Home വാണിജ്യം രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ വന്‍ കുതിപ്പ്; 2025ല്‍ 90 കോടിയില്‍ എത്തുമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ വന്‍ കുതിപ്പ്; 2025ല്‍ 90 കോടിയില്‍ എത്തുമെന്ന് മുന്നറിയിപ്പ്

2025 ആകുമ്പോഴേക്കും ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 90 കോടിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഗ്രാമീണ മേഖലയിലെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടുണ്ടെന്നാണ് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ (ഐഎഎംഎഐ) റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഇന്റര്‍നെററ് ഉപയോഗിക്കുന്നവരുടെ എണ്ണം 62.2 കോടി ആയിരുന്നു. ഇതില്‍ 45 ശതമാനം വര്‍ധനയാണ് 2025ല്‍ പ്രതീക്ഷിക്കുന്നത്. നഗരപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ നാലു ശതമാനം വര്‍ധനയാണ് ഉണ്ടായത്. 32.3 കോടിയാണ് 2020ല്‍ നഗര മേഖലകളിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ രാജ്യത്തെ നഗര മേഖലകളില്‍ താമസിക്കുന്നവരുടെ 67 ശതമാനമാണ് ഇത്.

എന്നാല്‍ ഗ്രാമീണ മേഖലയില്‍ വര്‍ധന 13 ശതമാനമാണ്. 29.9 കോടി പേര്‍ ഗ്രാമ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. ഗ്രാമീണ ജനസംഖ്യയുടെ 31 ശതമാനമാണ് ഇതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നഗര, ഗ്രാമ വ്യത്യാസമില്ലാതെ കൂടുതല്‍ പേര്‍ മൊബൈല്‍ ഫോണ്‍ വഴിയാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. ഗ്രാമ മേഖലയില്‍ ഉള്ളവരുടെ ഇരട്ടി ഉപയോക്താക്കള്‍ നഗര പ്രദേശങ്ങളില്‍ ഉണ്ടെങ്കിലും വളര്‍ച്ച വേഗത്തില്‍ നടക്കുന്നത് ഗ്രാമ പ്രദേശങ്ങളിലാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

2015ഓടെ നഗര മേഖലകളില്‍ ഉള്ളവരേക്കാള്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഗ്രാമ പ്രദേശങ്ങളില്‍ ഉണ്ടാവും. അതിന് അനുസരിച്ച് ഇന്റര്‍നെറ്റിന്റെ ഉള്ളടക്കത്തിലും വ്യത്യാസം വരും. ഇന്ത്യന്‍ ഭാഷകളിലെ ഉള്ളടക്കത്തിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്ന് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന പത്തില്‍ ഒന്‍പതു പേരും ദിവസവും നെറ്റിലെത്തുന്നുണ്ട്. 107 മിനിറ്റ് ശരാശരി ഇവര്‍ സൈബര്‍ ലോകത്തു ചെലവഴിക്കുന്നു. ഗ്രാമ പ്രദേശങ്ങളിലെ ഉള്ളവരെ അപേക്ഷിച്ച് നഗരവാസികള്‍ പതിനേഴു ശതമാനം അധിക സമയം ഇന്റര്‍നെറ്റില്‍ ചെലവഴിക്കുന്നുണ്ട്. രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 33 ശതമാനവും 9 മെട്രോകളില്‍നിന്നാണെന്നും റിപ്പോര്‍ട്ട് പറയുന്നു.