Home ആരോഗ്യം വാക്‌സിന്‍ എടുക്കും മുന്‍പ് പാരസെറ്റമോള്‍ കഴിക്കണോ?; അറിയാം

വാക്‌സിന്‍ എടുക്കും മുന്‍പ് പാരസെറ്റമോള്‍ കഴിക്കണോ?; അറിയാം

കോവിഡ് വാക്സീന്‍ എടുക്കും മുന്‍പോ ശേഷമോ വേദനസംഹാരി കഴിക്കേണ്ട ആവശ്യമുണ്ടോ, വാക്സിന്‍ എടുത്ത ശേഷം വേദനയോ പനിയോ ഉണ്ടായാല്‍ പാരസെറ്റമോള്‍ കഴിക്കാമോ തുടങ്ങിയ പല സംശയങ്ങളും വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന.

വാക്സിന്‍ എടുക്കും മുന്‍പ് പാരസെറ്റമോളോ മറ്റു വേദന സംഹാരിയോ കഴിക്കുന്നത് വാക്സീന്റെ ഫലപ്രാപ്തി കുറച്ചേക്കാമെന്നാണ് ഡബ്ല്യൂഎച്ച്ഒ പറയുന്നത്. വാക്സീന്‍ എടുത്ത ശേഷം ഉണ്ടാകാറുള്ള പാര്‍ശ്വഫലങ്ങള്‍ ലഘൂകരിക്കാനായി പാരസെറ്റാമോള്‍ പോലുള്ള വേദനസംഹാരികള്‍ ഉപയോഗിക്കാമെന്നും ഡബ്ല്യൂഎച്ച്ഒ വക്താവ് അറിയിച്ചു.

വാക്സീന്റെ ശരീരത്തിനുള്ളിലെ പ്രവര്‍ത്തനത്തെ വേദനസംഹാരികള്‍ എപ്രകാരമാണ് ബാധിക്കുന്നത് എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. വേദനസംഹാരി വാക്സീനു മുന്‍പ് കഴിക്കുന്നത് ആന്റിബോഡി പ്രതികരണത്തെ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ഡബ്ല്യൂഎച്ച്ഒ പറയുന്നു. വാക്സീന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള പാര്‍ശ്വഫലങ്ങളില്‍ വ്യത്യാസമുണ്ടാകാം. പലപ്പോഴും രണ്ടാമത് ഡോസ് വാക്സീന് ശേഷമുള്ള പാര്‍ശ്വഫലങ്ങളാകും കൂടുതല്‍ പ്രയാസകരം.

വാക്സീന്‍ എടുത്ത കൈയില്‍ വേദന, തലവേദന, ക്ഷീണം, ശരീരവേദന, പനി തുടങ്ങിയ പാര്‍ശ്വഫലങ്ങളാണ് സാധാരണ കണ്ടുവരുന്നത്. രണ്ടു ദിവസത്തിനപ്പുറം ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കില്ലെന്നും ഡബ്ല്യൂഎച്ച്ഒ അറിയിച്ചു.