം എന്നാണ് ഫ്രാഞ്ചൈസികളോടും പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ ഇന്ത്യന്‍ പര്യടനത്തിനും ടി20 ലോകകപ്പിനും ഇടയിലായി 30 ദിവസത്തെ വിന്‍ഡോയാണ് ബിസിസിഐ ലക്ഷ്യം വെക്കുന്നത്.

31 മത്സരങ്ങളാണ് ഇനി ഐപിഎല്ലില്‍ കളിക്കാനുള്ളത്. ടി20 ലോകകപ്പ് വേദിയും ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് മാറ്റിയേക്കുമെന്ന് സൂചനയുണ്ട്. രാജ്യത്തെ ഡൊമസ്റ്റിക് സീസണ്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്ന കാര്യവും മെയ് 29ന് ചര്‍ച്ച ചെയ്യും. ഇതിനായി വിര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുകളോട് ബിസിസിഐ സെക്രട്ടറി ജയ് ഷാ നിര്‍ദേശിച്ചിട്ടുണ്ട്.

2020-21ലെ ഇന്ത്യയുടെ ഡൊമസ്റ്റിക് സീസണില്‍ സയിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റുകളാണ് നടത്തിയത്. രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിച്ചിരുന്നു. രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യം രൂക്ഷമായിരിക്കെ ഡൊമസ്റ്റിക് സീസണ്‍ ആരംഭിക്കാന്‍ വൈകും.