പ്രമുഖ മരുന്ന് കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഡ് വാക്സിന്‍ സ്പുട്നിക് 5 തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളറുടെ അനുമതി തേടി. നിലവില്‍ പ്രമുഖ കമ്പനിയായ ഡോ. റെഡ്ഡീസ് ലാബാണ് റഷ്യന്‍ നിര്‍മ്മിത കോവിഡ് വാക്സിനായ സ്പുട്നിക് തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്നത്.
കോവിഷീല്‍ഡ് വാക്സിന്‍ ഉല്‍പ്പാദിപ്പിച്ച് രാജ്യത്ത് വിതരണം ചെയ്യുന്നത് പുനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ഇതിന് പുറമേയാണ് സ്പുട്നിക് വാക്സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡ്രഗ്സ് കണ്‍ട്രോളറെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജൂണില്‍ 10 കോടി കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്യുമെന്നാണ് സിറം പറഞ്ഞിരിക്കുന്നത്. ഇതിന് പുറമേ അമേരിക്കയില്‍ വിതരണത്തിന് ഉദ്ദേശിക്കുന്ന നോവാവാക്സ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് കമ്പനി യുഎസില്‍ അനുമതി തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.